അണ്ടർ 19 ലോകകപ്പിനിടെ കുരങ്ങ് ആക്രമിച്ച ഓസ്ട്രേലിയൻ യുവതാരം നാട്ടിലേക്കു മടങ്ങി. ടീമംഗങ്ങളുടെ ഒരുമിച്ചുള്ള യാത്രയ്ക്കിടെ വന്യജീവി സങ്കേതത്തിൽവച്ചാണ് ഓസീസ് ഓപ്പണർ ഫ്രേസർ ജെയ്ക് ഫ്രേസർ മക്ഗ്യുർഗിനെ കുരങ്ങ് ആക്രമിച്ചത്. കാര്യമായിട്ടൊന്നും പറ്റിയില്ലെങ്കിലും കുരങ്ങ് മുഖത്തു മാന്തിയ സാഹചര്യത്തിൽ അപകടമില്ലെന്ന് ഉറപ്പാക്കുന്നതിനാണ് താരത്തെ നാട്ടിലേക്ക് തിരിച്ചയയ്ക്കുന്നത്. അവിടെ വച്ച് ജെയ്ക് ഫ്രേസർ വിശദ ചികിത്സയ്ക്ക് വിധേയനാകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.
ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിന് പിന്നാലെയാണ് വന്യജീവി സങ്കേതത്തിൽ സന്ദർശനത്തിനു പോയ ജെയ്ക് ഫ്രേസറിനെ കുരങ്ങ് ആക്രമിച്ചത്. മുഖത്തു പോറലേറ്റെങ്കിലും ഇന്ത്യയ്‌ക്കെതിരായ ക്വാർട്ടർ ഫൈനലിൽ താരം കളിച്ചിരുന്നു. എന്നാൽ, ഇന്നിങ്സിന്റെ ആദ്യ പന്തിൽത്തന്നെ സഹ ഓപ്പണർ സാം ഫാനങ്ങുമായുള്ള ധാരണപ്പിശകിൽ ഫ്രേസർ റണ്ണൗട്ടായി.
Also Read- ഓപ്പണറായി പതിനായിരം റൺസ്; വമ്പന്‍മാരിൽ നാലാമനായി രോഹിത് ശർമ
234 റൺസ് വിജയലക്ഷ്യം പന്തുടരവെ ആദ്യ ഓവറിൽത്തന്നെ മൂന്ന് വിക്കറ്റ് നഷ്ടമാക്കിയ ഓസീസ് 74 റൺസ് തോൽവിയോടെ ക്വാർട്ടറിൽത്തന്നെ പുറത്താകുകയും ചെയ്തു. അതേസമയം, ടൂർണമെന്റിലെ സ്ഥാനനിർണയത്തിനുള്ള രണ്ടു മത്സരങ്ങൾ ബാക്കിയുള്ളതിനാൽ ഓസീസ് ടീം ദക്ഷിണാഫ്രിക്കയിൽത്തന്നെ തുടരുകയാണ്. കുരങ്ങ് ആക്രമിച്ച സാഹചര്യത്തിൽ ഏഴു ദിവസത്തിനുള്ളിൽ ചികിത്സ തേടണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്രേസറിനെ നാട്ടിലേക്കു മടക്കി അയച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Australia, Cricket, South africa