• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ടീം കരുത്തിൽ മഞ്ഞപ്പട; ഇരമ്പിക്കയറാൻ ബെൽജിയം

News18 Malayalam
Updated: July 6, 2018, 1:34 PM IST
ടീം കരുത്തിൽ മഞ്ഞപ്പട; ഇരമ്പിക്കയറാൻ ബെൽജിയം
News18 Malayalam
Updated: July 6, 2018, 1:34 PM IST
മോസ്കോ: അവസാന നിമിഷത്തെ ബെൽജിയത്തിന്റെ ആ ഇരമ്പികയറ്റത്തെയാണ് ബ്രസീൽ പേടിക്കുന്നത്. ജപ്പാനെതിരെ ഇഞ്ച്വറി ടൈമിലെ അവസാന നമിഷത്തിൽ ബെൽജിയം നേടിയ കൗണ്ടർ അറ്റാക്ക് ​ഗോൾ, പലകുറി ബ്രസീൽ കോച്ച് കീറി മുറിച്ച് പഠിച്ചിട്ടുണ്ടാകും. ഒരു ഗോൾ മാത്രം വഴങ്ങിയ ബ്രസീലിന്റെ പ്രതിരോധ നിരയിൽ വിള്ളൽ വീഴ്ത്താൻ ബെൽജിയത്തിന് കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ലോകകപ്പിന്റെ ക്വാർട്ടറിൽ വെള്ളിയാഴ്ച രാത്രി 11.30നാണ് കരുത്തന്മാർ ഏറ്റുമുട്ടുന്നത്.

കാനറികളെ നേരിടുന്നത് ബെൽജിയത്തിന്റെ സുവർണ സംഘമാണ്. ഈഡൻ ഹസാർഡ്, കെവിൻ ഡി ബ്രുയൻ, ഡ്രെയിസ് മെർട്ടൻസ്, റൊമേലു ലുക്കാക്കു, അക്സെൽ വിറ്റ്സൽ, ജാൻ വെർതോം​ഗൻ തുടങ്ങിയവർ അണിനിരക്കുന്നതാണ് ഈ സംഘം. ലോകകപ്പിൽ ഏറ്റവും മികച്ച ആക്രമണ ഫുട്ബോൾ നടത്തിയ ടീമാണ് ബെൽജിയം. കളിക്കാരെല്ലാം മികച്ച ഫോമിലും. ജപ്പാനെതിരെ രണ്ട് ​ഗോൾ പിന്നിൽ നിന്ന ശേഷമുള്ള തിരിച്ചുവരവ് അവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

ഡി ബ്രുയൻ-ഹസാർഡ്- ലുക്കാക്കു കൂട്ടുകെട്ട് തന്നെയാണ് ബെൽജിയത്തിന്റെ കരുത്ത്. ഡി ബ്രുയന്റെ പാസുകളും ഹസാർഡിന്റെ ക്രോസും ലുക്കാക്കുവിന്റെ ഫിനിഷിങ്ങും ചേർന്നാൽ ബെൽജിയം അപകടകാരികളാകുമെന്ന് ബ്രസീലിന് നന്നായി അറിയാം. ബെൽജിയത്തിന്റെ പ്രതിരോധ നിരയിലെ ദൗർബല്യം മുതലാക്കാനായിരിക്കും ബ്രസീൽ ശ്രമിക്കുക. വെർതോം​ഗനു പുറമെ വിൻസെന്റെ കൊംപനി, ടോബി ആൾഡർവീൽഡ് എന്നീ പ്രീമിയർ ലീ​ഗിലെ പ്രധാനികളാണ് കളിക്കുന്നതെങ്കിലും പിഴവുകൾ വർധിക്കുകയാണ്. ജപ്പാനെതിരായ മത്സരത്തിൽ പിഴവുകൾ വ്യക്തമായിരുന്നു.

മറുവശത്ത് ​ഗബ്രിയേൽ ജീസസ് ഒഴികെയുള്ള പ്രധാനതാരങ്ങളെല്ലാം ഫോമിലാണെന്നത് ബ്രസീലിന് ആത്മവിശ്വാസം പകരുന്നുണ്ട്. അതിനൊപ്പം തന്നെ സസ്പെൻഷനിലായ കാസിമെറോ കളിക്കാത്തത് ടീമിനെ അലട്ടുന്നുണ്ട്. ലോകകപ്പിൽ ഇതുവരെ പഴുതടച്ച പ്രതിരോധമാണ് ബ്രസീൽ കെട്ടിയുയർത്തിയത്. കൗണ്ടർ അറ്റാക്കിന്റെ കരുത്തുമായി എത്തിയ മെക്സിക്കോയുടെ മുന്നിലും ബ്രസീൽ പ്രതിരോധം പാറ പോലെ ഉറച്ചുനിന്നു. എന്നാൽ അപ്പോഴൊക്കെ കാസിമെറോയുടെ സേവനം വലുതായിരുന്നു.

ഫെർണാണ്ടിന്യോയാണ് കാസിമോറോയ്ക്ക് പകരമിറങ്ങുന്നത്. പിൻനിരയയും മുൻനിരയുമായി നല്ലധാരണ പുലർത്താൻ ഫെർണാണ്ടിന്യോയ്ക്ക് സാധിച്ചാൽ ബ്രസീലിന് മുന്നേറാം. ഫോമിലേക്കുയരാത്ത ജീസസിന് പകരം ലിവർപൂൾ താരം റോബർട്ടോ ഫിർമിന്യോയ്ക്ക് ടിറ്റെ അവസരം നൽകിയേക്കും. മത്സരത്തിൽ കൂടുതൽ പേരും സാധ്യത കൽപ്പിക്കുന്നത് ബ്രസീലിനാണ്. എന്നാൽ ബെൽജിയത്തെ എഴുതിതള്ളാൻ വയ്യ. ഇതുവരെ നടന്ന എല്ലാ മത്സരങ്ങളും ജയിച്ചാണ് അവരുടെ വരവ്. ബെൽജിയത്തിന്റെ അസാമാന്യ കരുത്തുള്ള മുൻനിരയും ബ്രസീലിന്റെ പാറപോലെ ഉറച്ച പിൻനിരയും തമ്മിലുള്ള നേർക്കുനേരുള്ള പോരാട്ടമായിരിക്കും കസാൻ അരീനയിൽ നടക്കുക.

 
First published: July 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...