എവേ ഗോള്‍ നിയമം ഇനിയില്ല; യുവേഫയുടെ ക്ലബ്ബ് ടൂര്‍ണമെന്റുകളില്‍ നിന്നും എവേ ഗോള്‍ നിയമം പിന്‍വലിച്ചു
എവേ ഗോള്‍ നിയമം ഇനിയില്ല; യുവേഫയുടെ ക്ലബ്ബ് ടൂര്‍ണമെന്റുകളില്‍ നിന്നും എവേ ഗോള്‍ നിയമം പിന്‍വലിച്ചു
അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും ഈ മാറ്റവുമായിട്ടായിരിക്കും യുവേഫ മത്സരങ്ങള്‍ നടത്തുക.
(പ്രതീകാത്മക ചിത്രം)
Last Updated :
Share this:
ക്ലബ്ബ് ഫുട്ബോളില്‍ നിര്‍ണായക മാറ്റവുമായി യുവേഫ രംഗത്ത്. ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് അടക്കമുള്ള ക്ലബ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ നിന്നും എവേ ഗോള്‍ സമ്പ്രദായം അടുത്ത സീസണ് മുതല്‍ പിന്‍വലിക്കപ്പെടുമെന്ന് യുവേഫ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. യുവേഫയുടെ ക്ലബ് കോമ്പറ്റീഷന് കമ്മറ്റി, യുവേഫ വിമന്‍സ് ഫുട്ബോള്‍ കമ്മിറ്റി എന്നിവര്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ യുവേഫ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചതോടെയാണ് അടുത്ത സീസണ് മുതല്‍ എവേ ഗോള്‍ നിയമം ഒഴിവാക്കാന്‍ ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.
1965 മുതല്‍ നിലവിലുള്ള എവേ ഗോള്‍ നിയമമാണ് യുവേഫ ഇപ്പോള്‍ പരിഷ്കരിച്ചിരിക്കുന്നത്. യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് മത്സരങ്ങളെയും യുവേഫയുടെ ഈ തീരുമാനം നേരിട്ട് ബാധിച്ചേക്കും. എവേ ഗോള്‍ സമ്പ്രദായം എന്തിനാണോ നടപ്പിലാക്കിയിരുന്നത് അതിന് നേര് വിപരീതമായ രീതിയിലാണ് ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നതെന്നും അതുകൊണ്ടാണ് ഇത് ഒഴിവാക്കുന്നതെന്നും യുവേഫ തലവന്‍ അലക്സാണ്ടര്‍ സെഫെറിന് പറഞ്ഞു. ഹോം ലെഗ് മത്സരങ്ങളില്‍ ഗോള്‍ വഴങ്ങുമെന്ന് പേടിച്ച് പല ടീമുകളും ആക്രമിച്ചു കളിക്കാന്‍ മടി കാണിക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് എവേ ഗോള്‍ നിയമം എടുത്തുകളയുന്നതെന്നും സെഫറിന് കൂട്ടിച്ചേര്‍ത്തു.
രണ്ടു പാദങ്ങളിലായി നടക്കുന്ന നോക്ക് ഔട്ട് മത്സരങ്ങളിലെ വിജയികളെ വേഗത്തില്‍ കണ്ടെത്താനാണ് എവേ ഗോള്‍ നിയമം നടപ്പിലാക്കിയിരുന്നത്. ഇരു പാദങ്ങളിലും രണ്ടു ടീമുകള്‍ ഒരുപോലെ ഗോളടിച്ച് സമനിലയില്‍ എത്തുകയാണെങ്കില്‍ എതിരാളിയുടെ മൈതാനത്ത് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീം അടുത്ത ഘട്ടത്തിലേക്ക് മുന്നേറുമെന്നാണ് ഈ നിയമം അനുശാസിക്കുന്നത്. രണ്ടു ടീമുകളും എതിരാളിയുടെ മൈതാനത്തും ഒരുപോലെയാണ് ഗോള്‍ നേടിയതെങ്കില്‍ മാത്രമായിരുന്നു മത്സരം എക്സ്ട്രാ ടൈമിലേക്കും ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും വഴിമാറിയിരുന്നത്.
എന്നാല്‍ പുതിയ പരിഷ്കാരമനുസരിച്ച് എവേ ഗോള്‍ അനൂകൂല്യം ഉണ്ടാകില്ല. ഇരുപാദങ്ങളിലുമായി സ്കോര്‍ നില തുല്യമായാല്‍ അര മണിക്കൂര്‍ എക്സ്ട്രാ ടൈം അനുവദിക്കും. എന്നിട്ടും സ്കോര്‍ തുല്യമാണെങ്കില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജിയികളെ തീരുമാനിക്കുംമെന്നാണ് യുവേഫ അറിയിക്കുന്നത്. കോവിഡ് മഹാമാരി ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ യുവേഫയെ സ്വാധീനിച്ചിട്ടുണ്ട്. കോവിഡ് മൂലമുണ്ടായ യാത്രാ നിയന്ത്രണങ്ങളില്‍ ചാമ്പ്യന്‍സ് ലീഗിലെയും യൂറോപ്പ ലീഗിലെയും പല മത്സരങ്ങളും നിക്ഷ്പക്ഷ വേദികളിലാണ് നടന്നിരുന്നത്. അതിനാല്‍ തന്നെ നിലവിലെ സാഹചര്യത്തില്‍ എവേ ഗോള്‍ സമ്പ്രദായത്തിന് പ്രസക്തി ഉണ്ടായിരുന്നില്ല. നിലവിലെ ഹോം മത്സരങ്ങളില്‍ മുന്‍പുണ്ടായിരുന്നത്ര മുന്‍തൂക്കം ടീമുകള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്നും യുവേഫ തലവന്‍ അലക്സാണ്ടര്‍ സെഫെറിന് പറഞ്ഞു.
എവേ ഗോളില്‍ പിടിച്ചു തൂങ്ങാന്‍ ടീമുകള്‍ നടത്തുന്ന ശ്രമം ഇല്ലാതാകുമെന്നും മത്സരങ്ങള്‍ കൂടുതല്‍ ആവേശവുമാകുമെന്നതുമാണ് ഈ പരിഷ്കരണത്തിലെ പ്രധാന നേട്ടം. വര്‍ഷങ്ങളായി നിലവിലുണ്ടായിരുന്ന ഈ രീതി അടുത്ത സീസണ് മുതല്‍ ഉണ്ടാകില്ലെന്ന് യുവേഫ സ്ഥിരീകരിച്ചിരിക്കുകയാണ്. അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും ഈ മാറ്റവുമായിട്ടായിരിക്കും യുവേഫ മത്സരങ്ങള്‍ നടത്തുക.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.