• HOME
  • »
  • NEWS
  • »
  • sports
  • »
  • Copa America|കോപ്പ അമേരിക്ക: സെമി മത്സരത്തിനുള്ള വേദി മാറ്റണം; ടൂർണമെന്റ് സംഘാടകർക്കെതിരെ വീണ്ടും വിമർശനവുമായി ടിറ്റെ

Copa America|കോപ്പ അമേരിക്ക: സെമി മത്സരത്തിനുള്ള വേദി മാറ്റണം; ടൂർണമെന്റ് സംഘാടകർക്കെതിരെ വീണ്ടും വിമർശനവുമായി ടിറ്റെ

സ്റ്റേഡിയത്തിലെ പുൽത്തകിടിയുടെ ശോച്യാവസ്ഥ കാരണം താരങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ കഴിയുന്നില്ലെന്ന് ബ്രസീൽ പരിശീലകൻ വീണ്ടും ആവർത്തിച്ചു

Tite

Tite

  • Share this:


കോപ്പ അമേരിക്ക സംഘാടകർക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ബ്രസീൽ പരിശീലകനായ ടിറ്റെ രംഗത്ത്. നിലവാരം കുറഞ്ഞ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നതെന്നും പെറുവിനെതിരായ സെമി മത്സരത്തിന്റെ വേദി മാറ്റണമെന്നുമാണ് ടിറ്റെ ആവശ്യപ്പെട്ടിരിക്കുന്നത്.

റിയോ ഡി ജനീറോയിലെ നിൽട്ടൺ സാന്‍റോസ് സ്റ്റേഡിയത്തിലാണ് ബ്രസീലിന്‍റെ മത്സരങ്ങൾ നടക്കുന്നത്. സ്റ്റേഡിയത്തിലെ പുൽത്തകിടിയുടെ ശോച്യാവസ്ഥ കാരണം താരങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ കഴിയുന്നില്ലെന്ന് ബ്രസീൽ പരിശീലകൻ വീണ്ടും ആവർത്തിച്ചു. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ കൊളംബിയക്കെതിരായ മത്സരത്തിന് ശേഷവും ടിറ്റെ സമാന വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് ലാറ്റിൻ അമേരിക്കൻ ഫുട്‍ബോൾ ഫെഡറേഷനായ കോൺമെബോൾ ബ്രസീൽ പരിശീലകന് 5000 ഡോളർ പിഴ ചുമത്തുകയും അച്ചടക്കലംഘനം നടത്തരുതെന്ന താക്കീത് നൽകുകയും ചെയ്തിരുന്നു.

നേരത്തെ തന്നെ ഗ്രൗണ്ടുകളുടെ മോശം നിലവാരം ഉയർത്തിക്കാട്ടി ബ്രസീൽ തങ്ങളുടെ നോക്കൗട്ട് മത്സരങ്ങൾ നിൽട്ടൺ സാന്‍റോസ് സ്റ്റേഡിയത്തിൽ നിന്നും മാറ്റണമെന്ന ആവശ്യം ഫെഡറേഷനോട് ഉന്നയിച്ചിരുന്നെങ്കിലും ഇത് പരിഗണിച്ചിരുന്നില്ല. ബ്രസീൽ പരിശീലകന് പുറമെ അവരുടെ സൂപ്പർ താരമായ നെയ്മറും ഗ്രൗണ്ടുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാണിച്ച് സംഘാടകർക്കെതിരെ വിമർശനം നടത്തിയിരുന്നു. ചിലെയുമായുള്ള ക്വാർട്ടർ പോരാട്ടത്തിന് മുൻപായിരുന്നു താരം ഗ്രൗണ്ടുകളുടെ നിലവാരമില്ലായ്മയിൽ അതൃപ്തി രേഖപ്പെടുത്തിയത്. അർജന്റീനിയൻ നായകൻ ലയണൽ മെസ്സി, പരിശീലകൻ ലയണൽ സ്‌കലോണി എന്നിവരും കോപ്പ അമേരിക്കക്കുള്ള മൈതാനങ്ങളെ വിമർശിച്ച് രംഗത്തു വന്നിരുന്നു

ചിലെയുമായി ഈ സ്റ്റേഡിയത്തിൽ തന്നെയാണ് ക്വാർട്ടർ മത്സരം കളിച്ചത്. മത്സരത്തിൽ പത്ത് പേരുമായി ചുരുങ്ങിയിട്ടും കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ നേടിയ ഒറ്റ ഗോളിന്റെ ലീഡ് പ്രതിരോധിച്ച് നിന്നാണ് ബ്രസീൽ സെമിയിലേക്ക് മുന്നേറിയത്. പത്ത് പേരുമായി ചുരുങ്ങിയിട്ടും മത്സരം ജയിക്കാനായി എന്നത് കിരീടം നിലനിർത്താൻ ഒരുങ്ങുന്ന ബ്രസീൽ ടീമിന് കൂടുതൽ ആശ്വാസം നൽകും. പാരഗ്വായെ ക്വാർട്ടറിൽ തോല്പിച്ചെത്തുന്ന പെറുവാണ് സെമിയിൽ ബ്രസീലിന്റെ എതിരാളികൾ. സെമിയിൽ മറ്റൊരു മത്സരത്തിൽ അർജന്റീന കൊളംബിയയെ നേരിടും. ഇതിൽ ബ്രസീൽ -പെറു സെമി നാളെ പുലർച്ചെ 4:30നും അർജന്റീന - കൊളംബിയ സെമി ഏഴിന് പുലർച്ചെ 6:30നും ആരംഭിക്കും.

ബ്രസീൽ ഈ ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കളിച്ച മത്സരങ്ങൾ ഒന്നും തോൽക്കാതെയാണ് അവർ സെമിയിലേക്ക് എത്തിയിരിക്കുന്നത്. ഇതുവരെ അഞ്ച് മത്സരങ്ങൾ കളിച്ച ബ്രസീൽ ടീം നാല് ജയവും ഒരു സമനിലയുമായാണ് നിൽക്കുന്നത്. അഞ്ച് മത്സരങ്ങളിൽ നിന്നായി അവർ 11 ഗോളുകൾ നേടിയപ്പോൾ വെറും രണ്ടെണ്ണം മാത്രമാണ് വഴങ്ങിയത്. നാളെ സെമിയിൽ പെറുവിനെ നേരിടാൻ ഒരുങ്ങുന്ന ബ്രസീലിന് ജയം തന്നെയാണ് ലക്ഷ്യം. ഗ്രൂപ്പ് ഘട്ടത്തിൽ പെറുവിനെ എതിരില്ലാത്ത നാല് ഗോളിന് തോൽപ്പിക്കാനായതും അവർക്ക് മുൻ‌തൂക്കം നൽകുന്നുണ്ട്.

അതേസമയം, കോപ്പ അമേരിക്കയിൽ സ്വപ്ന ഫൈനലിന് വേദിയൊരുങ്ങാനുള്ള സാധ്യതയാണ് വരുന്നത്. സെമി ഫൈനലിൽ എത്തി നിൽക്കുന്ന ആരാധകരുടെ ഇഷ്ട ടീമുകളായ ബ്രസീലും അർജന്റീനയും സെമിയിൽ നിന്ന് മുന്നേറിയാൽ കോപ്പയിൽ ആവേശക്കടലിരമ്പത്തിനാകും സാക്ഷ്യം വഹിക്കുക. യൂറോ കപ്പിനിടയിൽ പെട്ട് മങ്ങിപ്പോയ ടൂർണമെന്റിന്റെ ആവേശം ഈ ഒരൊറ്റ മത്സരത്തിലൂടെ തിരിച്ചുവരും. ചിരവൈരികളായ ഇരു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടുന്നത് കാണാൻ ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്.

Summary

Brazil Coach Tite demands change of Semi final venue ahead of Brazil-Peru clash, slams the poor quality of grounds used for the tournament
Published by:Naveen
First published: