നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • BAN vs NZ | ഓസീസിന് പിന്നാലെ കിവികളെയും ചെറിയ സ്‌കോറിൽ ഒതുക്കി; ബംഗ്ലാദേശിന് തകർപ്പൻ ജയം, റെക്കോർഡ്

  BAN vs NZ | ഓസീസിന് പിന്നാലെ കിവികളെയും ചെറിയ സ്‌കോറിൽ ഒതുക്കി; ബംഗ്ലാദേശിന് തകർപ്പൻ ജയം, റെക്കോർഡ്

  ആദ്യം ബാറ്റ് ചെയ്ത കിവീസ് ടീമിനെ 16.5 ഓവറില്‍ വെറും 60 റണ്‍സിന് പുറത്താക്കിയ ബംഗ്ലാദേശ്, 61 റൺസ് വിജയലക്ഷ്യം 15 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

  Credits : Twitter

  Credits : Twitter

  • Share this:
   ടി20 മത്സരങ്ങളിലെ മികവ് തുടർന്ന് ബംഗ്ലാദേശ് ടീം. അടുത്തിടെ ഓസ്‌ട്രേലിയയയ്ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ന്യുസിലൻഡിന് എതിരായ ടി20 പരമ്പരയിലും അവർ ഗംഭീര തുടക്കമാണ് നേടിയിരിക്കുന്നത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയ ബംഗ്ലാദേശ് പരമ്പരയിൽ 1-0ന് മുന്നിലെത്തി. ന്യുസിലൻഡിനെതിരെ രാജ്യാന്തര ടി20യിൽ ബംഗ്ലാദേശ് നേടുന്ന ആദ്യത്തെ ജയം കൂടി ആയിരുന്നു ഇത്.

   കിവീസ് ടീമിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ തികച്ചും ആധികാരികമായിരുന്നു അവരുടെ പ്രകടനം. ആദ്യം ബാറ്റ് ചെയ്ത കിവീസ് ടീമിനെ 16.5 ഓവറില്‍ വെറും 60 റണ്‍സിന് പുറത്താക്കിയ ബംഗ്ലാദേശ്, 61 റൺസ് വിജയലക്ഷ്യം 15 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

   ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തുടക്കത്തിൽ തന്നെ അവർക്ക് തിരിച്ചടിയേറ്റു. ടീം സ്കോർ രണ്ടക്കം കടക്കും മുൻപ് തന്നെ കിവീസ് ടീമിന്റെ നാല് മുൻനിര ബാറ്റ്‌സ്മാൻമാരെ ബംഗ്ല ബൗളർമാർ മടക്കി അയച്ചിരുന്നു. ഇതിൽ നിന്നും തിരിച്ചുവരാൻ പിന്നീട് കിവീസ് സംഘത്തിന് കഴിഞ്ഞില്ല. 9/4 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞ കിവീസിനെ 18 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ ടോം ലാഥമും ഹെൻറി നിക്കോള്‍സും ചേര്‍ന്നാണ് 50 കടത്തിയത്. ഇവർ രണ്ടു പേരുമാണ് കിവീസ് നിരയിലെ ടോപ് സ്കോറർമാർ. ബാക്കിയുള്ള ആര്‍ക്കും രണ്ടക്കം കാണാനായില്ല.

   ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാൻ 13 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നാസും അഹമ്മദും ഷാക്കിബ് അല്‍ ഹസനും സെയ്ഫുദ്ദീനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റ് വീഴ്ത്തിയ നാസും അഹമ്മദ് ന്യൂസിലന്‍ഡിന്റെ മുന്‍നിരയെ തകർത്തപ്പോൾ രണ്ട് വിക്കറ്റ് വീഴ്ത്തി ഷാക്കിബ് അല്‍ഹസനും പിന്തുണ നൽകി. പിന്നീട് മുസ്തഫിസുര്‍ റഹ്‌മാന്‍ നടത്തിയ തകർപ്പൻ ബൗളിങ്ങിലാണ് ന്യുസിലന്റിന്റെ മധ്യനിരയും വാലറ്റവും തകർന്നത്.

   2014ല്‍ ശ്രീലങ്കക്കെതിരെ 60 റണ്‍സിന് പുറത്തായ ശേഷം ടി20യില്‍ 60 റണ്‍സിന് ന്യൂസിലന്‍ഡ് പുറത്താവുന്നത് ഇതാദ്യമാണ്. ബംഗ്ലാദേശിനെതിരെ ടി20യില്‍ ഏതെങ്കിലും ഒരു ടീമിന്‍റെ ഏറ്റവും ചെറിയ സ്കോറാണിത്. കഴിഞ്ഞ മാസം ഓസ്ട്രേലിയ 62 റണ്‍സിന് പുറത്തായതായിരുന്നു ഇതിനു മുമ്പത്തെ ഏറ്റവും ചെറിയ സ്കോർ. ഇതോടെ തുടര്‍ച്ചയായ രണ്ട് ടി20 മത്സരങ്ങളില്‍ എതിരാളികളെ 70 റണ്‍സിന് താഴെ പുറത്താക്കുന്ന ആദ്യ ടീമെന്ന നേട്ടവും ബംംഗ്ലാദേശിന് സ്വന്തമായി. പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച നടക്കും.


   ഐ പി എൽ രണ്ടാം പാദത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി ന്യുസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ അടക്കമുള്ള മുൻനിര താരങ്ങൾ ബംഗ്ലാദേശുമായുള്ള പരമ്പരയിൽ കളിക്കുന്നില്ല എന്നതിനാൽ ഒരു രണ്ടാം നിര സംഘമാണ് ബംഗ്ലാദേശുമായുള്ള പരമ്പരയിൽ കളിക്കുന്നത്.
   Published by:Naveen
   First published: