വേഗത്തില്‍ 14 ഏകദിന സെഞ്ച്വറികള്‍; റെക്കോര്‍ഡ് കരസ്ഥമാക്കി ബാബര്‍ അസം
വേഗത്തില്‍ 14 ഏകദിന സെഞ്ച്വറികള്‍; റെക്കോര്‍ഡ് കരസ്ഥമാക്കി ബാബര്‍ അസം
84 ഇന്നിങ്സുകളില്‍ നിന്നും 14 സെഞ്ച്വറികള്‍ സ്വന്തമാക്കിയിട്ടുള്ള ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയാണ് ബാബറിന് തൊട്ടു പിന്നിലുള്ളത്.
ബാബർ അസം
Last Updated :
Share this:
രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 14 ഏകദിന സെഞ്ച്വറികള്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി പാകിസ്ഥാന് നായകന് ബാബര്‍ അസം. 81 ഇന്നിങ്സുകളില്‍ നിന്നാണ് താരം 14 സെഞ്ച്വറികള്‍ പോക്കറ്റിലാക്കിയത്. ഇന്നലെ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ 158 റണ്‍സാണ് അസം നേടിയത്. ഓസ്ട്രേലിയന്‍ വനിതാ താരം മെഗ് ലാനിംഗ് (82)നെയാണ് ബാബര്‍ അസം മറികടന്നത്. പുരുഷ താരങ്ങളില്‍ 84 ഇന്നിങ്സുകളില്‍ നിന്നും 14 സെഞ്ച്വറികള്‍ സ്വന്തമാക്കിയിട്ടുള്ള ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയാണ് ബാബറിന് തൊട്ടു പിന്നിലുള്ളത്.
ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ (98), ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി (103) എന്നിവരാണ് അടുത്ത രണ്ട് സ്ഥാനങ്ങളില്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ 158 റണ്‍സെടുത്താണ് അസം പുറത്തായത്. അസമിന്റെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കൂടിയാണിത്. മറ്റു രണ്ടു റെക്കോര്‍ഡുകള്‍ കൂടി താരം ഈ പ്രകടനത്തിലൂടെ തന്റെ പേരിലാക്കിയിട്ടുണ്ട്. ഒരു പാകിസ്ഥാന് നായകന്റെ ഉയര്‍ന്ന സ്കോര്‍, ഇംഗ്ലണ്ടിനെതിരെ ഒരു നായകന് നേടുന്ന ഉയര്‍ന്ന സ്കോര്‍ എന്നീ നേട്ടങ്ങളാണ് അസം കൈപ്പിടിയിലാക്കിയത്.
എന്നാല്‍ നായകന് മുന്നില്‍ നിന്ന് പട നയിച്ചിട്ടും മത്സരം ജയിക്കാന്‍ മാത്രം പാകിസ്ഥാന് കഴിഞ്ഞില്ല. ആദ്യ രണ്ട് മത്സരങ്ങളിലും ടീമിന്റെ ബാറ്റിംഗ് യൂണിറ്റ് പതറിയെങ്കിലും മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സ് പാകിസ്ഥാന് നേടിയിരുന്നു. ഫഖര്‍ സമാനെ തുടക്കത്തിലെ നഷ്ടമായ ശേഷം ബാബര്‍ അസമിന്റെ ശതകവും മുഹമ്മദ് റിസ്വാന്, ഇമാം ഉള് ഹക്ക് എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുമാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്. ബാബര്‍ അസം 139 പന്തില്‍ 158 റണ്‍സ് നേടി ബ്രൈഡണിന്റെ അവസാന ഓവറിലെ രണ്ടാം പന്തിലാണ് പുറത്തായത്. 104 പന്തുകളിലാണ് ബാബര്‍ സെഞ്ച്വറി തികച്ചത്.
മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് ടീം 12 പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറി കടന്നു. ജയിംസ് വിന്‍സിന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്. പാകിസ്ഥാന് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം പാളിയിരുന്നു. സ്കോര്‍ബോര്‍ഡില്‍ 19 റണ്‍സ് ആയപ്പോഴേക്കും ഡേവിഡ് മലാന് പവലിയനില്‍ തിരിച്ചെത്തി. 53 റണ്‍സ് എത്തിയപ്പോള്‍ ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ടും മടങ്ങി. പിന്നീടെത്തിയ ജയിംസ് വിന്‍സ് സെഞ്ച്വറിയുമായി കളം നിറഞ്ഞതോടെ ഇംഗ്ലണ്ട് വിജയവഴിയില്‍ തിരിച്ചെത്തുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പര ഇംഗ്ലണ്ട് ടീം തൂത്തുവാരി. ക്യാമ്പില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ രണ്ടാം നിര ടീമിനെയാണ് ഇംഗ്ലണ്ട് പാകിസ്ഥാന് മുന്നില്‍ അണി നിരത്തിയത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.