ഇന്ന് ലാലിഗയിൽ കിരീടം ആരുടെ കയ്യിലേക്ക് എന്ന് നിർണയിച്ചേക്കാവുന്ന പോരാട്ടത്തിനാണ് ബാഴ്സയുടെ ന്യൂ ക്യാമ്പ് സ്റ്റേഡിയം വേദിയാകാൻ പോകുന്നത്. ലാലിഗയിൽ നിലവിൽ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനക്കാരായ ബാഴ്സിലോണയെ നേരിടുന്നു. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്. ഇന്ന് വിജയിച്ചാൽ ബാഴ്സിലോണക്ക് ഒന്നാം സ്ഥാനം സ്വന്തമാക്കാം. ഇപ്പോൾ ബാഴ്സലോണക്ക് 74 പോയിന്റും അത്ലറ്റിക്കോ മാഡ്രിഡിന് 76 പോയിന്റുമാണ് ഉള്ളത്.
ഇന്ന് പരാജയപ്പെട്ടാൽ ബാഴ്സലോണക്ക് പിന്നെ കിരീടത്തിൽ അധികം പ്രതീക്ഷ വെക്കേണ്ടി വരില്ല. പിന്നെ തങ്ങളുടെ പ്രകടനം കൂടാതെ ആദ്യ സ്ഥനങ്ങളിലുള്ള രണ്ട് ടീമുകളുടെ പ്രകടനത്തിൻ്റെ ഫലങ്ങളെ കൂടി കറ്റാലൻ ക്ലബ്ബിന് ആശ്രയിക്കേണ്ടി വരും. ഇന്നത്തേത് അടക്കം ആകെ നാലു മത്സരങ്ങൾ മാത്രമാണ് ഇനി ലീഗിൽ ബാക്കിയുള്ളത്. ഗ്രാനഡയോട് പരാജയപ്പെട്ടുവെങ്കിലും കഴിഞ്ഞ കളിയിൽ വലൻസിയയെ തോൽപ്പിച്ച് കൊണ്ട് ബാഴ്സലോണ ഫോമിൽ തിരികെ എത്തിയിട്ടുണ്ട്. മറുവശത്ത് അത്ലറ്റിക്കോ മാഡ്രിഡും അത്ര സ്ഥിരതയുള്ള പ്രകടനങ്ങളല്ല അടുത്തിടെയായി നടത്തുന്നത്. ഇന്ന് വിജയിച്ചാൽ മാത്രമെ അവർക്കും ലീഗ് കിരീടം നേടുന്നതിൽ പ്രതീക്ഷ നിലനിർത്താൻ കഴിയൂ. ഒരു ഘട്ടത്തിൽ ലീഗിൽ പത്തിലേറെ പോയിന്റിന്റെ ലീഡ് ഉണ്ടായിരുന്നെടുത്ത് നിന്നാണ് ഇപ്പോൾ ഈ അവസ്ഥയിലേക്ക് അത്ലറ്റിക്കോ എത്തിയത്.
Also Read-
സൂപ്പർലീഗിൽ നിന്നും പിന്മാറിയ ഒമ്പത് ക്ലബുകൾക്ക് പിഴ; ബാഴ്‌സയും റയലും യുവന്റസും കടുത്ത നടപടി നേരിടേണ്ടി വരുംരണ്ടാം സ്ഥാനത്തുള്ള റയലിന് കൂടി ഈ മത്സരം നിർണായകമാണ്. ബാഴ്സയുടെ ജയം റയലിനു കൂടുതൽ കിരീടസാധ്യത നൽകും. നിലവിൽ രണ്ടാം സ്ഥാനത്തുള്ള റയലിനും 74 പോയിൻ്റാണുള്ളത്. അത്ലറ്റിക്കോ ബാഴ്സയ്ക്കെതിരെ തോൽക്കുകയും റയൽ അടുത്ത കളിയിൽ സെവിയ്യയ്ക്കെതിരെ ജയിക്കുകയും ചെയ്താൽ റയലിനും ബാഴ്സയ്ക്കും 77 പോയിൻ്റ് വീതമാകും. പക്ഷേ നേർക്കുനേർ മത്സരങ്ങളിലെ മുൻതൂക്കത്തിൽ റയലിനാകും ഒന്നാം സ്ഥാനം. ബാക്കിയുള്ള മത്സരങ്ങൾ ജയിക്കുക കൂടി ചെയ്താൽ അവർക്ക് ലീഗ് ചാമ്പ്യന്മാർ ആവാം. ബാഴ്സയുടെ ചിലവിൽ റയൽ ചാമ്പ്യന്മാർ ആവുമെന്നത് ബാഴ്സയെ ധർമസങ്കടത്തിലാക്കിയിരിക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ അത്ലറ്റിക്കോ മഡ്രിഡിനെതിരെ ജയിക്കാൻ വേണ്ടി തന്നെയാണ് അവർ കളിക്കുന്നത്. പക്ഷേ യഥാർഥത്തിൽ അവരുടെ ജയം കൊണ്ട് ലീഗ് കിരീടം റയൽ സ്വന്തമാക്കുമോ എന്ന കാര്യവും അവരെ അലട്ടുന്നുണ്ട്.
ബാഴ്സ–അത്‌ലറ്റിക്കോ മത്സരം സമനിലയായാലും റയലിനു സന്തോഷമാണ്. അത്‌ലറ്റിക്കോയ്ക്കെതിരെയുള്ള പരസ്പര പോരാട്ടങ്ങളിലും റയലിനാണ് മുൻതൂക്കം.
ഏതായാലും ഇന്നത്തെ മത്സരത്തിൽ ആവേശം അതിരു കടക്കുമെന്ന് ഉറപ്പാണ്. ഇത് കൂടാതെ
ബാഴ്സലോണ വിട്ട ശേഷം ആദ്യമായി സുവാരസ് തിരികെ ബാഴ്സയുടെ മൈതാനത്ത് എത്തുന്നു എന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിന് ഉണ്ട്. ഉറ്റ ചങ്ങാതിമാരായ ബാഴ്സ താരം ലയണൽ മെസ്സിയും അത്ലറ്റികോ മാഡ്രിഡ് താരം ലൂയിസ് സുവാരസും നേർക്കുനേർ വരുമ്പോൾ വിജയം ആരു നേടും എന്ന് ആരാധകരും ഉറ്റുനോക്കുന്നു.
രാത്രി 7.45ന് നടക്കുന്ന മത്സരം തത്സമയം ഫേസ്ബുക്ക് ലൈവിലൂടെ കാണാം.
Summary- Laliga to witness a vital clash between Atletico Madrid and Barcelona for the title decider.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.