കൊച്ചി: ഐപിഎല്‍ ക്രിക്കറ്റ് മാതൃകയില്‍ ഏര്‍പ്പെടുത്തിയ ചാമ്പ്യന്‍സ് ബോട്ട്ലീഗ് ചുണ്ടന് വള്ളംകളിയുടെ അഞ്ചാം മത്സരം നാളെ മറൈന്‍ഡ്രൈവില്‍ നടക്കും.
ഗോശ്രീ പാലത്തിനും മറൈന്‍ഡ്രൈവ് ജെട്ടിയ്ക്കുമിടയിലുള്ള 960 മീറ്ററിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മറൈന്‍ഡ്രൈവ് വാക്ക് വേയിലും ജങ്കാറുകളിലും വള്ളംകളി കാണാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുക്ക് മൈ ഷോ വഴിയും വേദികളിലെ 20 കൗണ്ടറുകള്‍ മുഖേനയും ടിക്കറ്റുകള്‍ ലഭ്യമാണ്. 200 രൂപ മുതല്‍ 2000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്.
ഓഗസ്റ്റ് 31 ന് പുന്നമടക്കായലിലെ നെഹ്റുട്രോഫി വള്ളം കളിക്കൊപ്പം ആരംഭിച്ച സിബിഎല്‍ കോട്ടയം താഴത്തങ്ങാടി, കരുവാറ്റ, പിറവം എന്നിവിടങ്ങളിലെ മത്സരങ്ങള്‍ക്ക് ശേഷമാണ് ഇന്ദിരാഗാന്ധി വള്ളംകളിക്കൊപ്പം മറൈന്‍ ഡ്രൈവിലെത്തുന്നത്.
നാല് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്)നാല് ജയങ്ങളും 55 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. എന്‍സിഡിസി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടന്(മൈറ്റി ഓര്‍സ്) 29 പോയിന്റുമായി രണ്ടാം സ്ഥാനത്തും യുണൈറ്റഡ് ബോട്ട് ക്ലബ്, കുട്ടമംഗലം തുഴയുന്ന കോസ്റ്റ് ഡോമിനേറ്റേഴ്സും(ചമ്പക്കുളം ചുണ്ടന്) 27 പോയിന്റുമായി മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചിരിക്കുകയാണ്.
കാരിച്ചാല്‍ ചുണ്ടന്(റേജിംഗ് റോവേഴ്സ് പോലീസ് ബോട്ട് ക്ലബ്-26 പോയിന്റ്) നാലും കുമരകത്തെ വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം (പ്രൈഡ് ചേസേഴ്സ്- 24 പോയിന്റ്) അഞ്ചും ടൗണ്‍ ബോട്ട് ക്ലബ് കുമരകം തുഴഞ്ഞ പായിപ്പാടന് (ബാക്ക് വാട്ടര്‍ വാരിയേഴ്സ്-13 പോയിന്റ്) ആറും സ്ഥാനങ്ങളിലാണ്. വില്ലേജ് ബോട്ട് ക്ലബ് എടത്വ തുഴഞ്ഞ ഗബ്രിയേല്‍ (ബാക്ക് വാട്ടര്‍ നൈറ്റ്സ്) 13 പോയിന്റുമായി ആറാം സ്ഥാനം പങ്കിടുന്നു. തുല്യ പോയിന്റ് വരുന്ന ടീമുകള്‍ പങ്കിടുന്ന സ്ഥാനത്തിന് തൊട്ടു താഴെയുള്ള സ്ഥാനം ഒഴിവായി കണക്കാക്കും.
കെബിസി/എസ്എഫ്ബിസി കുമരകം തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (തണ്ടര്‍ ഓര്‍സ്- 11 പോയിന്റ്) എട്ടും ബ്രദേഴ്സ് ബോട്ട് ക്ലബ്, എടത്വ തുഴഞ്ഞ സെന്റ് ജോര്‍ജ് (ബാക്ക് വാട്ടര്‍ നിന്‍ജ-6 പോയിന്റ്) ഒമ്പതും സ്ഥാനങ്ങളിലാണ്.
ചെറുവള്ളങ്ങളുടെയും കയാക്കുകളുടെയും മത്സരവും ഇതോടൊപ്പം നടത്തുന്നുണ്ട്. പ്രമുഖ ബാന്‍ഡായ അവിയലിന്റെ സംഗീതപരിപാടി, ചവിട്ടുനാടകം, മോഹിനിയാട്ടം, കഥകളി, വേലകളി എന്നിവയും ഒരുക്കിയിട്ടുണ്ട്.
കോട്ടപ്പുറം, തൃശൂര്‍ (ഒക്ടോബര്‍ 12), പൊന്നാനി, മലപ്പുറം (ഒക്ടോബര്‍ 19), കൈനകരി, ആലപ്പുഴ (ഒക്ടോബര്‍ 26), പുളിങ്കുന്ന്, ആലപ്പുഴ (നവംബര്‍ 2), കായംകുളം, ആലപ്പുഴ (നവംബര്‍ 9), കല്ലട, കൊല്ലം (നവംബര്‍ 16), പ്രസിഡന്റ്സ് ട്രോഫി വള്ളം കളി, കൊല്ലം (നവംബര്‍ 23) എന്നിങ്ങനെയാണ് ശേഷിക്കുന്ന മത്സരങ്ങള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.