HOME » NEWS » Sports » BARCA LOSES THE TITLE RACE AFTER DEFEAT AGAINST CELTA VIGO REAL AND ATLETICO CONTINUE THEIR FIGHT FOR THE TITLE INT NAV

ബാഴ്സക്ക് തോൽവി, റയലിനും അത്ലറ്റിക്കോയ്‌ക്കും ജയം; കിരീടം മാഡ്രിഡിലേക്ക്, ലാലിഗ കിരീടം ഫോട്ടോഫിനിഷിൽ

ഇതോടെ ലീഗിലെ അവസാന റൗണ്ട് മത്സരങ്ങൾ ഇരുടീമുകൾക്കും അതീവ നിർണായകമായിരിക്കുകയാണ്. അത്ലറ്റിക്കോയ്ക്ക് അവസാന മത്സരത്തിൽ ജയം മാത്രം നേടിയാൽ കിരീടം സ്വന്തമാക്കാം. പക്ഷേ റയലിന് സ്വന്തം ജയത്തിന് പുറമെ അത്ലറ്റിക്കോയുടെ മത്സരഫലം അവർക്ക് അനുകൂലമാവുകയും വേണം

News18 Malayalam | news18-malayalam
Updated: May 17, 2021, 11:18 AM IST
ബാഴ്സക്ക് തോൽവി, റയലിനും അത്ലറ്റിക്കോയ്‌ക്കും ജയം; കിരീടം മാഡ്രിഡിലേക്ക്, ലാലിഗ കിരീടം ഫോട്ടോഫിനിഷിൽ
News18 Malayalam
  • Share this:
അത്യന്തം ആവേശകരമായ പ്രവചനങ്ങൾക്കതീതമായ ലാലിഗ കിരീടപ്പോരാട്ടത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി അത്ലറ്റിക്കോ മാഡ്രിഡ്. കിരീടപ്പോരാട്ടത്തിൽ ജയം ആവശ്യമായിരുന്ന മത്സരത്തിൽ പിന്നിൽ നിന്ന് പൊരുതിക്കയറിയാണ് അത്ലറ്റിക്കോ ജയം നേടിയത്. അത്ലറ്റിക്കോയ്ക്ക് പുറമെ കിരീടം നിലനിർത്താൻ ശ്രമിക്കുന്ന റയൽ മാഡ്രിഡും പൊരുതി ജയിച്ചാണ് തിരിച്ചുകയറിയത്. അത്ലറ്റിക്കോ ബിൽബാവോയെ ഒരു ഗോളിന് തോൽപ്പിച്ച റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്ത് കിരീടപ്രതീക്ഷയിൽ നിൽക്കുന്നു.

അതേസമയം, സെൽറ്റ വിഗോക്കെതിരെ നടന്ന മത്സരത്തിൽ 1-2ന്റെ അപ്രതീക്ഷിത തോൽവി വഴങ്ങിയ ബാഴ്‌സലോണ ലാലീഗ കിരീടപ്പോരാട്ടത്തിൽ നിന്ന് പുറത്തായി. റയലും അത്ലറ്റിക്കോയും ജയിച്ചതോടെ ബാഴ്സയുടെ കിരീടപ്പോരാട്ടം ഏറെക്കുറെ അവസാനിച്ചിരുന്നു. എങ്കിലും ജയത്തോടെ കളത്തിൽ നിന്നും തിരിച്ചുകയറാം എന്ന ആശയിൽ പൊരുതിയ അവർക്ക് അപ്രതീക്ഷിതമായാണ് തോൽവി സംഭവിച്ചത്. കളിയുടെ അവസാന നിമിഷങ്ങളിൽ 10പേരുമായി ചുരുങ്ങിയത് അവർക്ക് തിരിച്ചടിയായി. ഇത് കൂടാതെ അനേകം അവസരങ്ങളും അവർ നഷ്ടപ്പെടുത്തിയിരുന്നു. കോപ ഡെൽ റേ കിരീടം നേടിയെങ്കിലും ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും നിരാശ മാത്രമായിരുന്നു അവർക്ക് ലഭിച്ചത്.

ഇന്നലത്തെ മത്സരത്തിൽ, സെൽറ്റ വിഗോക്കെതിരെ മത്സരത്തിന്റെ 28ാം മിനുറ്റിൽ ലയണൽ മെസ്സിയിലൂടെ മുന്നിലെത്തിയെങ്കിലും, 38, 89 മിനിറ്റുകളിൽ സാന്റി മിന നേടിയ ഗോളുകൾക്കാണ് ബാഴ്‌സ പരാജയം രുചിച്ച് കിരീടപ്പോരാട്ടത്തിൽ നിന്ന് പുറത്തായത്. കളിയുടെ അവസാന 10മിനുട്ടിൽ 10പേരുമായാണ് ബാഴ്സ കളിച്ചത്. ഇത് മുതലെടുത്ത് കൊണ്ടായിരുന്നു സെൽറ്റ ഗോൾ നേടിയത്. മത്സരത്തിൽ ഒട്ടേറെ അവസരങ്ങൾ ബാഴ്സ സൃഷ്ടിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ അവർക്ക് തിരിച്ചടിയായി. ഗോളാകേണ്ട ഒന്ന് രണ്ട് ഉറച്ച അവസരങ്ങൾ അവർ പാഴക്കുകയും ചെയ്തു.

Also Read- സീസണ്‍ അവസാനത്തോടെ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം സിദാന്‍ ഒഴിഞ്ഞേക്കും

ഇന്നലത്തെ തോൽവി ലീഗിൽ വിജയമില്ലാതെ ബാഴ്സയുടെ തുടർച്ചയായ മൂന്നാം മത്സരമായിരുന്നു. അവസാന അഞ്ചു മത്സരങ്ങളിൽ ആകെ ഒരു മത്സരം മാത്രമാണ് കറ്റാലൻ ക്ലബ്ബിന് ജയിക്കാനായത്. നിലവിൽ 76 പോയിന്റുള്ള ബാഴ്സ അവസാന മത്സരത്തിലും ജയിച്ചില്ലെങ്കിൽ ലീഗിൽ അവരുടെ മൂന്നാം സ്ഥാനവും ഭീഷണിയിലാകും. 74 പോയിന്റുമായി സെവിയ്യ ബാഴ്സക്ക് തൊട്ടുപിറകിൽ ഉണ്ട്.

അതേസമയം, ഒസാസുനക്കെതിരെ തോൽവിയുടെ വക്കിൽ നിന്നാണ് അത്ലറ്റിക്കോ വിജയപാതയിലേക്ക് തിരിച്ചുകയറിയത്. മത്സരത്തിന്റെ 75ആം മിനുട്ടിൽ ആന്റെ ബുഡിമിറിലൂടെ മുന്നിലെത്തിയ ഒസാസുനയെ 82ആം മിനുട്ടിൽ റെനാൻ ലോഡിയുടെ ഗോളിലൂടെ സമനിലയിൽ പിടിച്ച അത്ലറ്റിക്കോ പിന്നീട് 88ആം മിനുട്ടിൽ ലൂയിസ് സുവാരസ് നേടിയ ഗോളിലാണ് മത്സരം തങ്ങളുടേതാക്കിയത്.

ഒസാസുനക്കെതിരെ അത്ലറ്റിക്കോ ജയിച്ചതോടെ കിരീടപ്പൊരാട്ടത്തിൽ ബാഴ്സയുടെ വിജയം അപ്രസക്തമായി. ജയത്തോടെ 83 പോയിന്റായ അത്ലറ്റിക്കോയ്‌ക്ക് ബാഴ്സ വിജയിച്ചാൽ പോലും അവരേക്കാൾ നാല് പോയിന്റ് ലീഡ് ഉണ്ടാകുമായിരുന്നു.

അതേ സമയം മറ്റൊരു നിർണായക മത്സരത്തിൽ, പ്രതിരോധതാരം നാച്ചോ നേടിയ ഗോളിനാണ് റയൽ മാഡ്രിഡ്, അത്‌ലറ്റിക്കോ ബിൽബാവോയെ മറികടന്നത്. അത്‌ലറ്റിക്ക് ക്ലബിനെതിരെ വിജയം കരസ്ഥമാക്കിയതോടെ റയൽ മാഡ്രിഡിന് കിരീടം നിലനിർത്താനുള്ള പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ കഴിഞ്ഞു. മത്സരഫലം മറ്റൊന്നായിരുന്നുവെങ്കിൽ നിലവിലെ ലീഗ് ജേതാക്കൾ കിരീടപ്പോരാട്ടത്തിൽ നിന്ന് പുറത്താവുകയും, അത്ലറ്റിക്കോ ചാമ്പ്യന്മാരാവുകയും ചെയ്യുമായിരുന്നു.

ഇതോടെ ലീഗിലെ അവസാന റൗണ്ട് മത്സരങ്ങൾ ഇരുടീമുകൾക്കും അതീവ നിർണായകമായിരിക്കുകയാണ്. അത്ലറ്റിക്കോയ്ക്ക് അവസാന മത്സരത്തിൽ ജയം മാത്രം നേടിയാൽ കിരീടം സ്വന്തമാക്കാം. പക്ഷേ റയലിന് സ്വന്തം ജയത്തിന് പുറമെ അത്ലറ്റിക്കോയുടെ മത്സരഫലം അവർക്ക് അനുകൂലമാവുകയും വേണം. എന്നാൽ മാത്രമേ നിലവിലെ ചാമ്പ്യന്മാർക്ക് കിരീടം നിലനിർത്താൻ സാധിക്കുകയുള്ളൂ.

ലീഗിലെ അവസാന റൗണ്ട് മത്സരത്തിൽ അത്ലറ്റിക്കോയുടെ എതിരാളികൾ റയൽ വയ്യഡോലിഡും, റയലിന്റെ എതിരാളികൾ വിയ്യാറയലുമാണ്. വയ്യഡോലിഡിന് എതിരെ അത്ലറ്റിക്കോ വിജയിച്ചാൽ കിരീടം അവർ സ്വന്തമാക്കും. എന്നാൽ, അവർ സമനിലയോ തോൽവിയോ വഴങ്ങുകയും, വിയ്യാറയലിനെ റയൽ പരാജയപ്പെടുത്തുകയും ചെയ്‌താൽ നിലവിലെ ജേതാക്കൾ തന്നെ കിരീടം നിലനിർത്തും.
Published by: Rajesh V
First published: May 17, 2021, 11:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories