ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന രവി ശാസ്ത്രിക്ക് പകരം അനിൽ കുംബ്ലെയെ തൽസ്ഥാനത്തേക്ക് കൊണ്ടുവരാൻ ബിസിസിഐ ലക്ഷ്യമിടുന്നതായി സൂചന. മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇന്ത്യയുടെ ഇതിഹാസ ലെഗ് സ്പിന്നറുമായ കുംബ്ലെ നേരത്തെ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു. 2017ൽ ഇന്ത്യയുടെ പരിശീലകനായിരിക്കെ ക്യാപ്റ്റൻ കോഹ്ലിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് കുംബ്ലെ പരിശീലക സ്ഥാനത്ത് നിന്നും ഒഴിയുകയായിരുന്നു.
കുംബ്ലെ രാജിവെച്ച് ഒഴിഞ്ഞതിന് ശേഷം വിരാട് കോഹ്ലിയുടെ കൂടി താത്പര്യ പ്രകാരമാണ് രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തിയത്. എന്നാലിപ്പോൾ ശാസ്ത്രി സ്ഥാനമൊഴിയുന്നതോടെ അതേ കുംബ്ലെയെ തിരികെ എത്തിക്കാന്‍ ആണ് ബിസിസിഐ ശ്രമം. കോഹ്ലി ഈ നീക്കത്തോട് എങ്ങനെ പ്രതികരിക്കും എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഇപ്പോൾ ബിസിസിഐ തലപ്പത്ത് പുതിയ ഭരണകൂടം അധികാരത്തിലേറിയതിനാൽ കുംബ്ലെയെ തിരികെകൊണ്ടുവരാനുള്ള സാദ്ധ്യതകൾ തേടുകയാണ് ബിസിസിഐ.
ടി20 ലോകകപ്പിന് ശേഷം കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഒഴിയുകയാണെന്നത് പ്രഖ്യാപിച്ചതിന് പിന്നാലെ ബിസിസിഐ നടത്തിയ പത്രസമ്മേളനത്തിൽ ഇന്ത്യൻ ടീമിന്റെ മുന്നോട്ടുള്ള യാത്രയുടെ വ്യക്തമായ പ്ലാൻ ബോർഡിന് പക്കലുണ്ടെന്ന് സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു.
2017ൽ കോഹ്ലിയുടെ താത്പര്യങ്ങൾക്ക് എതിരായി കുംബ്ലെ തന്നെ പരിശീലകനായി തുടരണമെന്ന് ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലിക്ക് ആഗ്രഹമുണ്ടായിരുന്നു. അന്ന് ക്രിക്കറ്റ് ഇമ്പ്രൂവ്മെന്റ് കമ്മിറ്റിയിൽ അംഗമായിരുന്നു ദാദ. ഇപ്പോൾ ബോർഡിന്റെ പ്രസിഡന്റ് സ്ഥാനത്താണ് ദാദ ഇരിക്കുന്നത് എന്നതിനാൽ കുംബ്ലെയെ തിരിച്ചുവരവിന് വലിയ സാധ്യതയാണ് തെളിയുന്നത്.
Also read- Virat Kohli| ടി20 ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റൻ പദവി ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്ലിവളരെ കുറച്ചുകാലമെ കുംബ്ലെ ഇന്ത്യയെ പരിശീലിപ്പിച്ചിട്ടുള്ളൂവെങ്കിലും വളരെ മികച്ച റെക്കോര്‍ഡാണ് കുംബ്ലെയ്ക്ക് ഉള്ളത്. 2017ൽ അദ്ദേഹത്തിന്റെ കീഴിലാണ് ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ എത്തിയത്. ഫൈനലിൽ എത്തിയെങ്കിലും പാകിസ്താനോട് തോറ്റ ഇന്ത്യക്ക് കിരീടം നേടാൻ കഴിഞ്ഞില്ല. കുംബ്ലെയുടെ കീഴിൽ വെസ്റ്റിന്‍ഡീസ്, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നിവര്‍ക്ക് എതിരെ ടെസ്റ്റ് പരമ്പരകളും ഇന്ത്യൻ സംഘം സ്വന്തമാക്കിയിരുന്നു. നിലവിൽ യുഎ ഇയിലാണ് കുംബ്ലെ. ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെ മുഖ്യ പരിശീലക സ്ഥാനത്തോടൊപ്പം ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടർ സ്ഥാനവും കുംബ്ലെ വഹിക്കുന്നുണ്ട്.
Also read- Indian Cricket Team| രവി ശാസ്ത്രി തുടരില്ല; സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്അതേസമയം, കുംബ്ലെയെ സമീപിക്കുന്നതിന് മുൻപ് മുൻ ശ്രീലങ്കൻ താരവും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പരിശീലകനുമായ മഹേള ജയവർദ്ധനയ്ക്ക് പരിശീലക സ്ഥാനത്തേക്കുള്ള കരാറുമായി സമീപിക്കാനും പദ്ധതിയിടുന്നുണ്ട്. എന്നാൽ മുംബൈക്കൊപ്പം തുടർന്ന് ശ്രീലങ്കൻ ടീമിനെ പരിശീലിപ്പിക്കാനാണ് ജയവർദ്ധനെയുടെ താത്പര്യം എന്നാണ് അറിയുന്നത്. ഇന്ത്യയുടെ പരിശീലകനാകണമെങ്കിൽ മുംബൈ ഇന്ത്യൻസിന്റെ പരിശീലക സ്ഥാനം ജയവർദ്ധനെ ഒഴിയേണ്ടി വരും. ബിസിസിഐ ഭരണഘടന പ്രകാരം ഇന്ത്യൻ പരിശീലകനാകുന്ന വ്യക്തിക്ക് മറ്റ് ചുമതലകൾ ഏറ്റെടുക്കാനുള്ള അനുവാദമില്ല എന്നതിനാലാണ് ഇത്.
കുംബ്ലെയെ ബിസിസിഐ സമീപിക്കുകയും അദ്ദേഹം സമ്മതം മൂളുകയും ചെയ്യുകയാണെങ്കിൽ അദ്ദേഹത്തിനും പഞ്ചാബിന്റെ ചുമതലകളിൽ നിന്നും ഒഴിയേണ്ടി വരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.