നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • India Vs England T20I | ഇംഗ്ലണ്ട് കരുതിയിരിക്കുക, പുതിയ തന്ത്രങ്ങളുമായി പോരാടാൻ ഇന്ത്യ ഒരുങ്ങുന്നു

  India Vs England T20I | ഇംഗ്ലണ്ട് കരുതിയിരിക്കുക, പുതിയ തന്ത്രങ്ങളുമായി പോരാടാൻ ഇന്ത്യ ഒരുങ്ങുന്നു

  കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി തിളങ്ങാൻ കഴിയാതെ പോയ കോഹ്‌ലി ഫോമിലായത് ഇന്ത്യക്ക് നൽകുന്ന ആത്മവിശ്വാസം ചില്ലറ ആയിരിക്കില്ല.

  kohli

  kohli

  • Share this:
   അഹമ്മദാബാദ്: രണ്ടാം ടി20യിലെ ആധികാരിക വിജയത്തിലൂടെ പരമ്പരയിൽ ശക്തമായ ആത്മവിശ്വാസത്തോടെ തിരിച്ചുവന്ന ഇന്ത്യ മൂന്നാം ടി20ക്കായി ഇറങ്ങുന്നത് പുതിയ തന്ത്രങ്ങളുമായിട്ടായിരിക്കും. പരമ്പരയിലെ ആദ്യത്തെ മത്സരത്തിൽ കളിയുടെ സമ്പൂർണ്ണ മേഖലയിലും ഇംഗ്ലണ്ടിന് മുന്നിൽ അടിയറവു പറയേണ്ടി വന്ന ഇന്ത്യ രണ്ടാം മത്സരത്തിൽ അതിന്‍റെ കുറവുകൾ എല്ലാം നികത്തി കൊണ്ട് ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ടിന് മേൽ വിജയം നേടിയത്.

   32 പന്തിൽ 56 റൺസ് നേടി തന്‍റെ അരങ്ങേറ്റ മത്സരം കൊഴുപ്പിച്ച ഇഷാൻ കിഷനാണ് ഇന്ത്യൻ ടീമിന്‍റെ കളിയോടുള്ള സമീപനം മാറ്റിമറിച്ചത്. ആദ്യ മത്സരത്തിൽ തണുപ്പൻ പ്രകടനം കൊണ്ട് നിറം മങ്ങിയ ഇന്ത്യൻ നിരക്ക് ഈ പുതു സമീപനം ഒരു പുത്തൻ ഉണർവാണ് സമ്മാനിച്ചത്. ബാറ്റ്സ്മാന്മാരെ അവരുടെ തനതു ശൈലിയിൽ കളിക്കാൻ അനുവദിക്കുക എന്ന നയമാണ് ഇന്ത്യ സ്വീകരിച്ചത്. ഇത് മത്സരം വിജയിക്കാൻ ഇന്ത്യക്ക് സഹായകമായി.

   ആദ്യ ഓവറിൽ തന്നെ കെ‌ എൽ രാഹുലിനെ നഷ്ടപ്പെട്ടിട്ടും ഇന്ത്യ കളിയിൽ പിന്നോട്ട് പോയില്ല. ഇംഗ്ലണ്ടിന്‍റെ ഒന്നാം നമ്പർ ബോളറായ ജോഫ്രാ ആർച്ചറെ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ഇഷാൻ കിഷനാണ് ആക്രമണത്തിന്‍റെ നേതൃത്വം ഏറ്റെടുത്തത്.

   കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി തിളങ്ങാൻ കഴിയാതെ പോയ കോഹ്‌ലി ഫോമിലായത് ഇന്ത്യക്ക് നൽകുന്ന ആത്മവിശ്വാസം ചില്ലറ ആയിരിക്കില്ല. പുറത്താകാതെ 73 റൺസ് നേടി കൊഹ്‌ലിയാണ് തന്‍റെ ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ കഴിഞ്ഞ രണ്ട് ടെസ്റ്റ് പരമ്പരകളിലും ഈ പരമ്പരയിലെ ആദ്യ മത്സരത്തിലും ചെറിയ സ്കോറിന് ആണ് പുറത്തായിരുന്നത്.

   അത് പോലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് നിരക്ക് മുന്നിൽ വാലു മടക്കി നിന്ന ഇന്ത്യൻ ബോളിങ് നിര കഴിഞ്ഞ മത്സരത്തിൽ സട കുടഞ്ഞെഴുന്നേൽക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ പ്രതിരോധിക്കാൻ അധികം റൺസ് ഇല്ലാതിരുന്ന ഇന്ത്യൻ ബോളിങ് നിര രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെ വലിയ സ്കോർ നേടുന്നതിൽ നിന്നും തടഞ്ഞു നിർത്തി. അവസാന അഞ്ച് ഓവറിൽ ആകെ 32 റൺസ് എടുക്കാനേ ഇംഗ്ലണ്ടിന്‍റെ പേരുകേട്ട വെടിക്കെട്ട് ബാറ്റിംഗ് നിരക്ക് കഴിഞ്ഞുള്ളൂ. നന്നായി പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാർ ഇംഗ്ലണ്ടിനെ 164 റൺസിൽ ഒതുക്കി. ഇതേ പ്രകടനം ആവർത്തിക്കാൻ ആകും കോഹ്‌ലിയുടെ ടീം ശ്രമിക്കുക.

   Also Read- വാക്കു പാലിച്ച് അരങ്ങേറ്റക്കാരൻ ഇഷാൻ കിഷൻ; ഇന്ത്യക്ക് സമ്മാനിച്ചത് ഉജ്ജ്വല വിജയം

   ഇന്ത്യൻ ടീം പ്രതീക്ഷ വക്കുന്നത് റിഷഭ് പന്തിന്‍റെ ബാറ്റിൽ നിന്നുമുള്ള വെടിക്കെട്ട് പ്രകടനത്തിനാവും. രണ്ട് മത്സരങ്ങളിലും നല്ല തുടക്കം ലഭിച്ച പന്ത് പക്ഷേ അത് മുതാലാക്കുന്നതിൽ പരാജയപ്പെട്ടു. അയ്യർക്ക് മുകളിൽ സ്ഥാനക്കയറ്റം കിട്ടി എത്തിയ പന്തിൽ നിന്നും ടീം മാനേജ്മെന്‍റ് പ്രതീക്ഷിക്കുന്നത് കുറച്ച് കൂടി മെച്ചപ്പെട്ട പ്രകടനങ്ങൾ ആവും. പ്രത്യേകിച്ച് അത്തരം പ്രകടനങ്ങൾ ഏതു നിമിഷവും പുറത്തെടുക്കാൻ കഴിയുന്ന ഒരു താരം കൂടിയാകുമ്പോൾ.

   ആദ്യ രണ്ടു മത്സരങ്ങളിൽ പുറത്തിരുന്ന രോഹിത് ശർമ്മയുടെ തിരിച്ചുവരവാകും എല്ലാവരും ഉറ്റുനോക്കുന്നത്. ഇഷാൻ അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച വച്ചതുകൊണ്ട് രണ്ട് കളിയിലും നിറം മങ്ങിയ രാഹുൽ രോഹിത് ശർമ്മക്ക് വേണ്ടി വഴി മാറികൊടുക്കേണ്ടി വരും.

   പുതിയ തന്ത്രങ്ങളും പരീക്ഷണങ്ങളും ഒക്കെ ഇന്ത്യ നടത്തുന്നത് ഇന്ത്യയിൽ ഒക്ടോബറിൽ നടക്കാൻ പോകുന്ന ടി 20 വേൾഡ് കപ്പ് മുന്നിൽ കണ്ടുകൊണ്ടാകും. വേൾഡ് കപ്പ് കളിക്കാൻ പോകുന്ന ടീമിലെ പ്രധാന കളിക്കാർ ആരൊക്കെ എന്നതിന് ഒരു ഉത്തരം കണ്ടുപിടിക്കാൻ ആകും ഈ പരമ്പരയിലൂടെ ഇന്ത്യൻ ടീമും മാനേജ്മെന്‍റ് ഉറ്റുനോക്കുന്നത്.

   Summary- India set to face England in the third T20 with new and innovative tactics
   Published by:Anuraj GR
   First published:
   )}