• HOME
 • »
 • NEWS
 • »
 • sports
 • »
 • 'അത് കോഹ്ലിയല്ല; നല്ല കവർ ഡ്രൈവ് കളിക്കാൻ പിന്തുടരുന്നത് ആ ബാംഗ്ലൂർ താരത്തെ': ബാബർ അസം

'അത് കോഹ്ലിയല്ല; നല്ല കവർ ഡ്രൈവ് കളിക്കാൻ പിന്തുടരുന്നത് ആ ബാംഗ്ലൂർ താരത്തെ': ബാബർ അസം

ഇരുവരും പ്രധാനമായും താരതമ്യം ചെയ്യപ്പെടുന്നത് ആരുടെ കവർഡ്രൈവ് ആണ് കൂടുതൽ ഭംഗി എന്ന കാര്യത്തിലാണ്

ബാബർ അസം

ബാബർ അസം

 • Last Updated :
 • Share this:
  വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്റെ കഠിന പ്രയത്നം കൈമുതലാക്കി ലോകോത്തര ബാറ്റ്സ്മാന്മാരുടെ നിരയിലേക്ക് ഉയർന്നുവന്ന താരമാണ് പാകിസ്ഥാൻ നായകൻ ബാബർ അസം. ലോകത്തിലെ മികച്ച ബാറ്റ്സ്മാന്മാരായ വിരാട് കോഹ്‌ലി, ജോ റൂട്ട്, കെയ്ൻ വില്യംസൺ, സ്റ്റീവ് സ്മിത്ത് എന്നിവരുടെ ഒപ്പമാണ് അസമിനെ ക്രിക്കറ്റ് ലോകം താരതമ്യം ചെയ്യുന്നത്. ഇത്തരത്തിൽ താരതമ്യം ചെയ്യുമ്പോൾ ആരാണ് കേമൻ എന്ന തരത്തിൽ പല വാദപ്രതിവാദങ്ങളും ഈ താരങ്ങളുടെ ആരാധകർ തമ്മിൽ ഉണ്ടാകാറുണ്ട്.

  സ്ഥിരതയുളള പ്രകടനങ്ങളിലൂടെ തങ്ങളുടെ ടീമിന് വിജയം സമ്മാനിക്കുന്നതില്‍ ഇവർക്കുള്ള മിടുക്ക് എല്ലാവര്‍ക്കും സുപരിചിതമാണ്. ഇതിൽ കോഹ്‌ലിയെയും അസമിനെയുമാണ് ആരാധകർ കൂടുതൽ താരതമ്യം ചെയ്യാറുള്ളത്. ആധുനിക ക്രിക്കറ്റിന്റെ ഉല്‍പന്നങ്ങള്‍ തന്നെയാണ് ഇരുവരെങ്കിലും ഇവരുടെ ബാറ്റിങ്ങില്‍ ക്രിക്കറ്റിന്റെ ക്ലാസ്സിക് ശൈലിയാണ് ദൃശ്യമാകുക. ക്രിക്കറ്റിലെ കോപ്പിബുക്ക് ശൈലിയിലൂടെ തന്നെയാണ് ഇരുവരും പരമാവധി റണ്‍സ് കണ്ടെത്തുന്നത്.

  ഇരുവരും പ്രധാനമായും താരതമ്യം ചെയ്യപ്പെടുന്നത് ആരുടെ കവർഡ്രൈവ് ആണ് കൂടുതൽ ഭംഗി എന്ന കാര്യത്തിലാണ്. പാകിസ്ഥാനും ഇന്ത്യയും ക്രിക്കറ്റിന്റെ കാര്യത്തിൽ ചിരവൈരികൾ ആയതിനാൽ തന്നെ ആരാധകരുടെ വാക്പോരുകൾ പലപ്പോഴും അതിരു കടക്കാറുണ്ട്. ഇപ്പോൾ മികച്ച കവർഡ്രൈവുകൾ കളിക്കുന്നതിനായി താൻ പിന്തുടരുന്ന വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ബാബർ അസം. അത് മറ്റാരുമല്ല, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കൻ താരം എബി ഡീ വില്ലിയേഴ്സിന്റെ പേരാണ് അസം പറഞ്ഞത്. ഡീ വില്ലിയേഴ്സിന്റെ കവർ ഡ്രൈവ് അതേപോലെ കോപ്പി ചെയ്യാനാണ് താൻ ശ്രമിക്കാറുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.  വിരാട് കോഹ്‌ലിയോടൊപ്പം ആരാധകർ താരതമ്യം ചെയ്യുന്നതിനെപ്പറ്റിയും അസം അഭിപ്രായം രേഖപ്പെടുത്തി. വിരാട് കോഹ്‌ലിയെപ്പോലെ ഒരു താരത്തിനൊപ്പം തന്റെ പേര് പരാമർശിക്കപ്പെടുമ്പോൾ അഭിമാനം തോന്നാറുണ്ടെന്നാണ് താരം പറഞ്ഞത്.

  "വിരാട് കോഹ്‌ലിയെ പോലെ എപ്പോഴും ടീമിനെ ജയിപ്പിക്കാനായി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരവുമായി നമ്മുടെ പേരും ആളുകള്‍ ചേര്‍ത്ത് പറയുന്നത് വലിയ അഭിമാനമുള്ള കാര്യമാണ്. പക്ഷേ താരതമ്യം പാടില്ല എന്നൊക്കെ ക്രിക്കറ്റ്‌ ആരാധകരോട് പറഞ്ഞാലും അവര്‍ പല കളിക്കാരെയും ഇത്തരത്തില്‍ താരതമ്യം ചെയ്‌തുകൊണ്ടേയിരിക്കും. ടീമിനായി കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തി കളിക്കാന്‍ മാത്രമാണ് ഞാന്‍ ശ്രമിക്കുന്നത്. വിരാട് കോഹ്‌ലിയെ പോലെ വലിയ താരങ്ങള്‍ക്ക് ഒപ്പം നമ്മുടെ പേര് കൂടി പറയുമ്പോള്‍ സമ്മര്‍ദ്ദം അനുഭവപ്പെടാറില്ല. ഇതെല്ലാം ഒരു സന്തോഷമായി തോന്നാറുണ്ട്," അസം വിശദമാക്കി.

  ഇരുവരെയും താരതമ്യം ചെയ്യുമ്പോൾ കോഹ്‌ലിയുടെ അത്ര പരിചയസമ്പത്ത് ബാബറിനില്ല എന്നത് സത്യമാണ്. എന്നാല്‍ ചുരുങ്ങിയ സമയംകൊണ്ട് തന്നെ കോഹ്‌ലിയുടെ മികവുമായി താരതമ്യം ചെയ്യാവുന്ന നിലയിലാണ് താരത്തിന്റെ പ്രകടനം. ഇവരിൽ മികച്ചതാരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക പ്രയാസമാണ്. നിലവില്‍ കളിക്കണക്കിലും കോഹ്‌ലിക്കാണ് മുന്‍തൂക്കം. മൂന്ന് ഫോര്‍മാറ്റിലും ബാബറിനേക്കാള്‍ മികച്ച ശരാശരിയാണ് കോഹ്‌ലിക്കുള്ളത്. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള നിലവിലെ ഏക താരവും കോഹ്‌ലിയാണ്.

  English summary: Babar Azam reveals the name of an RCB player he tries to copy to play a perfect cover drive
  Published by:user_57
  First published: