വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയക്ക് ഞെട്ടിക്കുന്ന തോൽവി. കളിയുടെ ഒരു ഘട്ടത്തിൽ ഭേദപ്പെട്ട നിലയിൽ ആയിരുന്ന ഓസീസ് ടീം പിന്നീട് 19 റൺസിനിടെ ആറ് വിക്കറ്റ് നഷ്ടമാക്കിയതാണ് അവരുടെ തോൽവിക്ക് കാരണമായത്. വിൻഡീസ് ഉയർത്തിയ 146 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസ് ടീം വെറും 16 ഓവറിൽ 127 റൺസിന് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തി ഓസീസ് ബാറ്റിംഗ് നിരയെ തകർച്ചയിലേക്ക് തള്ളിവിട്ട വിൻഡീസ് പേസർ ഒബിഡ് മക്കോയിയാണു മാൻ ഓഫ് ദ മാച്ച്. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ വിൻഡീസ് 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെ കളി നാളെ നടക്കും.
വിൻഡീസ് ഉയർത്തിയ 146 എന്ന വിജയലക്ഷ്യത്തിലേക്ക് വളരെ ആത്മവിശ്വാസത്തോടെയാണ് അവർ ബാറ്റ് വീശിയത്. തുടക്കം ചെറുതായൊന്ന് പാളിയെങ്കിലും പിന്നീട് അവർ ശക്തമായി തിരിച്ചുവന്നു. 10 ഓവർ ആയപ്പോഴേക്കും അവരുടെ സ്കോർ 100 പിന്നിട്ടിരുന്നു. 10 ഓവറിൽ 108ന് നാല് എന്ന നിലയിൽ 60 പന്തിൽ 37 റൺസ് മാത്രമേ വേണ്ടിയിരുന്നുള്ളൂ. ഓസ്ട്രേലിയ മത്സരം ജയിച്ചു എല്ലാവരും ഉറപ്പിച്ച ഘട്ടത്തിലാണ് വിൻഡീസ് ബൗളർമാർ ശക്തമായ തിരിച്ചുവരവ് നടത്തി മത്സരം സ്വന്തമാക്കിയത്.
ആ ഓവറിലെ മൂന്നാം പന്തിൽ ബെൻ മക്ഡെർമോട്ടിനെ ബോൾഡാക്കി സ്പിന്നർ വാൽഷ് ജൂനിയർ നൽകിയ ബ്രേക്ക് വിൻഡീസ് മുതലെടുക്കുകയായിരുന്നു. തൊട്ടു പിന്നാലെ തന്റെ അടുത്ത ഓവറുകളിൽ ഓസീസിന്റെ ടോപ് സ്കോററായ മിച്ചൽ മാർഷിനേയും ഡാൻ ക്രിസ്റ്റ്യനേയും വാൽഷ് പുറത്താക്കി. ബാക്കിയുള്ള മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മക്കോയ് വിൻഡീസ് ടീമിന് ജയവും സമ്മാനിച്ചു.
നേരത്തെ ഓസ്ട്രേലിയയുടെ മാരക ബൗളിംഗിന് മുന്നിൽ പരുങ്ങിയ വിൻഡീസിനെ രക്ഷിച്ചത് ആന്ദ്രേ റസലിന്റെ തകർപ്പൻ ഇന്നിംഗ്സ് ആയിരുന്നു. മൂന്ന് ഫോറുകളും അഞ്ച് സിക്സുകളും അടക്കം 28 പന്തുകൾ നേരിട്ട് 51 റൺസ് നേടിയ താരത്തിന്റെ ഇന്നിങ്സിന്റെ ബലത്തിലാണ് വിൻഡീസ് ഭേദപ്പെട്ട സ്കോറിലെത്തയത്. അഞ്ച് റൺസ് എടുത്ത് നിൽക്കെ റസ്സൽ നൽകിയ ക്യാച്ച് മോയ്സസ് ഹെൻറിക്സ് വിട്ടുകളഞ്ഞതും അവർക്ക് തിരിച്ചടിയായി. പിന്നീട് ഉഗ്രരൂപം പൂണ്ട റസ്സൽ തകർത്തടിക്കുകയായിരുന്നു. ഒടുവിൽ അവസാന ഓവറിൽ ഹെയ്സൽവുഡാണ് റസ്സലിനെ പുറത്താക്കിയത്. വിൻഡീസ് നിരയിൽ ലെൻഡൽ സിമ്മൺസ് (28 പന്തിൽ 27), ഷിമ്രോൺ ഹെറ്റ്മയർ (25 പന്തിൽ 20), നിക്കോളാസ് പുറാൻ (16 പന്തിൽ 17) എന്നിവർക്ക് മികച്ച തുടക്കം കിട്ടിയെങ്കിലും മുതലെടുക്കാൻ കഴിഞ്ഞില്ല. ക്രിസ് ഗെയ്ൽ 10 പന്തിൽ നാല് റൺസെടുത്ത് പുറത്തായി. ഓസ്ട്രേലിയക്ക് വേണ്ടി ഹെയ്സൽവുഡ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ഓസ്ട്രേലിയക്കായി മാർഷിന് പുറമെ മാത്യു വെയ്ഡ് 14 പന്തിൽ 33 റൺസ് നേടി ഭേദപെട്ട പ്രകടനം കാഴ്ചവെച്ചു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.