• HOME
 • »
 • NEWS
 • »
 • sports
 • »
 • Copa America| ഗോളടിച്ചും ഗോളടിപ്പിച്ചും വീണ്ടും നെയ്മര്‍; പെറുവിനെതിരെ വിജയം എതിരില്ലാത്ത നാല് ഗോളുകള്‍ക്ക്

Copa America| ഗോളടിച്ചും ഗോളടിപ്പിച്ചും വീണ്ടും നെയ്മര്‍; പെറുവിനെതിരെ വിജയം എതിരില്ലാത്ത നാല് ഗോളുകള്‍ക്ക്

പെറുവിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കാനറിപ്പട തകര്‍ത്തത്. ബ്രസീലിനായി അലക്‌സ് സാന്‍ഡ്രോ, നെയ്മര്‍, റിബൈറോ, റിച്ചാര്‍ലിസണ്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.

Neymar

Neymar

 • Share this:
  കോപ്പ അമേരിക്കയില്‍ വിജയത്തുടര്‍ച്ചയുമായി നെയ്മറും സംഘവും. ഇന്ന് നടന്ന മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കാനറിപ്പട തകര്‍ത്തത്. ബ്രസീലിനായി അലക്‌സ് സാന്‍ഡ്രോ, നെയ്മര്‍, റിബൈറോ, റിച്ചാര്‍ലിസണ്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. തുടര്‍ച്ചയായ ഒമ്പതാം ജയമാണ് ബ്രസീല്‍ ഇതിലൂടെ നേടിയിരിക്കുന്നത്. 2014ലെ ലോകകപ്പിന് ശേഷം ഇതുവരെ ബ്രസീലിനെ തട്ടകത്തില്‍ തോല്‍പ്പിക്കാന്‍ ആര്‍ക്കുമായിട്ടില്ല. ഗോളടിച്ചും ഗോളടിപ്പിച്ചും കളം നിറഞ്ഞു കളിച്ച നെയ്മറെ പൂട്ടുക പെറുവിന്റെ യുവനിരയ്ക്ക് അത്ര എളുപ്പമായിരുന്നില്ല.

  നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീല്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് തന്നെയാണ് സ്വന്തം തട്ടകത്തില്‍ ഇന്നിറങ്ങിയത്. ഉദ്ഘാടന മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും മത്സരത്തിലുടനീളം അവര്‍ക്കുണ്ടായിരുന്നു. ആദ്യ ഇലവനില്‍ അഞ്ചു മാറ്റങ്ങളാണ് ടിറ്റേ ഇന്നത്തെ മത്സരത്തില്‍ ബ്രസീലില്‍ വരുത്തിയിരുന്നത്. ആദ്യ മത്സരത്തില്‍ കളിച്ച മാര്‍ക്കിഞ്ഞോ, കാസമിറോ, ഗോള്‍ കീപ്പര്‍ അല്ലിസണ്‍ എന്നിവരെ പുറത്തിരുത്തിക്കൊണ്ട് തിയാഗോ സില്‍വ, ഗോള്‍ കീപ്പര്‍ എഡേഴ്സണ്‍, ഗബ്രിയേല്‍ ബര്‍ബോസ എന്നിവരെല്ലാം ആദ്യ ഇലവനില്‍ ഇടം നല്‍കി. ആദ്യ പത്തു മിനിട്ടുകള്‍ക്ക് ശേഷമാണ് ബ്രസീല്‍ തങ്ങളുടെ യഥാര്‍ത്ഥ കളി പുറത്തെടുക്കുന്നത്. മത്സരത്തിന്റെ പന്ത്രണ്ടാം മിനിട്ടില്‍ തന്നെ അലക്‌സ് സാന്‍ഡ്രോയിലൂടെ ബ്രസീല്‍ ആദ്യ ഗോള്‍ നേടി. ബോക്‌സിനുള്ളില്‍ നിന്ന് ഗബ്രിയേല്‍ ജീസസ് നല്‍കിയ ക്രോസ് പെറുവിന്റെ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കികൊണ്ട് അലക്‌സ് സാന്‍ഡ്രോ ഗോള്‍ വര കടത്തുകയായിരുന്നു.

  40ആം മിനിട്ടില്‍ പെറു താരം യോഷിമര്‍ യോട്ടണിന്റെ ഗോള്‍ ശ്രമം കീപ്പര്‍ എഡേഴ്സണില്‍ നിന്നും മിസ്സ് ആയെങ്കിലും ബ്രസീല്‍ ഡിഫെന്‍ഡര്‍ മിലിറ്റാവോ സമയോചിത ഇടപെടലിലൂടെ അത് പ്രതിരോധിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ അവസാന കുറച്ചു മിനിട്ടുകള്‍ ഒഴിച്ചാല്‍ അറ്റാക്കിങ്ങിലും പൂര്‍ണ ആധിപത്യം ബ്രസീലിന് തന്നെയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ രണ്ട് മാറ്റങ്ങള്‍ ബ്രസീല്‍ വരുത്തിയിരുന്നു. ഗബ്രിയേല്‍ ബര്‍ബോസയെയും എവെര്‍ടണിനെയും പിന്‍വലിച്ച് റിച്ചാര്‍ലിസനെയും റിബൈറോയെയുമാണ് ടിറ്റേ ഇറക്കിയത്.

  60ആം മിനിട്ടില്‍ പെറു താരം റെനട്ടോ ടാപ്പിയ നെയ്മറെ ബോക്‌സിന് വെളിയില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചത് റെഫറി പെനാല്‍റ്റി അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് വാറിന്റെ സഹായം തേടിയ റെഫറി അത് റദ്ദ് ചെയ്യുകയും ചെയ്തു. എന്നാല്‍ കിട്ടാതെ പോയ പെനാല്‍റ്റിക്ക് ഏതാനും നിമിഷങ്ങള്‍ക്കകം നെയ്മര്‍ മറുപടി നല്‍കി. 68ആം മിനിട്ടില്‍ ഫ്രഡിന്റെ അസിസ്റ്റില്‍ നെയ്മറിന്റെ വകയായിരുന്നു ബ്രസീലിന് രണ്ടാം ഗോള്‍. 78ആം മിനിട്ടില്‍ മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള സുവര്‍ണാവസരം പെറു നഷ്ടമാക്കി. നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനിട്ട് ബാക്കി നില്‍ക്കെയായിരുന്നു ബ്രസീലിന്റെ മൂന്നാമത്തെ ഗോള്‍. ഇത്തവണ റിബൈറോ ആയിരുന്നു ബ്രസീലിന്റെ ഗോള്‍ സ്‌കോറര്‍. ഗോളിന് അവസരമൊരുക്കിയത് നെയ്മറും. ഇഞ്ചുറി ടൈമിലെ മൂന്നാം മിനിട്ടില്‍ റിച്ചാര്‍ലിസണ്‍ പെറുവിന്റെ നെഞ്ചത്ത് അവസാനത്തെ ആണിയും അടിച്ചു.
  Published by:Sarath Mohanan
  First published: