ബാലണ്‍ ഡി ഓര് (Ballon d'Or) നേടാന്‍ കഴിയാത്തതില്‍ നിരാശനാണെന്ന് ബയണ്‍ മുന്നേറ്റനിര താരം ലെവന്‍ഡോസ്കി (Lewandowski). ലയണല്‍ മെസി (Lionel Messi) ബാലണ്‍ ഡി ഓറില്‍ മുത്തമിട്ടതിന്റെ നിരാശ മറച്ചുവെക്കാതെയാണ് ലെവന്‍ഡോസ്കിയുടെ പ്രതികരണം.
തീര്‍ച്ചയായും അര്‍ഹിച്ചിരുന്ന 2020 ബാലണ്‍ ഡി ഓര് പുരസ്കാരം കോവിഡ് മഹാമാരി മൂലം മാറ്റിവെക്കപ്പെട്ടതിനെ തുടര്‍ന്ന് നേടാനാകാതെ പോയ ലെവന്‍ഡോസ്കിക്ക് 2021ലെ ബാലണ്‍ ഡി ഓറും നഷ്ടമായത് വലിയ നിരാശയാണ് സമ്മാനിച്ചത്. കഴിഞ്ഞ ദിവസം ഒരു പോളിഷ് മാധ്യമത്തോടു സംസാരിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയ താരം ചടങ്ങില്‍ വെച്ച് മെസി പറഞ്ഞ വാക്കുകളെപ്പറ്റി തന്റെ അഭിപ്രായവും പറഞ്ഞു.
'എനിക്കത് വിഷമമുണ്ടാക്കി, ഞാനത് നിഷേധിക്കുന്നില്ല. ഞാന്‍ സന്തോഷവാനായിരുന്നു എന്നു പറയാനാവില്ല, മറിച്ച് എനിക്കു സങ്കടമുണ്ട്. മെസിയുമായി മത്സരിച്ചു, വളരെ അടുത്തെത്തി. തീര്‍ച്ചയായും താരത്തിന്റെ നേട്ടങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. താരവുമായി മത്സരിക്കാന്‍ കഴിഞ്ഞതിലൂടെ എനിക്ക് എത്താന്‍ കഴിഞ്ഞ തലവും കാണിച്ചു തന്നു.'-ലെവന്‍ഡോസ്കി കനാലെ സ്പോര്ട്ടോവിമിനോട് പറഞ്ഞു.
Congratulations Leo Messi and @alexiaputellas winners of the #BallonDor2021, congratulations also to all nominated players!👏 I won Striker of the Year Award and no Player can win an individual award without strongest team and loyal fans behind him. Thank you for your support🤜🤛 pic.twitter.com/I6j4BtluYS
— Robert Lewandowski (@lewy_official) November 29, 2021
2020ലെ ബാലണ്‍ ഡി ഓര് ലെവന്‍ഡോസ്കിക്ക് നല്‍കണമെന്നു മെസി പറഞ്ഞതില്‍ ലെവന്‍ഡോസ്കി തൃപ്തനല്ലെന്നു താരത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. '2020 ബാലണ്‍ ഡി ഓര് ലഭിക്കുന്നതില്‍ എനിക്കത്ര ഉത്സാഹമില്ല. (മെസിയുടെ പ്രതികരണം) ഒരു മികച്ച കളിക്കാരനില്‍ നിന്നുള്ള ആത്മാര്‍ത്ഥവും മര്യാദ നിറഞ്ഞതുമായ പ്രസ്താവന ആയിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അല്ലാതെ വെറും ശൂന്യമായ വാക്കുകളല്ല,'- ലെവന്‍ഡോസ്കി പറഞ്ഞു.
കഴിഞ്ഞ ഏതാനും സീസണുകളായി തകര്‍പ്പന്‍ ഫോമില്‍ കളി തുടരുകയാണെങ്കിലും റോബര്‍ട്ട് ലെവന്‍ഡോസ്കിയെ സംബന്ധിച്ച് 2021 വര്‍ഷത്തെ ബാലണ്‍ ഡി ഓര് നിരാശയാണ് സമ്മാനിച്ചത്. ബാലണ്‍ ഡി ഓര് വോട്ടെടുപ്പ് കഴിഞ്ഞ് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ 613 പോയിന്റുകള്‍ നേടിയ മെസി പുരസ്കാരം സ്വന്തമാക്കുകയും 580 പോയിന്റുകള്‍ നേടിയ ലെവന്‍ഡോസ്കി രണ്ടാം സ്ഥാനത്ത് എത്തുകയുമാണ് ചെയ്തത്.
2020-21 സീസണില്‍ 40 മത്സരങ്ങളില്‍ നിന്നും 48 ഗോളുകള്‍ നേടിയ ലെവന്‍ഡോസ്കി ജര്‍മന്‍ ലീഗ്, ജര്‍മന്‍ സൂപ്പര്‍ കപ്പ്, യുവേഫ സൂപ്പര്‍കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവ സ്വന്തമാക്കിയപ്പോള്‍ ലാ ലീഗ ടോപ് സ്കോററായിരുന്ന മെസി ക്ലബിനൊപ്പം കോപ്പ ഡെല്‍ റേയും അര്‍ജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടവുമാണ് സ്വന്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.