HOME » NEWS » Sports » AUSSIE FAST BOWLER PAT CUMMINS COMES UP WITH HIS WORLD TEST ELEVEN FOUR INDIAN PLAYERS IN THE TEAM INT NAV

ലോക ടെസ്റ്റ് ഇലവനുമായി പാറ്റ് കമ്മിൻസ്; നാല് പേർ ഇന്ത്യക്കാർ ടീമിൽ ഇടംനേടി

വിവിധ ടീമുകളിലെ മികച്ച ഫോമിലുള്ള താരങ്ങളെല്ലാം തന്നെ അദ്ദേഹത്തിന്റെ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ക്കാണ് ടീമിൽ കൂടുതൽ പ്രാതിനിധ്യമുളളത്.

News18 Malayalam | news18-malayalam
Updated: May 30, 2021, 4:53 PM IST
ലോക ടെസ്റ്റ് ഇലവനുമായി പാറ്റ് കമ്മിൻസ്; നാല് പേർ ഇന്ത്യക്കാർ ടീമിൽ ഇടംനേടി
pat cummins
  • Share this:
ജൂൺ 18ന് തുടങ്ങാൻ പോകുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഫൈനൽ മത്സരം നടക്കുക. ഫൈനൽ മത്സരത്തിലെ വിജയി ആരാകും എന്നുള്ള ആകാംക്ഷയിലാണ് എല്ലാവരും. ഓസ്ട്രേലിയയുടെ പേസ് ബൗളറായ കമ്മിൻസും ഇതേ കാത്തിരിപ്പിലാണ്. ആരാകും വിജയി എന്നുള്ള ചോദ്യത്തിന് താരം ന്യൂസിലൻഡിനാകും ഫൈനലിൽ മുൻതൂക്കം എന്നാണ് അഭിപ്രായപ്പെട്ടത്. ഇംഗ്ലണ്ടിലേയും ന്യൂസീലൻഡിലേയും സാഹചര്യങ്ങൾ സമാനമാകയാലാണ് അവർക്ക് മുൻതൂക്കം ലഭിക്കുന്നതെന്ന് കമ്മിൻസ് അഭിപ്രായപ്പെട്ടു. എല്ലാവരും ടെസ്റ്റ് മത്സരച്ചൂടിൽ ആയതിനാൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾ അടങ്ങുന്ന ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് കമ്മിൻസ്. നിലവില്‍ രാജ്യാന്തര മല്‍സരരംഗത്തുള്ള ഏറ്റവും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് താരം ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. വിവിധ ടീമുകളിലെ മികച്ച ഫോമിലുള്ള താരങ്ങളെല്ലാം തന്നെ അദ്ദേഹത്തിന്റെ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ക്കാണ് ടീമിൽ കൂടുതൽ പ്രാതിനിധ്യമുളളത്. ഇരു ടീമുകളില്‍ നിന്നും നാലു വീതം കളിക്കാരാണ് കമ്മിൻസിൻ്റെ ടീമിൽ ഉൾപ്പെട്ടിട്ടുള്ളത്. ശേഷിച്ച മൂന്നു താരങ്ങള്‍ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുമാണ്.

ഇന്ത്യയുടെ രോഹിത് ശർമക്ക് കൂട്ടായി ഓപ്പണിംഗിൽ ഓസ്‌ട്രേലിയയുടെ ഡേവിഡ് വാർണറെയാണ് കമ്മിൻസ് തിരഞ്ഞെടുത്തത്. രണ്ടു പേരും ഒരുപോലെ ആക്രമിച്ചു കളിക്കുന്ന ബാറ്റ്‌സ്മാന്‍മാരാണെന്നും അതുകൊണ്ട് തന്നെ മികച്ച ഒരു തുടക്കം സമ്മാനിക്കാൻ ഇരുവർക്കും കഴിയുമെന്നും ഇത് പിന്നാലെ വരുന്ന കളിക്കാർക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാൻ സഹായിക്കുമെന്നും കമ്മിന്‍സ് ചൂണ്ടിക്കാട്ടി. മധ്യനിരയില്‍ നിന്നും ടെസ്റ്റില്‍ ഓപ്പണിങിലേക്കു മാറിയ ശേഷം മികച്ച പ്രകടനമാണ് രോഹിത് നടത്തിക്കൊണ്ടിരിക്കുന്നത്.

Also Read- WTC Final 2021 | കോവിഡ് 19 പ്രോട്ടോക്കോൾ പുറത്തിറക്കി ഐസിസി; ജൂൺ 3ന് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തും

മധ്യനിരയിൽ മൂന്നു മുതല്‍ അഞ്ചു വരെയുള്ള സ്ഥാനങ്ങളില്‍ ക്രിക്കറ്റിലെ ഫാബ് ഫോറിൽ ഉൾപ്പെടുന്ന വില്ല്യംസണ്‍, കോഹ്ലി, സ്മിത്ത് എന്നിവരെയാണ് കമ്മിന്‍സ് തിരഞ്ഞെടുത്തത്. ഇതിൽ നാലാമനായ ഇംഗ്ലണ്ട് നായകനായ ജോ റൂട്ടിനെ താരം ഉൾപ്പെടുത്തിയില്ല. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ നാലാമതെത്തുക ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കു അഞ്ചാംസ്ഥാനമാണ് നല്‍കിയത്. ഈ മൂന്ന് താരങ്ങളെ തിരഞ്ഞെടുക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല എന്നും കഴിഞ്ഞ നാലഞ്ച് വര്‍ഷമായി ടെസ്റ്റില്‍ ഇവർ പുലര്‍ത്തുന്ന സ്ഥിരതയാണ് ഇവരെ തിരഞ്ഞെടുക്കാന്‍ കാരണമെന്നു കമ്മിന്‍സ് പറയുന്നു.

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ആറാം നമ്പറില്‍ എത്തുന്നത്. ടീമിന് വേണ്ടി ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരു പോലെ സംഭാവന നൽകാൻ കഴിയുന്ന താരം എന്ന നിലയിലാണ് സ്റ്റോക്സിനെ ടീമിൽ എടുത്തത്. ഏഴാം നമ്പറില്‍ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്താണ്. ലോക ഇലവനു വേണ്ടി വിക്കറ്റ് കാക്കുന്നതും റിഷഭ് തന്നെയാണ്. തൻ്റെ കഴിവ് കൊണ്ട് മല്‍സരങ്ങൾ മാറ്റി മറിക്കാന്‍ ശേഷിയുള്ള താരമാണ് പന്തെന്നും ഈ കഴിവാണ് താരത്തെ കൂടുതല്‍ അപകടകാരിയാക്കി മാറ്റുന്നതെന്നും കമ്മിന്‍സ് അഭിപ്രായപ്പെട്ടു.

മൂന്നു പേസര്‍മാരും ഒരു സ്പിന്നറും ഉള്ളപ്പെടുന്നതാണ് കമ്മിൻസിൻ്റെ ബൗളിംഗ് നിര. പേസർമാരിലൊരാൾ കമ്മിന്‍സ് തന്നെയാണ്. മറ്റു രണ്ടു പേസർമാർ ഇന്ത്യയുടെ ജസ്പ്രീത് ബുംറയും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയുമാണ്. ടീമിലെ ഏക സ്പിന്നര്‍ ഓസ്ട്രേലിയൻ ടീമിൽ കമ്മിൻസിൻ്റെ സഹതാരമായ നതാൻ ലിയോണാണ്.

ലോക ടെസ്റ്റ് ഇലവൻ

രോഹിത് ശര്‍മ (ഇന്ത്യ), ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), കെയ്ന്‍ വില്ല്യംസണ്‍ (ന്യൂസിലാന്‍ഡ്), സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ), വിരാട് കോഹ്ലി (ഇന്ത്യ), ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്), ഋഷഭ് പന്ത് (വിക്കറ്റ് കീപപ്പര്‍, ഇന്ത്യ), പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ), കാഗിസോ റബാഡ (ദക്ഷിണാഫ്രിക്ക), ജസ്പ്രീത് ബുംറ (ഇന്ത്യ), നേതൻ ലയണ്‍ (ഓസ്‌ട്രേലിയ).

Summary- Aussie fast bowler Pat Cummins comes up with his World Test eleven; Four Indian players in the team
Published by: Anuraj GR
First published: May 30, 2021, 4:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories