• HOME
  • »
  • NEWS
  • »
  • sports
  • »
  • അഫ്ഗാനിസ്ഥാനെ നാല് റൺസിന് തോൽപിച്ചിട്ടും ഓസ്ട്രേലിയയുടെ സെമി സാധ്യത തുലാസിൽ

അഫ്ഗാനിസ്ഥാനെ നാല് റൺസിന് തോൽപിച്ചിട്ടും ഓസ്ട്രേലിയയുടെ സെമി സാധ്യത തുലാസിൽ

അവസാന ഓവറിൽ ജയിക്കാൻ 22 റൺസ് വേണ്ടിയിരുന്ന അഫ്ഗാൻ ബാറ്റർമാർക്ക് 17 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഒരു ഘട്ടത്തിൽ അഫ്ഗാനിസ്ഥാൻ അനായാസ ജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും ഓസീസ് ബൗളർമാരുടെ ആക്രമണത്തിൽ അവിശ്വസനീയമായി തകരുകയായിരുന്നു

  • Share this:
    അഡ്ലെയ്ഡ്: ട്വന്റി ​20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ തോൽപിച്ചിട്ടും ആതിഥേയരായ ഓസ്ട്രേലിയയുടെ സെമി സാധ്യത തുലാസിൽ. നാളെ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് ശ്രീലങ്കയെ തോൽപിച്ചാൽ ഓസ്ട്രേലിയക്ക് ​പുറത്തേക്കുള്ള വഴി തുറക്കും. ഇംഗ്ലണ്ട് തോറ്റാൽ മാത്രമേ ആതിഥേയർക്ക് സെമി സാധ്യതയുള്ളൂ.

    അവസാനം വരെ ആവേശം നിറഞ്ഞുനിന്ന ഇന്നത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ നാല് റൺസിനാണ് ഓസീസ് കീഴടക്കിയത്. 169 റൺസ് വിജയലക്ഷ്യമിട്ടിറങ്ങിയ അഫ്ഗാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 164 റ​ൺസെടുത്തു. അവസാന ഓവറിൽ ജയിക്കാൻ 22 റൺസ് വേണ്ടിയിരുന്ന അഫ്ഗാൻ ബാറ്റർമാർക്ക് 17 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഒരു ഘട്ടത്തിൽ അഫ്ഗാനിസ്ഥാൻ അനായാസ ജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും ഓസീസ് ബൗളർമാരുടെ ആക്രമണത്തിൽ അവിശ്വസനീയമായി തകരുകയായിരുന്നു.

    13 ഓവറിൽ രണ്ടിന് 98 എന്ന നിലയിൽനിന്ന് 14.3 ഓവറിൽ ആറിന് 103 എന്ന നിലയിലേക്ക് അഫ്ഗാൻ വീണു. തുടർന്ന് റാഷിദ് ഖാൻ നടത്തിയ പോരാട്ടമാണ് പ്രതീക്ഷ നൽകിയത്. റാഷിദ് 23 പന്തിൽ നാല് സിക്സും മൂന്ന് ഫോറും സഹിതം പുറത്താവാതെ 48 റൺസ് നേടി. അഫ്ഗാന് വേണ്ടി ഗുൽബദൻ നായിബ് 23 പന്തിൽ 39ഉം ഓപ്പണർ റഹ്മത്തുള്ള ഗുർബാസ് 17 പന്തിൽ 30ഉം റൺസെടുത്തു. ഇബ്രാഹിം സദ്രാൻ 26 റൺസ് നേടി. ഓസ്ട്രേലിയക്കായി ജോഷ് ഹേസൽവുഡ്, ആദം സാംബ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ കെയ്ൻ റിച്ചാർഡ്സൻ ഒരു വിക്കറ്റെടുത്തു.

    Also Read- ലിറ്റിലിന്റെ ഹാട്രിക്കിനും രക്ഷിക്കാനായില്ല; അയർലൻഡിനെ തോൽപിച്ച് ന്യൂസിലൻഡ് സെമിയിൽ

    സെമിയിലെത്താൻ ജയം അനിവാര്യമായിരുന്ന ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് നേടിയത്. 32 പന്തിൽ പുറത്താവാതെ 54 റൺസെടുത്ത ​ഗ്ലെൻ മാക്സ് വെല്ലിനും 30 പന്തിൽ 45 റൺസെടുത്ത മിച്ചൽ മാർഷിനും മാത്രമേ തിളങ്ങാനായുള്ളൂ. ഡേവിഡ് വാർണർ, മാർകസ് സ്റ്റോയിണിസ് എന്നിവർ 25 റൺസ് വീതം നേടി. അഫ്ഗാസ്ഥാന് വേണ്ടി നവീനുൽ ഹഖ് നാലോവറിൽ 21 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഫസൽ ഹഖ് ഫാറൂഖി രണ്ടും മുജീബു റഹ്മാൻ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

    അതേസമയം അയർലൻഡിനെതിരെ നിർണായക മത്സരം 35 റൺസിന് ജയിച്ച് സെമിഫൈനൽ ഉറപ്പിക്കുന്ന ആദ്യ ടീമായി ന്യൂസിലൻഡ് മാറി. ഓസ്ട്രേലിയയുടെ കുറഞ്ഞ റൺറേറ്റാണ് കീവീസിന് സെമിയിലേക്ക് വഴി തുറന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ന്യൂസിലന്‍ഡിന് +2.113 നെറ്റ് റണ്‍റേറ്റില്‍ ഏഴ് പോയിന്റാണുള്ളത്. ഓസ്ട്രേലിയക്കും ഏഴ് പോയന്റായെങ്കിലും കുറഞ്ഞ റൺറേറ്റാണ് ഓസീസിന്റെ സാധ്യതക്ക് മങ്ങലേൽപിച്ചത്. നിലവിൽ -0.173 ആണ് അവരുടെ റൺറേറ്റ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ടിന് +0.547 റണ്‍റേറ്റില്‍ അഞ്ച് പോയന്റുണ്ട്.
    Published by:Rajesh V
    First published: