ന്യൂഡല്‍ഹി: ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി. ഒക്ടോബര്‍ 26-ന് ടീമിനെ പ്രഖ്യാപിച്ചിരുന്നെങ്കിലും ടീം അംഗങ്ങളുടെ പരിക്ക് സംബന്ധിച്ച് ബി.സി.സി.ഐ മെഡിക്കല്‍ സംഘം ഇപ്പോൾ നൽകിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍ കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്ന് ടീമില്‍ മാറ്റങ്ങൾ വരുത്തിയത്.
നേരത്തെ ട്വന്റി 20 ടീമിലേക്ക് മാത്രം പരിഗണിച്ചിരുന്ന മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിലും ഉള്‍പ്പെടുത്തി. വിക്കറ്റ് കീപ്പറായാണ് താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഹിത് ശര്‍മയെ ഒരു ടീമിലേക്കും പരിഗണിക്കാതിരുന്നത് നേരത്തെ വിവാദമായിരുന്നു. ഇതിനെ തുടർന്ന് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി.
രോഹിത്തിന്റെ ഫിറ്റ്‌നസ് പരിശോധന റിപ്പോര്‍ട്ട് കണക്കിലെടുത്ത് പരിക്ക് പൂർണമായും ഭേദമാകുന്നതിന് ഏകദിന, ട്വന്റി20 പരമ്പരകളിൽ രോഹിത്തിന് വിശ്രമം അനുവദിച്ചു. രോഹിത്തുമായി സംസാരിച്ച ശേഷമാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നതെന്നും ബിസിസിഐ പറഞ്ഞു.
പരിക്ക് കാരണം പരിഗണിക്കാതിരുന്ന പേസര്‍ ഇഷാന്ത് ശര്‍മയെ പരിക്ക് ഭേദമാകുന്ന മുറയ്ക്ക് ടെസ്റ്റ് പരമ്പരയിൽ ഉൾപ്പെടുത്തും. പരിക്കുമൂലം ഐപിഎല്ലിൽ പുറത്തിരിക്കുന്ന വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയെയും പരിക്ക് ഭേദമാകുന്ന മുറയ്ക്ക് ടീമിൽ ഉൾപ്പെടുത്തും.
ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്ന സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ തോളിനേറ്റ പരിക്ക് കാരണം പരിഗണിച്ചില്ല. ഐ.പി.എല്ലില്‍ ഹൈദരാബാദിനായി തിളങ്ങിയ ടി. നടരാജനാണ് വരുണിന് പകരക്കാരന്‍.
അതേസമയം ക്യാപ്റ്റന്‍ വിരാട് കോലി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനു ശേഷം നാട്ടിലേക്ക് മടങ്ങും. പ്രസവ സമയത്ത് അനുഷ്‌കയ്ക്ക് പിന്തുണ നല്‍കാന്‍ വേണ്ടിയാണ് കോലി മാറിനില്‍ക്കുന്നത്.
മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. സിഡ്നിയിലും കാൻബറയിലുമായാണ് ഏകദിന, ട്വന്റി20 മത്സരങ്ങൾ നടക്കുന്നത്. നവംബർ 27ന് സിഡ്നിയിൽ നടക്കുന്ന ഏകദിന മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ഡിസംബർ നാലിനാണ് ട്വന്റി 20 മത്സരങ്ങൾ ആരംഭിക്കുന്നത്. ഡിംസംബർ 17 മുതലാണ് ടെസ്റ്റ് മത്സരങ്ങൾ.
ട്വന്റി 20 ടീം: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ദീപക് ചാഹര്‍, ടി. നടരാജന്‍.
ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ഷാര്‍ദുല്‍ താക്കൂര്‍, സഞ്ജു സാംസണ്‍.
ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്ദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Australian, BCCI, Indian Team, Rohit sharma, Sanju Samson