ജൂലൈ ഏഴ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് വളരെ വിശേഷപ്പെട്ട ദിവസമാണ്. എന്തുകൊണ്ടെന്നാൽ ഇന്ത്യക്ക് ലോക കിരീടങ്ങൾ സമ്മാനിച്ച അവരുടെ ക്യാപ്റ്റൻ കൂൾ എം എസ് ധോണിയുടെ ജന്മദിനം ഇന്നേ ദിവസമാണ്. എന്നാൽ ഇന്ന് ധോണിയുടെ ജന്മദിനം മാത്രമാണോ ഉള്ളത്. അല്ല, ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു താരത്തിന്റെ കൂടി ജന്മദിനമാണ് ഇന്ന്. ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിക്കാവുന്ന ആഭ്യന്തര ക്രിക്കറ്റിൽ കർണാടകക്ക് വേണ്ടിയും ഐപിഎല്ലിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിക്കുന്ന മലയാളിയായ ദേവ്ദത്ത് പടിക്കലിന്റെ കൂടി ജന്മദിനമാണ് ഇന്ന്.
ഇന്ന് ധോണി തന്റെ 40ാം ജന്മദിനം ആഘോഷിക്കുമ്പോൾ പടിക്കലിന് ഇന്ന് 21 വയസ്സ് തികയുകയാണ്. നിലവിൽ ഇന്ത്യൻ ടീമിനൊപ്പം ശ്രീലങ്കൻ പര്യടനത്തിലുള്ള പടിക്കലിന്റെ പരിശീലന സെഷനുകൾക്കിടയിലെ വീഡിയോ പങ്കുവെച്ച് ബിസിസിഐയാണ് യുവതാരത്തിന്റെ കൂടി ജന്മദിനം ഇന്നാണ് എന്ന് അറിയിച്ചത്. പിറന്നാളുകാരൻ എത്ര മനോഹരമായാണ് പന്തുകളെ കണക്ട് ചെയ്യുന്നതെന്ന കുറിപ്പോടെയാണ് ബിസിസിഐ ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുള്ളത്. 30 സെക്കന്റ് നീളമുള്ള ഈ വീഡിയോയിൽ പടിക്കൽ വളരെ ഭംഗിയായി തനിക്ക് നേർക്ക് എറിഞ്ഞു തരുന്ന പന്തുകളെ നേരിടുന്നത് കാണുകയും ചെയ്യാം.
🔉 SOUND ON!
3⃣0⃣ seconds of the birthday boy timing the ball to perfection in the nets 😍 👌
ഇന്ത്യൻ ജേഴ്സിയിൽ പടിക്കലിന് ഇത് അരങ്ങേറ്റ പരമ്പരയാണ്. വിരാട് കോഹ്ലി, രോഹിത് ശർമ എന്നിങ്ങനെ ഇന്ത്യയുടെ മുൻനിര താരങ്ങളെല്ലാം ഇംഗ്ലണ്ട് പര്യടനത്തിൽ ആയതിനാലാണ് പടിക്കൽ ഉൾപ്പെടെ ഒരുപിടി യുവതാരങ്ങൾക്ക് ശ്രീലങ്കൻ പര്യടനത്തിന് പോകുന്ന ടീമിലേക്ക് വിളി വന്നത്. ശ്രീലങ്കയിൽ മൂന്ന് വീതം ഏകദിനങ്ങളും ടി20കാലും അടങ്ങുന്ന നിശ്ചിത ഓവർ പരമ്പരകളാണ് ഇന്ത്യൻ ടീം കളിക്കുന്നത്. കോഹ്ലിയുടെയും രോഹിത് ശർമയുടെയും അഭാവത്തിൽ ഇന്ത്യയെ നയിക്കുന്നത് ശിഖർ ധവാനാണ്. രാഹുൽ ദ്രാവിഡാണ് ടീമിന്റെ പരിശീലകൻ.
കഴിഞ്ഞ കുറച്ച് കാലമായി നടത്തുന്ന സ്ഥിരതയാർന്ന പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് പടിക്കലിന് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ചത്. കഴിഞ്ഞ സീസണിലെ വിജയ് ഹസാരെ ടൂര്ണമെന്റിൽ തകർപ്പൻ പ്രകടനം നടത്തി 737 റൺസ് നേടിയ താരം കോവിഡ് കാരണം നിർത്തിവെക്കേണ്ടി വന്ന ഐപിഎല്ലിലും മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കോഹ്ലിയോടൊപ്പം ഓപ്പണിംഗിൽ ഇറങ്ങിയ താരം ആറ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ചുറി അടക്കം 195 റൺസാണ് നേടിയത്.
ഈയിടെ ലങ്കയിൽ ഇന്ത്യൻ താരങ്ങൾ തമ്മിൽ കളിച്ച ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ പൃഥ്വി ഷായ്ക്കൊപ്പം 60 റൺസ് കൂട്ടുകെട്ട് തീർത്തിരുന്നു. ലങ്കക്കെതിരായ പരമ്പരയിൽ ക്യാപ്റ്റൻ ശിഖർ ധവാനൊപ്പം ഓപ്പണിംഗിൽ ഇറങ്ങാൻ സാധ്യതയുള്ളവരിൽ മുൻപന്തിയിലാണ് പടിക്കലിന്റെ സ്ഥാനം.
ജൂലൈ 13നാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്.
Summary
BCCI wishes Devdutt Padikkal on his birthday in style, shares a 30 second video of the youngster in action at a practice session in Sri Lanka
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.