ഈ വര്‍ഷത്തെ ടി20 ലോകകപ്പിന് മുന്‍പ് ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരുന്ന ടി20 പരമ്പര റദ്ദാക്കാന്‍ ബി സി സി ഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ലോകകപ്പിന് മുന്‍പ് ഐ പി എല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയം ആവശ്യമായതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് ബി സി സി ഐ വൃത്തങ്ങളിലൊരാൾ പി ടി ഐയോട് റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബർ മാസത്തിൽ മൂന്നാം വാരത്തോട് കൂടി യു എ ഇയിൽ തുടങ്ങാമെന്ന് കരുതുന്ന ഐ പി എല്ലിന്റെ രണ്ടാം പാദ മത്സരങ്ങൾ മൂന്ന് ആഴ്ച കൊണ്ട് തീർക്കാമെന്നാണ് ബി സി സി ഐ കരുതുന്നത്.
ഈ വർഷം ഇന്ത്യയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ടി20 ലോകകപ്പിന് മുന്നോടിയായി കോഹ്ലിക്കും കൂട്ടർക്കും മുന്നൊരുക്കങ്ങൾ നടത്താനാണ് ദക്ഷിണാഫ്രിക്കയുമായി ടി20 പരമ്പര ഷെഡ്യൂൾ ചെയ്തിരുന്നത്. മറ്റൊരു ദേശീയ ടീമുമായി പരമ്പര കളിക്കുന്നതിനേക്കാൾ ഗുണകരമാകുക ഐ പി എൽ പോലുള്ള തീവ്രത കൂടിയ ഒരു ടൂർണമെന്റ് കളിക്കുന്നത് തന്നെയാണ് എന്നാണ് ബി സി സി ഐ ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഐ പി എൽ ഇപ്പോൾ പ്ലാൻ ചെയ്യുന്ന രീതിയിൽ നടന്നാൽ ഫൈനല്‍ മത്സരം കഴിഞ്ഞ് 10 ദിവസത്തിനുള്ളില്‍ ടി20 ലോകകപ്പ് ആരംഭിച്ചേക്കും. സെപ്റ്റംബർ മാസത്തിലായിരുന്നു ദക്ഷിണാഫ്രിക്കയുമായി വൈറ്റ് ബോൾ പരമ്പര നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ തിയ്യതികളിൽ പുനഃ ക്രമീകരണം വേണ്ടി വരും.
അതേ സമയം ഉപേക്ഷിക്കുന്ന ടി20 പരമ്പരക്ക് പകരമായി അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ ഇന്ത്യ തയ്യാറാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അതോടൊപ്പം നവംബർ മാസത്തിൽ ന്യൂസിലൻഡ് ടീമുമായി ടെസ്റ്റ് പരമ്പരയും ഇന്ത്യയിൽ ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ ടി20 ലോകകപ്പ് അവസാനിച്ചതിന് ശേഷം മാത്രമേ ഈ പരമ്പര നടത്താൻ കഴിയുകയുള്ളൂ. രാജ്യത്തെ കോവിഡ് വ്യാപനം കാരണം മെയ് നാലിനാണ് ഐ പി എൽ നിർത്തിവെക്കാൻ ബി സി സി ഐ നിർബന്ധിതരായത്. മൊത്തം 31 മത്സരങ്ങൾ ബാക്കിയുള്ള ലീഗിൽ കുറഞ്ഞത് ഒരു മാസത്തെ സമയമെങ്കിലും ലഭിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കിടയിലെ ദൈര്‍ഘ്യം കുറയ്ക്കണമെന്ന് ബി സി സി ഐ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനോട്(ഇസിബി) അഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഇ സി ബി ഇതിനോട് ഇതുവരെയും അനുകൂലമായി പ്രതികരിച്ചിട്ടില്ല. നിശ്ചയിച്ച പ്രകാരം തന്നെ ടൂര്‍ണമെന്റുമായി മുന്നോട്ട് പോകുമെന്നാണ് അവരുടെ നിലപാട്.
Also Read- ICCയുടെ ഹാൾ ഓഫ് ഫെയ്മിൽ വഖാർ യൂനിസ് ഇന്ത്യക്കാരൻ; തെറ്റ് ചൂണ്ടിക്കാട്ടി ആരാധകർ; ട്രോൾ മഴ
ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീം ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷമാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കുക. ജൂൺ 18ന് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കും. ഓഗസ്റ്റിലാണ് ഇംഗ്ലണ്ടുമായുള്ള പരമ്പര ആരംഭിക്കുന്നത്. ഓഗസ്റ്റ് നാലിന് തുടങ്ങി സെപ്റ്റംബർ 14നാണ് പരമ്പര അവസാനിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.