യൂറോ കപ്പിൽ ഇംഗ്ലണ്ട് ടീമിന് പ്രതിസന്ധിയായി പ്രധാന താരങ്ങളുടെ ഐസോലാഷൻ. കഴിഞ്ഞ ദിവസം സ്കോട്ടിഷ് താരമായ ബില്ലി ഗിൽമോറിന് കോവിഡ് സ്ഥിരീകരിച്ചതിൽ നിന്നുമാണ് സംഭവങ്ങളുടെ തുടക്കം. യൂറോയിൽ ഒരു താരത്തിന് രോഗബാധ സ്ഥിരീകരിച്ചാൽ താരവുമായി സമ്പർക്കം പുലർത്തിയവർ മുൻകരുതൽ എന്ന നിലക്ക് ഐസോലാഷനിൽ പ്രവേശിക്കണം എന്നാണ് നിയമം. കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലണ്ട് - സ്കോട്ലൻഡ് മത്സരത്തിൽ ഗിൽമോർ, മേസൺ മൗണ്ട് എന്നിവർ കളിച്ചിരുന്നു. ചിൽവെല്ലിന് കളിക്കാൻ അവസരം കിട്ടിയിരുന്നില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ താരങ്ങളാണ് മൂവരും എന്നതിനാൽ കളിക്ക് ശേഷം ഇവർ തമ്മിൽ സംസാരിച്ചിരുന്നു. ഈ മത്സരത്തിന് ശേഷമാണ് സ്കോട്ടിഷ് താരത്തിന് രോഗബാധ സ്ഥിരീകരിച്ചത്. അതുകൊണ്ട് സമ്പർക്ക പട്ടികയിൽ രണ്ട് ഇംഗ്ലണ്ട് താരങ്ങളും പെട്ടു. ഇംഗ്ലണ്ട് ക്യാമ്പിൽ ഇതു വരെ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും റിസ്ക് എടുക്കാൻ താല്ലര്യമില്ലാത്തതിനാലാണ് തങ്ങളുടെ താരങ്ങളെ ഐസോലേഷനിലാക്കാൻ ഇംഗ്ലണ്ട് മാനേജ്മെന്റ് തീരുമാനിച്ചത്.
ബെൻ ചിൽവെൽ, മേസൺ മൗണ്ട് എന്നിവരെ ഐസൊലേഷനിലാക്കിയതുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ട് ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. ഒരു മുൻ കരുതൽ എന്ന നിലക്ക് ഇംഗ്ലണ്ടിലെ ആരോഗ്യ വകുപ്പിൻ്റെ എക്സിക്യുട്ടീവ് ഏജൻസിയായ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമായി കൂടിയാലോചിച്ചതിന് ശേഷമാണ് ഇരുവരേയും ഐസൊലേഷനിലാക്കാൻ തീരുമാനിച്ചതെന്നും, തിങ്കളാഴ്ച ഉച്ചക്ക് ശേഷം നടത്തിയ കോവിഡ് പരിശോധനയിൽ ടീമിൽ ഉള്ള ബാക്കി അംഗങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും ഇംഗ്ലണ്ട് ഫുട്ബോൾ ഫെഡറേഷൻ തങ്ങളുടെ പ്രസ്താവനയിൽ വ്യക്തമാക്കി.
അതേ സമയം ഐസോലേഷനിൽ കഴിയുന്ന ചിൽവെല്ലിനും, മൗണ്ടിനും ഇന്ന് നടക്കുന്ന ചെക്ക് റിപ്പബ്ലിക്കിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ കളിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഇതു വരെ സൂചനകളൊന്നും പുറത്ത് വന്നിട്ടില്ല.
ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.30ന് നടക്കുന്ന മത്സരം ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരങ്ങളിൽ ഒന്നാണ്. ഇതേ സമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്കോട്ലൻഡ് ക്രോയേഷ്യയെ നേരിടും. ഗ്രൂപ്പിൽ ഇംഗ്ലണ്ടിനും ചെക്ക് റിപ്പബ്ലിക്കിനും നാല് വീതം പോയിൻ്റും ക്രോയേഷ്യ, സ്കോട്ലൻഡ് എന്നീ ടീമുകൾക്ക് ഓരോ പോയിൻ്റ് വീതവുമാണുള്ളത്. ഗ്രൂപ്പിൽ ചെക്ക് റിപ്പബ്ലിക്കാണ് ഒന്നാം സ്ഥാനത്ത്, ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പിലെ ചാമ്പ്യൻമാർ ആരാകും എന്നത് ഈ മത്സരത്തിലൂടെ അറിയാം.
മികച്ച താരനിരയുള്ള ഇംഗ്ലണ്ട് ഇക്കുറി യൂറോയിൽ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്. 1966ന് ശേഷം കിരീടം നേടിയിട്ടില്ല എന്ന മോശം റെക്കോർഡ് അതുവഴി തിരുത്തുക എന്നത് ഇതിനോടൊപ്പം കൂട്ടിച്ചേർക്കാം. ഇന്നത്തെ മത്സരത്തിൽ ജയം തന്നെയാകും അവരുടെ ലക്ഷ്യം മറിച്ചായാൽ ചിലപ്പോൾ അവരുടെ അടുത്ത ഘട്ടത്തിലേക്കുള്ള യോഗ്യത കൂടി പരുങ്ങലിൽ ആയേക്കും. ഇംഗ്ലണ്ട് തോൽക്കുക്കയും ക്രോയേഷ്യയോ സ്കോട്ലൻഡോ ജയിച്ചാൽ ആ ടീമാകും രണ്ടാം സ്ഥാനത്ത് എത്തുക. ഗ്രൂപ്പിൽ നിന്ന് രണ്ട് പേർക്ക് മാത്രമാണ് പ്രീക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യത എന്നതിനാൽ ഇംഗ്ലണ്ടിന് ബാക്കി വരുന്ന നാല് മികച്ച മൂന്നാം സ്ഥാനക്കാർ എന്നതിൽ ഭാഗ്യം പരീക്ഷിക്കേണ്ടി വരും.
അത്തരം ഭാഗ്യപരീക്ഷണത്തിന് നിൽക്കാൻ ഇംഗ്ലണ്ടിന് താത്പര്യം കാണില്ല എന്നതിനാൽ ജയം തന്നെയാകും അവരുടെ ലക്ഷ്യം. ചിൽവെല്ലിനും മൗണ്ടിനും കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരം കളിക്കാരെ ഉൾപ്പെടുത്താൻ ഇംഗ്ലണ്ട് പരിശീലകനായ സൗത്ത്ഗേറ്റിന് അനുവാദമുണ്ട്. നേരത്തെ സ്പെയിൻ ടീമിൽ കോവിഡ് പ്രതിസന്ധി ഉയർന്നപ്പോൾ അവർ മുൻകരുതൽ എന്ന നിലക്ക് പുതിയ അഞ്ച് താരങ്ങളെ വച്ച് സ്പെയിൻ ടീമിന് ഒപ്പമല്ലാതെ സമാന്തര പരിശീലനം നടത്തിയിരുന്നു.
Summary
England players Ben Chilwell and Mason Mount to self-isolate after being in close contact with Scottish player Billy Gilmour who was tested positive after the England - Scotland match; Chilwell and Mount are likely to miss the important match against Czech Republic
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.