ബാഴ്സിലോണയുടെ സൂപ്പർ താരമായ മെസ്സിക്ക് നിലവിൽ ലഭിക്കുന്ന വേതനം അടുത്ത സീസണിലും നൽകാൻ കഴിയില്ല എന്നത് വ്യക്തമാക്കി ലാലിഗ പ്രസിഡന്റ് ഹവിയർ ടെബാസ്. മെസ്സിക്ക് വേണ്ടി വലിയ തുകയാണ് ബാഴ്സ മുടക്കുന്നത് എന്നും ടെബാസ് പറഞ്ഞു. ജൂൺ മാസത്തോടെ ബാഴ്സയുമായുള്ള കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റായ മെസ്സിയുമായി കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ബാഴ്സ നടത്തുന്നതിനിടെയാണ് ടെബാസിന്റെ ഈ പ്രഖ്യാപനം.
ബാഴ്സിലോണയുമായി കരാറുള്ള സമയത്ത് അവസാന നാല് വർഷത്തേക്ക് ഏകദേശം 500 മില്യണ്‍ യൂറോയാണ് (ഏകദേശം 4000 കോടി രൂപ) മെസ്സിക്കായി ക്ലബ്ബ് ചെലവാക്കിയത്. നൗകാമ്പിൽ തുടരണമെങ്കിൽ മെസ്സി വേതനം കുറിക്കേണ്ടി വരും എന്ന് പറഞ്ഞ ടെബാസ് യൂറോപ്പിലെ ഒരു ക്ലബ്ബിലും ഇത്രയും വലിയ തുക മുടക്കാൻ കഴിയില്ല എന്നും കൂട്ടിച്ചേർത്തു.
അതേസമയം, മെസ്സി ബാഴ്സക്കൊപ്പം തുടരുമോ ഇല്ലയോ എന്ന തീരുമാനം താനല്ല, ബാഴ്സയാണ് എടുക്കേണ്ടതെന്നും ബാഴ്സ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും പറഞ്ഞ ടെബാസ് മെസ്സി സ്പെയിനിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതാണ് താൻ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.
"ഏറ്റവും മികച്ച താരങ്ങൾ ലാ ലിഗയിൽ കളിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും ലീഗിൽ നിന്ന് പോയെങ്കിലും സ്പാനിഷ് ലീഗ് വളർച്ചയുടെ പാതയിലാണ്. അതിനായി ഞങ്ങൾ കൂടുതൽ പ്രയത്നിക്കുകയും ചെയ്യുന്നുണ്ട്. റൊണാൾഡോയേയും നെയ്മറെയും പോലെയുള്ള സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും സീരി എയും ഫ്രഞ്ച് ലീഗും അവർ ഉദ്ദേശിക്കുന്ന വളർച്ച ഇതുവരെ നേടിയിട്ടില്ല," - ടെബാസ് പറഞ്ഞു.
അതേസമയം ഫ്രീ ഏജന്റായി മാറിയ സൂപ്പർ താരത്തെ സ്വന്തമാക്കാൻ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും പി എസ് ജിയും രംഗത്തുണ്ട്. പക്ഷെ ഇവർക്കെല്ലാം പ്രശ്നമാകുന്നത് മെസ്സിക്ക് വേണ്ടി മുടക്കേണ്ടി വാങ്ങുന്ന ഉയർന്ന തുകയാണ്. കോവിഡ് പ്രതിസന്ധി ഫുട്ബോൾ ക്ലബ്ബ്കളുടെ വരുമാനത്തെയെല്ലാം തന്നെ സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് സിറ്റിക്ക് ഏകദേശം 270 മില്യൺ യൂറോയുടെ ഇടിവാണ് ഉണ്ടായത്.
അതേസമയം റയൽ മാഡ്രിഡുമായി ഉണ്ടായിരുന്ന ദീർഘ കാലത്തെ ബന്ധം അവസാനിപ്പിച്ച സ്പാനിഷ് താരമായ സെർജിയോ റാമോസിനെ രണ്ടു വർഷ കരാർ നൽകി പി എസ് ജി സ്വന്തമാക്കിയിരുന്നു. റാമോസിനെ പോലൊരു താരത്തെ സ്വന്തമാക്കിയ സ്ഥിതിക്ക് ഇനി മറ്റൊരു സൂപ്പർ താരത്തിന് കൂടി നൽകാനുള്ള തുക അവരുടെ കയ്യിൽ ഉണ്ടാകുമോ എന്നത് സംശയമാണ്.
നിലവിൽ കോപ്പ അമേരിക്ക ടൂർണമെന്റിലെ ഫൈനൽ പോരാട്ടത്തിന് വേണ്ടി തയ്യാറെടുക്കുകയാണ് മെസ്സി. ഫൈനലിൽ ചിര വൈരികളായ ബ്രസീലുമായാണ് അർജന്റീനയുടെ മത്സരം. ടൂര്‍ണമെന്റിലുടനീളം തകർപ്പൻ ഫോമിൽ കളിച്ച താരത്തിന്റെ മികവിലാണ് അർജന്റീന ഫൈനലിൽ ഇടം നേടിയത്. ടൂർണമെന്റിൽ ഇതുവരെ നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് താരം നേടിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.