ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവുമധികം സിക്സർ നേടുന്ന താരമായി. ഇംഗ്ലണ്ട് ടീമിന്‍റെ പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തെയാണ് ഇക്കാര്യത്തിൽ സ്റ്റോക്ക്സ് പിന്നിലാക്കിയത്. ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിൽ സ്റ്റോക്‌സിന്റെ ആദ്യ സിക്‌സർ സ്റ്റോക്ക്സ് നേടിയതോടെയാണ് മക്കല്ലത്തിന്റെ റെക്കോർഡ് പഴങ്കഥയായത്.
ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ പിങ്ക് ബോൾ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം ഇംഗ്ലണ്ട് ബാറ്റർമാർ റൺസ് വാരിക്കൂട്ടുകയായിരുന്നു. ഈ ഇന്നിംഗ്സിൽ സ്റ്റോക്ക്സ് രണ്ട് സിക്സറുകളാണ് നേടിയത്. ഇത് സ്റ്റോക്ക്സിന്‍റെ 90-ാമത് ടെസ്റ്റ് മത്സരമാണ്. നിലവിൽ 164 ഇന്നിംഗ്സുകളിൽനിന്നായി 109 സിക്സറുകളാണ് സ്റ്റോക്ക്സ് നേടിയിട്ടുള്ളത്.
176 ഇന്നിംഗ്സുകളിൽനിന്ന് മക്കല്ലം നേടിയതാകട്ടെ 107 സിക്സറുകളും. ഓസീസ് മുൻ വിക്കറ്റ് കീപ്പറും ഓപ്പണറുമായ ആദം ഗിൽക്രിസ്റ്റാണ് പട്ടികയിലെ മൂന്നാമൻ. 17 മത്സരങ്ങളിൽനിന്ന് 100 സിക്സറുകളാണ് ഗില്ലി നേടിയത്. ക്രിസ് ഗെയിൽ 98 സിക്സറും കാലിസ് 97 സിക്സറുകളുമാണ് ടെസ്റ്റിൽ നേടിയിട്ടുള്ളത്. ആദ്യം എട്ടിൽ ഇടംനേടിയ ഏക ഇന്ത്യക്കാരൻ വീരേന്ദർ സെവാഗാണ്. 180 ഇന്നിംഗ്സിൽനിന്നായി 91 സിക്സറുകളാണ് സെവാഗ് നേടിയിട്ടുള്ളത്.
ഇംഗ്ളണ്ട്-ന്യൂസിലാൻഡ് മത്സരത്തിൽ വളരെ പ്രധാനപ്പെട്ട മറ്റൊരു നാഴികക്കല്ല് കൂടി പിറന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 1000 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബോളിങ് ജോഡിയായി സ്റ്റുവർട്ട് ബ്രോഡും ജെയിംസ് ആൻഡേഴ്സണും മാറി. ഇരുവരും കൂടി നാല് വിക്കറ്റ് നേടിയതോടെയാണ് ഈ നേട്ടത്തിലെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.