ഇന്റർഫേസ് /വാർത്ത /Sports / Tokyo Olympics | ജനസംഖ്യ വെറും 70000! ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി ചരിത്രം തിരുത്തി ബെര്‍മുഡ

Tokyo Olympics | ജനസംഖ്യ വെറും 70000! ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി ചരിത്രം തിരുത്തി ബെര്‍മുഡ

ഫ്‌ലോറ ഡഫി

ഫ്‌ലോറ ഡഫി

ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ഏറ്റവും കുറവ് ജനസംഖ്യയുള്ള രാജ്യമെന്ന റെക്കോര്‍ഡാണ് ബെര്‍മുഡ പോക്കറ്റിലാക്കിയത്.

  • Share this:

ടോക്യോ ഒളിമ്പിക്‌സില്‍ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബെര്‍മുഡ. ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ഏറ്റവും കുറവ് ജനസംഖ്യയുള്ള രാജ്യമെന്ന റെക്കോര്‍ഡാണ് ബെര്‍മുഡ പോക്കറ്റിലാക്കിയത്. വനിതകളുടെ ട്രയാത്തലണില്‍ ഫ്‌ലോറ ഡഫിയാണ് രാജ്യത്തിനായി ആദ്യ സ്വര്‍ണം സമ്മാനിച്ചത്.1:53.36 മിനിറ്റിലാണ് ഫ്‌ലോറ ഡഫി ഫിനിഷ് ചെയ്തത്.

ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് ബെര്‍മുഡയുടെ ഫ്‌ലോറ ഡഫി ഏതൊരു അത്ലറ്റിന്റെയും അന്തിമ സ്വപ്നമായ ഒളിമ്പിക് സ്വര്‍ണമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായ പരിക്കുകളും, രക്തക്കുറവ്വ് നിമിത്തമുണ്ടാവുന്ന വിളര്‍ച്ചയുമെല്ലാം താരത്തിന്റെ കരിയറില്‍ തളര്‍ത്തിയിരുന്നു. പക്ഷെ ഇവയെയെല്ലാം അതിജീവിച്ച് 33ാം വയസ്സില്‍ ഡഫി ഒളിമ്പിക് സ്വര്‍ണത്തിന് ഉടമയായിരിക്കുകയാണ്.

കരിയറിലെ നാലാം ഒളിംപിക്‌സിലാണ് ഡഫിയുടെ സ്വര്‍ണ നേട്ടം. വെറും 70,000ത്തോളം മാത്രം ജനസംഖ്യയുള്ള ബെര്‍മുഡയ്ക്ക് ഇത് ആഘോഷമാകാതിരിക്കുന്നത് എങ്ങനെയാകും. 130 കോടിയിലേറെ ജനസംഖ്യയുള്ള നമ്മുടെ രാജ്യം ആദ്യ സ്വര്‍ണത്തിനു വേണ്ടി കാത്തിരിപ്പ് തുടരുമ്പോള്‍ ബെര്‍മുഡയുടെ നേട്ടം എത്രമാത്രം ഉയരത്തിലാണെന്ന് മനസിലാകും.

Also read: IND vs ENG | പൃഥ്വി ഷായും, സൂര്യകുമാറും ഇംഗ്ലണ്ടിലേക്ക്! ടെസ്റ്റ് പരമ്പരയ്ക്കുള്ള പുതിയ ടീമിനെ പ്രഖ്യാപിച്ച് ബി സി സി ഐ

2008ലെ ബെയ്ജിങ് ഒളിമ്പിക്സില്‍ ഡഫി മല്‍സരിച്ചിരുന്നു. പക്ഷെ അന്നു മല്‍സരം പൂര്‍ത്തിയാക്കാന്‍ അവള്‍ക്ക് സാധിച്ചിരുന്നില്ല. ഇതിന് ശേഷം അവര്‍ കായികരംഗത്തു നിന്നു പിന്‍മാറിയിരുന്നു. അതിനു ശേഷം ഒരു ഷോപ്പില്‍ ജോലിക്കു പോവുകയും ചെയ്തിരുന്നു. പിന്നീട് ബിരുദത്തിനു പഠിക്കവെയാണ് ഡഫി വീണ്ടും മല്‍സരരംഗത്തേക്കു തിരിച്ചെത്തിയത്. ഇന്നു 15 മിനിറ്റോളം വൈകിയായിരുന്നു മല്‍സരം ആരംഭിച്ചത്. അവസാന സെഷനിലായിരുന്നു ഡഫി മല്‍സരത്തിന്റെ നിയന്ത്രണമേറ്റെടുത്തത്. ആദ്യ നാലു ലാപ്പുകള്‍ പൂര്‍ത്തിയായതിനു പിന്നാലെ അവര്‍ ലീഡ് നേടിയെടുക്കുകയായിരുന്നു.

Also read: Tokyo Olympics| നീന്തൽ: 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്ട്രോക്ക് ഹീറ്റ്‌സിൽ സജൻ പ്രകാശിന് നാലാം സ്ഥാനം, സെമി കാണാതെ പുറത്ത്

കായികക്ഷമതയുടെ ഏറ്റവും വലിയ പരീക്ഷണമാണ് ട്രയാത്തലണ്‍ മത്സരം. 1500 മീറ്റര്‍ നീന്തല്‍, 40 കിലോ മീറ്റര്‍ സൈക്ലിങ്, പിന്നെ 10 കിലോ മീറ്റര്‍ ഓട്ടം. ഫിനിഷിങ് ലൈനിലേക്ക് ഫ്‌ലോറ ഡഫി ഓടിയെത്തുമ്പോള്‍ എതിരാളികള്‍ ബഹുദൂരം പിന്നിലായിരുന്നു. ഒരു മിനിറ്റിന്റെ വ്യത്യാസത്തിലാണ് ബ്രിട്ടന്റെ ജോര്‍ജിയ ടെയ്ലര്‍ ബ്രൗണ്‍ രണ്ടാംസ്ഥാനത്തെത്തി വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. അമേരിക്കയുടെ കെയ്റ്റി സഫേഴ്സിനാണ് വെങ്കലം.

വെറും 53 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള രാജ്യത്ത് നിന്നെത്തിയ 33കാരിയായ ഡഫി മത്സരത്തില്‍ മാത്രം പിന്നിട്ടത് 51.5 കിലോ മീറ്റര്‍ ദൂരമാണ്. ബെര്‍മുഡയുടെ രണ്ടാം മെഡല്‍ നേട്ടമാണിത്. 1936ലാണ് ബെര്‍മുഡ ആദ്യമായി ഒളിമ്പിക്‌സിനെത്തിയത്. 1976ല്‍ ഹെവിവെയ്റ്റ് ബോക്‌സിങ്ങില്‍ ക്ലാരന്‍സ് ഹില്‍ നേടിയ വെങ്കലമാണ് ബെര്‍മുഡയുടെ ഇതിന് മുന്‍പുള്ള മെഡല്‍ നേട്ടം. രാജ്യത്തിന്റെ അഭിമാനമാണ് ഫ്‌ലോറയെന്ന് ബെര്‍മുഡ ഭരണത്തലവന്‍ ഡേവിഡ് ബര്‍ട്ട് അഭിനന്ദിച്ചു.

First published:

Tags: Flora duffy, Tokyo Olympics, Tokyo Olympics 2020