• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2022 |ഐപിഎല്‍ സംപ്രേഷണാവകാശം പിടിക്കാന്‍ റിലയന്‍സ് മുതല്‍ ആമസോണ്‍ വരെ; ബിസിസിഐ ലക്ഷ്യമിടുന്നത് 45000 കോടി രൂപ

IPL 2022 |ഐപിഎല്‍ സംപ്രേഷണാവകാശം പിടിക്കാന്‍ റിലയന്‍സ് മുതല്‍ ആമസോണ്‍ വരെ; ബിസിസിഐ ലക്ഷ്യമിടുന്നത് 45000 കോടി രൂപ

2018-2022 സീസണുകളിലേക്കുള്ള സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ വാങ്ങിയപ്പോഴുള്ള തുകയായ 16,347 കോടി രൂപയുടെ മൂന്നിരട്ടി ഇത്തവണ ബിസിസിഐക്ക് ലഭിക്കുമെന്നാണ് വിവരം.

  • Share this:
    ഐപിഎല്‍ (IPL) സംപ്രേഷണാവകാശം (media rights) വില്‍ക്കുന്നതിലൂടെ 45,000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിച്ച് ബിസിസിഐ (BCCI). സോണി സ്‌പോര്‍ട്‌സ്, ഡിസ്‌നി സ്റ്റാര്‍ നെറ്റ്വര്‍ക്ക്, റിലയന്‍സ് വയാകോം 18, ആമസോണ്‍ തുടങ്ങിയ വമ്പന്മാരാണ് ഐപിഎല്ലിന്റെ സംപ്രേഷണാവകാശത്തിനായി രംഗത്തുള്ളത്.

    നാല് വര്‍ഷത്തേക്കാണ് ഐപിഎല്‍ ടെലിവിഷന്‍-ഡിജിറ്റല്‍ ടെലികാസ്റ്റ് അവകാശം ബിസിസിഐ വില്‍ക്കുന്നത്. 2023 മുതല്‍ 2027 വരെയാണ് കാലാവധി. മാര്‍ച്ച് അവസാനത്തോട് കൂടി ഇതിനായി ഓണ്‍ലൈന്‍ വഴി ലേലം നടക്കും. ടെന്‍ഡറിനുള്ള ക്ഷണപത്രം ഫെബ്രുവരി 10ഓടെ ഇറക്കുമെന്നാണ് സൂചന.

    2018-2022 സീസണുകളിലേക്കുള്ള സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ വാങ്ങിയപ്പോഴുള്ള തുകയായ 16,347 കോടി രൂപയുടെ മൂന്നിരട്ടി ഇത്തവണ ബിസിസിഐക്ക് ലഭിക്കുമെന്നാണ് വിവരം. ഇതിനു മുമ്പ് സ്റ്റാര്‍ ഇന്ത്യയും സോണി പിക്‌ചേഴ്‌സും 10 വര്‍ഷത്തേക്ക് സംപ്രേഷണ കരാര്‍ എടുത്തത് 8,200 കോടി രൂപയ്ക്കായിരുന്നു.

    2023-27 വര്‍ഷത്തേക്ക് 40,000 കോടി മുതല്‍ 45,000 കോടി വരെ സംപ്രേഷണാവകാശ തുക ഉയര്‍ന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. 35,000 കോടി രൂപയാണ് ഐപിഎല്‍ മീഡിയ റൈറ്റ്സിലൂടെ പ്രതീക്ഷിക്കുന്നത് എന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നത്. എന്നാല്‍ ഗാംഗുലിയുടെ പ്രവചനത്തേയും തുക കടത്തി വെട്ടുമെന്നാണ് സൂചന.

    IND vs WI | ഇന്ത്യൻ ക്യാമ്പിൽ കോവിഡ് വ്യാപനം; ധവാനടക്കം മൂന്ന് താരങ്ങൾ പോസിറ്റീവ്; വിൻഡീസ് പരമ്പര അനിശ്ചിതത്വത്തില്‍

    വെസ്റ്റ് ഇന്‍ഡീസിനെതിരായ പരിമിത ഓവർ ക്രിക്കറ്റ് പരമ്പരയ്‌ക്ക് മുമ്പ് ഇന്ത്യക്ക് വൻ തിരിച്ചടി. പരമ്പരയ്ക്കായി ഒരുങ്ങുന്ന ഇന്ത്യൻ ടീമിൽ കോവിഡ് വ്യാപനം സ്ഥിരീകരിച്ചതാണ് ഇന്ത്യൻ സംഘത്തിന് തിരിച്ചടിയായിരിക്കുന്നത്. മൂന്ന് താരങ്ങളടക്കം ആറ് പേര്‍ കോവിഡ് പോസിറ്റീവ് ആയതായി ബിസിസിഐ അറിയിച്ചു.

    സീനിയർ താരം ശിഖര്‍ ധവാന്‍, യുവ താരങ്ങളായ ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്‌ക്‌വാദ് എന്നിവർക്കും മൂന്ന് സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ശിഖര്‍ ധവാന്‍ സീനിയര്‍ ഓപ്പണറും ഋതുരാജ് ഗെയ്‌ക്‌വാദ് റിസര്‍വ് ഓപ്പണറും ശ്രേയസ് അയ്യര്‍ മിഡില്‍-ഓര്‍ഡര്‍ ബാറ്ററുമാണ്.

    ബിസിസിഐയുടെ മെഡിക്കല്‍ സംഘം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. കോവിഡ് ബാധിച്ച താരങ്ങള്‍ക്ക് പകരം പുതിയ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. താരങ്ങൾ രോഗബാധിതരായതോടെ അനിശ്ചിതത്വത്തിലായ പരമ്പര നീട്ടിവെക്കാൻ ബിസിസിഐ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

    വെസ്റ്റിൻഡീസിനെതിരായ ഏകദിന-ടി20 പരമ്പരയിലെ ഏകദിന പരമ്പരയ്ക്കായി 31നാണ് ഇന്ത്യന്‍ താരങ്ങള്‍ അഹമ്മദാബാദിലെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും രോഗബാധ കണ്ടെത്തിയത്.

    ഫെബ്രുവരി ആറ് മുതൽ 20 വരെ നടക്കുന്ന പരമ്പരയിൽ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണുള്ളത്. ഫെബ്രുവരി ആറിന് അഹമ്മദാബാദിൽ വെച്ചാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്. തുടർന്ന് ടി20 പരമ്പരയും അരങ്ങേറും. കോവിഡ് ഭീഷണിയുള്ളതിനാൽ ഏകദിന പരമ്പരയിലെ മത്സരങ്ങൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ടി20 പരമ്പരയിലെ മത്സരങ്ങൾ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ മാത്രമായിട്ടാണ് നടത്തുന്നത്. 6, 9, 11 തിയതികളിലായി ഏകദിന മത്സരങ്ങളും ഇതിന് ശേഷം 16, 18, 20 തിയതികളിലായി ടി20 മത്സരങ്ങളും നടക്കും.
    Published by:Sarath Mohanan
    First published: