ഇന്റർഫേസ് /വാർത്ത /Sports / 700ല്‍ അധികം രഞ്ജി താരങ്ങളുടെ ആശ്വാസ വേതനം ഒരു വര്‍ഷത്തിന് ശേഷവും നല്‍കാതെ ബി സി സി ഐ

700ല്‍ അധികം രഞ്ജി താരങ്ങളുടെ ആശ്വാസ വേതനം ഒരു വര്‍ഷത്തിന് ശേഷവും നല്‍കാതെ ബി സി സി ഐ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

2019-20 സീസണ്‍ രഞ്ജിട്രോഫിയില്‍ കളിച്ച താരങ്ങള്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം ഒരു വര്‍ഷത്തിന് ശേഷവും ബിസിസിഐ നല്‍കിയിട്ടില്ല എന്നതാണ് പുതിയ പ്രശ്‌നം

  • Share this:

മുന്‍ നിര താരങ്ങളൊഴികെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൃത്യമായ രീതിയില്‍ പ്രതിഫലം ലഭിക്കാത്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇപ്പോള്‍ സജീവമാകുകയാണ്. ഏറ്റവും ഒടുവിലായി രഞ്ജി ട്രോഫി താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാവിഷയം. 2019-20 സീസണ്‍ രഞ്ജിട്രോഫിയില്‍ കളിച്ച താരങ്ങള്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം ഒരു വര്‍ഷത്തിന് ശേഷവും ബിസിസിഐ നല്‍കിയിട്ടില്ല എന്നതാണ് പുതിയ പ്രശ്‌നം.

ലോകകപ്പ് ടി20 ഫൈനലിലെത്തിയ ഇന്ത്യന്‍ വനിത താരങ്ങള്‍ക്ക് ഐസിസിയില്‍ നിന്ന് പണം ലഭിച്ചുവെങ്കിലും അത് താരങ്ങള്‍ക്ക് ഒരു വര്‍ഷത്തിലധികമായിട്ടും ലഭിച്ചില്ലെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോള്‍ താരങ്ങള്‍ക്ക് 18,65,556 രൂപ ലഭിയ്ക്കുമെന്ന് ബി സി സി ഐ അറിയിച്ചിട്ടുണ്ട്. ബിസിസിഐ അടിയന്തരമായി ഇടപ്പെട്ട് ഈ ആഴ്ച തന്നെ പണം ടീമംഗങ്ങള്‍ക്ക് ലഭിയ്ക്കുമെന്നാണ് അറിയിച്ചത്. പണം കോവിഡ് കാരണം ഐസിസിയില്‍ നിന്ന് ലഭിയ്ക്കുവാന്‍ വൈകിയെന്നും ബിസിസിഐ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആയ മുംബൈയില്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ തന്നെ പ്രോസസ്സിംഗ് വൈകിയതുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ബിസിസിഐ നല്‍കിയ വിശദീകരണം.

Also Read-രഞ്ജിയിൽ തിളങ്ങിയിട്ടും ടെസ്റ്റ്‌ ടീമിലേക്ക് പരിഗണിച്ചില്ല; നിരാശ പ്രകടമാക്കി ജയദേവ് ഉനദ്‌ഘട്ട്

കോവിഡ് 19 ന്റെ പശ്ചാത്തലത്തിലായിരുന്നു രഞ്ജിട്രോഫിയില്‍ കളിച്ച എഴുന്നൂറോളം കളികാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ബിസിസിഐ പോയ വര്‍ഷം പ്രഖ്യാപിച്ചത്. എന്നാല്‍ ഒരു വര്‍ഷമായിട്ടും ഇതിനായി ബിസിസിഐ ഒരു നീക്കവും നടത്തിയിട്ടില്ലെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. 700ലധികം താരങ്ങള്‍ക്കാണ് ബിസിസിഐയില്‍ നിന്ന് ഇതുവരെ തങ്ങളുടെ കോംപന്‍സേഷന്‍ ഫീസ് ലഭിക്കാതെ പ്രതിസന്ധിയിലായി നില്‍ക്കുന്നത്. കോവിഡ് കാരണം സംസ്ഥാന യൂണിറ്റുകള്‍ ആവശ്യമായ വിശദാംശങ്ങള്‍ ബിസിസിഐയ്ക്ക് ഇതുവരെ കൈമാറാത്തതാണ് ഇതിന് കാരണമെന്നാണ് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കിയിരിക്കുന്നത്.

നഷ്ടപരിഹാരം നല്‍കുന്നതിന് മുന്‍പ് ആരൊക്കെയാണ് കളിച്ചത്, എത്രയൊക്കെ മത്സരങ്ങളിലാണ് കളിച്ചത്, ആരൊക്കെയായിരുന്നു റിസര്‍വ്വ് താരങ്ങള്‍ എന്നീ വിവരങ്ങള്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളില്‍ നിന്ന് തങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ടെന്നും, എന്നാല്‍ ഇതു വരെ ഒരു അസോസിയേഷനും നഷ്ടപരിഹാര പാക്കേജിനായി നിര്‍ദ്ദേശങ്ങളൊന്നും അയച്ചിട്ടില്ലെന്നും ധുമാലിനെ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. 2019-20 സീസണിലെ വേതനം ആണ് തടസ്സമായിരിക്കുന്നത്. 2020-21 സീസണില്‍ കോവിഡ് പ്രതിസന്ധി കാരണം സയ്യിദ് മുഷ്താഖ് അലി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയും മാത്രമാണ് ബിസിസിഐ സംഘടിപ്പിച്ചത്.

Also Read-ഞാൻ ക്രീസിൽ നിന്നാൽ ടീം ജയിക്കുമെന്നുള്ള കാര്യം കോഹ്ലിക്ക് അറിയാം, അതുകൊണ്ടാണ് അദ്ദേഹം സ്ലെഡ്ജ് ചെയ്തത്: സൂര്യകുമാർ യാദവ്

ഇന്ത്യന്‍ വനിതാ ടീമിനു തുക കൈമാറിയട്ടില്ലാ എന്ന ആരോപണം ടെലിഗ്രാഫാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെലിഗ്രാഫിന്റെ ട്വീറ്റിനു മറുപടിയായി ഓസിസ് താരം ബ്രാഡ് ഹോഡ്ജ് രംഗത്തെത്തിയിരുന്നു. 'പത്ത് വര്‍ഷത്തിന് മുമ്പ് കൊച്ചി ടസ്‌ക്കേഴ്‌സ് കേരളക്കായി കളിച്ച താരങ്ങള്‍ക്ക് ഇതുവരെ ബാക്കി 35 ശതമാനം പണം ലഭിച്ചിട്ടില്ല. ഏതെങ്കിലും വിധത്തില്‍ ബി സി സി ഐക്ക് ആ പണം എവിടെയെന്ന് കണ്ടെത്താന്‍ സാധിക്കുമോ?' എന്നാണ് ഹോഡ്ജ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ട്വീറ്റും ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാണ്.

First published:

Tags: BCCI, Ranji trophy