• HOME
  • »
  • NEWS
  • »
  • sports
  • »
  • Sakibul Gani | ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി; റെക്കോര്‍ഡ് നേട്ടവുമായി ബിഹാര്‍ താരം സാക്കിബുള്‍ ഗനി

Sakibul Gani | ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി; റെക്കോര്‍ഡ് നേട്ടവുമായി ബിഹാര്‍ താരം സാക്കിബുള്‍ ഗനി

84.20 സ്ട്രൈക്ക് റേറ്റില്‍ 405 പന്തില്‍ നിന്ന് 56 ഫോറും 2 സിക്സും സഹിതം 341 റണ്‍സാണ് ഈ 22കാരന്‍ നേടിയത്.

  • Share this:
    ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ (First Class Cricket) അരങ്ങേറ്റ മത്സരത്തിൽ ഒരു ബാറ്റർ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുള്ള റെക്കോര്‍ഡ് കരസ്ഥമാക്കിയിരിക്കുകയാണ് ബിഹാര്‍ (Bihar) താരം സാക്കിബുള്‍ ഗനി (Sakibul Gani). കൊല്‍ക്കത്ത ജാദവ്പൂര്‍ യൂണിവേഴ്സിറ്റി കാമ്പസിലെ രണ്ടാം ഗ്രൗണ്ടില്‍ മിസോറാമിനെതിരായ രഞ്ജി ട്രോഫി പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിലായിരുന്നു ഗനിയുടെ റെക്കോർഡ് നേട്ടം. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ 84.20 സ്ട്രൈക്ക് റേറ്റില്‍ 405 പന്തില്‍ നിന്ന് 56 ഫോറും 2 സിക്സും സഹിതം 341 റണ്‍സാണ് ഈ 22കാരന്‍ നേടിയത്.

    ഈ മത്സരത്തില്‍ ബീഹാർ 3 വിക്കറ്റിന് 71 റൺസ് എന്ന നിലയിൽ നിൽക്കവെയാണ് അഞ്ചാം നമ്പറില്‍ ഗനി ബാറ്റ് ചെയ്യാനിറങ്ങിയത്. പിന്നീട് നാലാം വിക്കറ്റില്‍ ബാബുള്‍ കുമാറുമായി ചേര്‍ന്ന് 538 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട് അദ്ദേഹം പടുത്തുയര്‍ത്തി. 229 റണ്‍സുമായി പുറത്താകാതെ നിന്ന ബാബുള്‍ മികച്ച പിന്തുണയാണ് നല്‍കിയത്. തുടര്‍ന്ന് ബിഹാര്‍ ഒന്നാം ഇന്നിംഗ്‌സ് 5 വിക്കറ്റിന് 686 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുവരെ 14 ലിസ്റ്റ് എ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗനി ഒരു സെഞ്ച്വറി ഉള്‍പ്പെടെ 377 റണ്‍സും 11 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 192 റണ്‍സും നേടിയിട്ടുണ്ട്.

    ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിലെ നിലവിലെ ഏറ്റവും ഉയര്‍ന്ന റൺ നേട്ടവും ഒരു ഇന്ത്യക്കാരന്റെ പേരിൽ തന്നെയായിരുന്നു. മൂന്ന് വര്‍ഷത്തിലേറെയായി തകർക്കപ്പെടാതെ നിന്ന റെക്കോർഡ് മധ്യപ്രദേശിൽ നിന്നുള്ള അജയ് റൊഹറയുടെ പേരിലായിരുന്നു. 2018 ഡിസംബറില്‍ ഇന്‍ഡോറിലെ സ്‌റ്റേഡിയത്തില്‍ ഹൈദരാബാദിനെതിരെ അദ്ദേഹം പുറത്താകാതെ 267 റണ്‍സ് നേടിയാണ് റെക്കോർഡ് സ്വന്തമാക്കിയത്. മുന്‍ മുംബൈ ക്യാപ്റ്റന്‍ അമോല്‍ മജുംദാറാണ് പട്ടികയിലെ മൂന്നാമന്‍. 1993-94 സീസണില്‍ അരങ്ങേറ്റ മത്സരത്തിൽ അദ്ദേഹം നേടിയത് 260 റണ്‍സായിരുന്നു.

    കോവിഡ് മൂലം രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം പുനരാരംഭിച്ച രഞ്ജി ട്രോഫി രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. മാര്‍ച്ച് 27ന് ഐപിഎല്‍ തുടങ്ങുന്നതിനുമുമ്പാണ് ഗ്രൂപ്പ് മത്സരങ്ങളുടെ ആദ്യഘട്ടം. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 15 വരെ ആദ്യഘട്ട മത്സരങ്ങള്‍ നടക്കും. ഐപിഎല്ലിന് ശേഷമുള്ള രണ്ടാം ഘട്ട രഞ്ജി മത്സരങ്ങള്‍ മെയ് 30 മുതല്‍ ജൂണ്‍ 26 വരെ നടക്കും. ഈ സീസണിലെ രഞ്ജി ട്രോഫിയില്‍ 62 ദിവസങ്ങളിലായി 64 മത്സരങ്ങളാണ് നടക്കുന്നത്.
    Published by:Sarath Mohanan
    First published: