നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഇന്ത്യക്കെതിരെ ഇറങ്ങുമ്പോള്‍ ബാബര്‍ അസമിന്റെ അമ്മ വെന്റിലേറ്ററില്‍; വെളിപ്പെടുത്തലുമായി പിതാവ് അസം സിദ്ദിഖ്

    ഇന്ത്യക്കെതിരെ ഇറങ്ങുമ്പോള്‍ ബാബര്‍ അസമിന്റെ അമ്മ വെന്റിലേറ്ററില്‍; വെളിപ്പെടുത്തലുമായി പിതാവ് അസം സിദ്ദിഖ്

    'കാരണമില്ലാതെ രാജ്യത്തിന്റെ ഹീറോകളെ വിമര്‍ശിക്കാതിരിക്കാനാണ് ഞാന്‍ ഇതിപ്പോള്‍ പറയുന്നത്.' ബാബറിന്റെ പിതാവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

    Babar Azam (Image: twitter)

    Babar Azam (Image: twitter)

    • Share this:
      ഇത്തവണത്തെ ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ ജയത്തോടെ പാകിസ്ഥാന്‍ ക്രിക്കറ്റിലെ ചരിത്ര നായകന്മാരിലൊരാളായി മാറിയിരിക്കുകയാണ് ബാബര്‍ അസം. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ചിരവൈരികളായ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ആ നാണക്കേടിന് പാകിസ്ഥാന്‍ അന്ത്യം കുറിച്ചിരിക്കുകയാണ്. 13 പന്തുകള്‍ ബാക്കിനിര്‍ത്തി 10 വിക്കറ്റിന്റെ അവിസ്മരണീയ ജയമാണ് പാകിസ്ഥാന്‍ നേടിയെടുത്തത്.

      ഇപ്പോഴിതാ ഇന്ത്യക്കെതിരേ ബാബര്‍ വീരോചിത പ്രകടനം നടത്തിയത് അമ്മ വെന്റിലേറ്ററിലായ വേദന മറന്നുകൊണ്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവ്. ഇന്ത്യ- പാക് മത്സരം നടക്കുമ്പോള്‍ ബാബറിന്റെ മാതാവിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് ബാബറിന്റെ പിതാവ് തുറന്ന് പറഞ്ഞത്.

      ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബാബര്‍ കടന്നുപോയ നിമിഷത്തെ കുറിച്ച് അസം സിദ്ദിഖ് വെളിപ്പെടുത്തുന്നത്. ചില സത്യങ്ങള്‍ രാജ്യം ഇപ്പോള്‍ അറിയേണ്ടതുണ്ട്. മൂന്ന് വിജയങ്ങള്‍ നേടിയതിന് എല്ലാവര്‍ക്കും അഭിനന്ദനം. ഒരു വലിയ പരീക്ഷയാണ് ഞങ്ങള്‍ വീട്ടില്‍ നേരിട്ടിരുന്നത്. ഇന്ത്യക്കെതിരെ കളിച്ച ആ ദിവസം ബാബറിന്റെ അമ്മ വെന്റിലേറ്ററിലായിരുന്നു. വലിയ ദുഖം ഉള്ളില്‍ ഒതുക്കിയാണ് ഈ മൂന്ന് മത്സരവും ബാബര്‍ കളിച്ചത്.



      കളി കാണാന്‍ വരാന്‍ ഞാന്‍ തീരുമാനിച്ചിരുന്നതല്ല. ബാബറിന് ധൈര്യം കൊടുക്കുന്നതിനായാണ് ഞാന്‍ വന്നത്. കാരണമില്ലാതെ രാജ്യത്തിന്റെ ഹീറോകളെ വിമര്‍ശിക്കാതിരിക്കാനാണ് ഞാന്‍ ഇതിപ്പോള്‍ പറയുന്നത്, ബാബറിന്റെ പിതാവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇന്ത്യക്കെതിരായ ജയത്തിന് ശേഷം ഗ്യാലറിയില്‍ കണ്ണീരണിയുന്ന ബാബറിന്റെ പിതാവിന്റെ വീഡിയോ വൈറലായിരുന്നു.

      നായകനായും ബാറ്റ്സ്മാനായും ബാബര്‍ ആസം മികവ് കാട്ടിയത് ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് കരുത്തായി. അര്‍ധ സെഞ്ച്വറിയോടെ ബാറ്റിങ്ങില്‍ തിളങ്ങിയ ബാബര്‍ നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിച്ചാണ് പാകിസ്ഥാനെ വിജയത്തിലേക്കെത്തിച്ചത്.

      കോഹ്ലിയുടെ റെക്കോര്‍ഡെല്ലാം അവന്‍ തകര്‍ത്തുകൊണ്ടിരിക്കുന്നു; ബാബര്‍ അസമിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം

      പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഗംഭീര പ്രകടനമാണ് ലോകകപ്പില്‍ കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ ബാബര്‍ അസമിനെ പ്രശംസിച്ച് രംഗത്തെത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. വിരാട് കോഹ്ലി നേടുന്ന ഏതൊരു റെക്കോര്‍ഡും ബാബര്‍ അസം തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും ആകാശ് ചോപ്ര പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെയും അഫ്ഗാനിസ്ഥാനെതിരെയും ബാബര്‍ അസം അര്‍ദ്ധസെഞ്ച്വറി നേടിയിരുന്നു.

      'അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന ക്യാപ്റ്റനായി ബാബര്‍ അസം മാറിയിരുന്നു. ഈ റെക്കോര്‍ഡ് നേരത്തെ വിരാട് കോഹ്ലിയുടെ പേരിലായിരുന്നു. അവന്‍ കോഹ്ലിയെ പിന്തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. കോഹ്ലി ഏതൊരു റെക്കോര്‍ഡ് നേടിയാലും ബാബര്‍ അസം പുറകില്‍ നിന്നെത്തി അത് തകര്‍ത്തുകൊണ്ടിരിക്കുന്നു. അവന്‍ സമര്‍ത്ഥനാണ്.'- ആകാശ് ചോപ്ര പറഞ്ഞു.

      വെറും 26 ഇന്നിങ്‌സില്‍ നിന്നാണ് ക്യാപ്റ്റനായി അന്താരാഷ്ട്ര ടി20യില്‍ 1000 റണ്‍സ് ബാബര്‍ അസം പൂര്‍ത്തിയാക്കിയത്. 30 ഇന്നിങ്‌സില്‍ നിന്നും 1000 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ പിന്തള്ളികൊണ്ടാണ് ബാബര്‍ അസം ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
      ഈ വര്‍ഷം തുടക്കത്തില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡും ബാബര്‍ അസം സ്വന്തമാക്കിയിരുന്നു. 52 ഇന്നിങ്‌സില്‍ നിന്നും ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കിയ ബാബര്‍ 56 ഇന്നിങ്‌സില്‍ 2000 റണ്‍സ് നേടിയ കോഹ്ലിയുടെ റെക്കോര്‍ഡ് തന്നെയാണ് തകര്‍ത്തത്.

      Published by:Sarath Mohanan
      First published:
      )}