HOME » NEWS » Sports » BHUVNESHWAR KUMAR ENDS TEST CAREER FOCUS WILL BE ON LIMITED OVERS CRICKET INT NAV

ഭുവനേശ്വർ കുമാർ ടെസ്റ്റ് കരിയർ അവസാനിപ്പിക്കുന്നു; പരിമിത ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കും

ഏതു ഫോര്‍മാറ്റിലും, നാട്ടിലും വിദേശത്തും ഒരുപോലെ മികച്ച ബൗളിങ് കാഴ്ചവച്ചിരുന്ന പേസറാണ് ഭുവി. ഇരുവശങ്ങളിലേക്കും ബോള്‍ സ്വിങ് ചെയ്യിക്കാനുള്ളള താരത്തിൻ്റെ അസാധാരണ മികവാണ് മറ്റു ബൗളര്‍മാരില്‍ നിന്നും അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത്

News18 Malayalam | news18-malayalam
Updated: May 15, 2021, 5:50 PM IST
ഭുവനേശ്വർ കുമാർ ടെസ്റ്റ് കരിയർ അവസാനിപ്പിക്കുന്നു; പരിമിത ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കും
Bhuvi
  • Share this:
ഐസിസി ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കിയത് വലിയ ചർച്ചക്ക് ഇടയാക്കിയിരുന്നു. മികച്ച സ്വിങ് ബൗളറായ ഭുവിക്കു തിളങ്ങാൻ കഴിയുന്ന അനുകൂല സാഹചര്യങ്ങൾ ആണ് ഇംഗ്ലണ്ടിലേത് എന്നതുകൊണ്ടു തന്നെ മറ്റാരേക്കാളും മുന്‍പ് ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിച്ചിരുന്ന പേസര്‍ കൂടിയായിരുന്നു അദ്ദേഹം. പക്ഷെ ടീം പ്രഖ്യാപിച്ചപ്പോള്‍ ഭുവിക്കു ഇടമില്ലായിരുന്നു. ഒരുപാട് വിമർശനങ്ങളും ചർച്ചകളും ഈ തീരുമാനത്തിനെതിരെ ഉയർന്നിരുന്നു. എന്നാലിപ്പോള്‍ ഭുവിക്ക് ടീമിൽ എന്ത് കൊണ്ട് ഇടം കിട്ടിയില്ല എന്നുള്ളതിന് കൂടുതല്‍ വ്യക്തത വന്നിരിക്കുകയാണ്.

ഭുവിയെ ഒഴിവാക്കിയതല്ലെന്നും മറിച്ച് ടീമില്‍ അദ്ദേഹം വേണമെന്നാണ് ടീം മാനേജ്‌മെന്‍റെ ആഗ്രഹിച്ചിരുന്നതെന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പക്ഷേ ഭുവനേശ്വർ ഇനി ടെസ്റ്റിൽ സജീവമായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. "ഭുവനേശ്വറിന് ഇനി ടെസ്റ്റ് കളിക്കാൻ താൽപര്യമില്ല. ടി20 മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദീകരിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നാണ് താരവുമായി ബന്ധമുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം ടീമിൽ ഇടംപിടിക്കേണ്ടതായിരുന്നു ഭുവനേശ്വർ. ടീം മാനേജ്മെൻ്റ് ഇക്കാര്യം കാര്യാമായി പരിഗണിച്ചതാണ്. എന്നാൽ ഭുവി താൽപര്യക്കുറവ് പ്രകടിപ്പിച്ചത് മൂലമാണ് അദ്ദേഹത്തെ ടീമിലെടുക്കാതിരുന്നത് എന്നത് വ്യക്തമായിരിക്കുകയാണ്. ടെസ്റ്റിൽ നിന്ന് വിട്ടു നിൽക്കുമെങ്കിലും ശ്രീലങ്കക്കെതിരെ ജൂണിൽ നടക്കാൻ പോവുന്ന ഏകദിന - ടി20 പരമ്പരകളിൽ ഭുവനേശ്വറുണ്ടാവും.

ഏതു ഫോര്‍മാറ്റിലും, നാട്ടിലും വിദേശത്തും ഒരുപോലെ മികച്ച ബൗളിങ് കാഴ്ചവച്ചിരുന്ന പേസറാണ് ഭുവി. ഇരുവശങ്ങളിലേക്കും ബോള്‍ സ്വിങ് ചെയ്യിക്കാനുള്ളള താരത്തിൻ്റെ അസാധാരണ മികവാണ് മറ്റു ബൗളര്‍മാരില്‍ നിന്നും അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത്. 21 ടെസ്റ്റുകളില്‍ നിന്നും നാല് അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ 63 വിക്കറ്റുകള്‍ ഭുവി വീഴ്ത്തിയിട്ടുണ്ട്. 82 റണ്‍സിന് ആറു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. ഇംഗ്ലണ്ടില്‍ ഇതുവരെ അഞ്ചു ടെസ്റ്റുകളില്‍ കളിച്ച അദ്ദേഹത്തിനു ലഭിച്ചത് 19 വിക്കറ്റുകളാണ്.

Also Read- ഇന്ത്യൻ താരങ്ങൾ 'സൈഡ്ഷോകളിലൂടെ' ശ്രദ്ധ തിരിക്കുമെന്നപരാമർശം; ടിം പെയ്നെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ

2014-ലാണ് താരം ആദ്യമായി ഇംഗ്ലണ്ട് പര്യടനം നടത്തിയത്. അന്ന് അഞ്ച് മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റ് വീഴ്ത്തി. ലോർഡസിൽ ആറു വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ വിജയത്തിൽ നിർണായക സാന്നിധ്യമായി. മൂന്നു അർധ സെഞ്ചുറി ഉൾപ്പെടെ 247 റൺസും അടിച്ചെടുത്തു. പിന്നീട് 2018-ലെ പര്യടനം പരിക്കുമൂലം നഷ്ടമായി. അതിനുശേഷം ഭുവനേശ്വർ ടെസ്റ്റ് കളിച്ചിട്ടില്ല.

തുടര്‍ച്ചയായ പരുക്കുകളാണ് 31 കാരനായ ഭുവിയുടെ കരിയറിലെ ഏറ്റവും വലിയ വില്ലനായി മാറിയിരിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പരുക്ക് മൂലം അദ്ദേഹത്തിന് ഇന്ത്യക്കൊപ്പം നിരവധി മല്‍സരങ്ങള്‍ നഷ്ടമായിരുന്നു. 2020ലെ ഐപിഎല്ലിനിടെ കാലിലെ തുടയ്‌ക്കേറ്റ പരുക്കു കാരണം ഓസീസ് പര്യടനത്തിലും ഭുവിക്കു പുറത്തിരിക്കേണ്ടിവന്നു.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ കളിച്ചുകൊണ്ടായിരുന്നു അദ്ദേഹം വലിയൊരു ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയത്. ഈ പരമ്പരയില്‍ മികച്ച ബൗളിങ് കാഴ്ചവയ്ക്കാനും അദ്ദേഹത്തിനായിരുന്നു. ഇതോടെ ടെസ്റ്റ് ടീമിലേക്കും ഭുവി മടങ്ങിയെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു.

ഭുവിയുടെ അഭാവത്തില്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന മത്സരങ്ങളിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ എന്നിവരാകും ഇന്ത്യയുടെ പേസ് നിരയെ നയിക്കുക. മുഹമ്മദ് സിറാജ്, ശാർദുൽ ഠാക്കൂര്‍ എന്നിവരെയും ടീം മാനേജ്‌മെന്റ് ആശ്രയിച്ചേക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ഉമേഷ് യാദവ് ടീമിലുണ്ടെങ്കിലും ഈയടുത്ത് നടന്ന പരമ്പരകളിൽ താരത്തിൻ്റെ പ്രകടനം ആശാവഹമായിരുന്നില്ല. സ്റ്റാന്റ്‌ബൈ താരങ്ങളായി നാല് പേസർമാർ കൂടി ടീമിനൊപ്പമുണ്ട്.

Summary- Bhuvneshwar Kumar not interested in playing Tests, hence was not picked in Indian Squad For England Tour
Published by: Anuraj GR
First published: May 15, 2021, 5:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories