സ്പാനിഷ് സൂപ്പർ ലീഗ് കപ്പ് ഫൈനലിൽ ബദ്ധ വൈരികളായ റയൽ മാഡ്രിഡിനെ 3-1ന് തകർത്ത് ബാര്‍സിലോണ. റിയാദിലെ കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 18കാരനായ ഗാവിയുടെ ചിറകിലേറിയാണ് ബാർസിലോണയുടെ വിജയം. ഗവി, ലെവൻഡോവ്സ്കി, പെദ്രി എന്നിവർ ബാർസിലോണയ്ക്കായി ഗോൾ നേടി. സാവി പരിശീലകനായി എത്തിയശേഷമുള്ള ബാഴ്സയുടെ ആദ്യ കിരീട നേട്ടമാണിത്.
മത്സരത്തിലുടനീളം മികച്ച പ്രകടനമായിരുന്നു ഗാവിയുടേത്. ആദ്യ ഗോൾ നേടുക മാത്രമല്ല, രണ്ടും മൂന്നും ഗോളുകൾക്ക് വഴിതുറന്നതും സ്പെയിൻ മിഡ് ഫീൽഡർ തന്നെ. ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയ ബാർസ രണ്ടാം പകുതിയിൽ വിജയം ഉറപ്പിക്കുകയും ചെയ്തു.
കളിയുടെ എല്ലാ മേഖലകളിലും ബാര്‍സലോണ മുന്നിട്ടുനിന്നു. റയൽ വരുത്തിയ പിഴവുകൾ മുതലാക്കുകയും ചെയ്തു. 33 ാം മിനിറ്റിലാണ് ബാർസയുടെ ആദ്യ ഗോൾ പിറന്നത്. സെർജിയോ ബുസ്ക്വ തുടക്കമിട്ട നീക്കം ഇടംകാല് ഷോട്ടിലൂടെ ഗാവി വലയിലെത്തിച്ചു. 12 മിനിറ്റിനുശേഷം ഗാവി നൽകിയ ഉഗ്രനൊരു പാസ് ലെവൻഡോവ്സ്കി ഗോളാക്കി മാറ്റി. ആദ്യ പകുതിയില്‍ ഗോൾ വല ലക്ഷ്യമാക്കി ഷോട്ടുകളൊന്നും പായിക്കാനാകാത്ത റയൽ മാഡ്രിഡ് രണ്ടാം പകുതിയിൽ വൻ തോൽവി ഒഴിവാക്കാനായി ശ്രമം നടത്തുകയായിരുന്നു.
69ാം മിനിറ്റിൽ റയൽ സബ്സ്റ്റിറ്റ്യൂട്ട് ഡാനി സെബല്ലോസ് കൈവിട്ട പന്ത് തട്ടിയെടുത്ത ഗാവി നൽകിയ പാസിൽ നിന്ന് പെദ്രി ബാർസയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. കളിയുടെ അധിക സമയത്ത് (92ാം മിനിറ്റ്) കരിം ബെൻസേമയാണ് റയലിന്റെ ആശ്വാസ ഗോൾ നേടിയത്.
FULL TIME! 🏆🆙 #ELCLÁSICO pic.twitter.com/OXUK1ZF0QL
— FC Barcelona (@FCBarcelona) January 15, 2023
പെനല്‍റ്റി ഷൂട്ടൗട്ടിന്റെ സമ്മര്‍ദങ്ങള്‍ മറികടന്നാണ് ഇരു ടീമുകളും ഫൈനലിലെത്തിയത്. സെമിയില്‍ ബാര്‍സ റയല്‍ ബെറ്റിസിനേയും റയല്‍ വലന്സിയയേയുമാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇരു ടീമുകളും മുൻപ് നേര്‍ക്കുനേര്‍ വന്നത്. അന്ന് ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു റയലിന്റെ ജയം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.