HOME » NEWS » Sports » BRAZIL DEFEATS VENEZUELA BY THREE GOALS IN COPA AMERICA

Copa America 2021| കോപ്പ അമേരിക്ക: വിജയഗാഥ തുടർന്ന് ബ്രസീൽ; വെനേസ്വലയെ തകർത്തത് മൂന്ന് ഗോളിന്

ബ്രസീലിനായി മാർക്വീഞ്ഞോസ്, നെയ്മർ, ഗാബി എന്നിവരാണ് ഗോളുകൾ നേടിയത്.

News18 Malayalam | news18-malayalam
Updated: June 14, 2021, 4:53 AM IST
Copa America 2021| കോപ്പ അമേരിക്ക: വിജയഗാഥ തുടർന്ന് ബ്രസീൽ; വെനേസ്വലയെ തകർത്തത് മൂന്ന് ഗോളിന്
Neymar
  • Share this:
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ തകർപ്പൻ പ്രകടനങ്ങളുടെ ലേബലിൽ ഈ ടൂർണമെൻ്റിൽ കിരീടം നേടാൻ കൂടുതൽ സാധ്യതയുള്ള ടീമെന്ന നിലയിൽ വെനേസ്വലയെ നേരിടാൻ ഇറങ്ങിയ ബ്രസീൽ, അവരുടെ തകർപ്പൻ ഫോം തുടരുന്ന കാഴ്ചയാണ് കണ്ടത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ വെനേസ്വലയെ തോൽപ്പിച്ചത്. ബ്രസീലിനായി മാർക്വീഞ്ഞോസ്, നെയ്മർ, ഗാബി എന്നിവരാണ് ഗോളുകൾ നേടിയത്.

കളിയുടെ തുടക്കം മുതൽ വെനേസ്വലയുടെ ഗോൾ മുഖത്ത് നിരന്തരം അവസരങ്ങൾ സൃഷ്ടിക്കാൻ ബ്രസീലിന് കഴിഞ്ഞു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ടീമിൻ്റെ പവർഹൗസ് ആയിരുന്ന സൂപ്പർ താരം നെയ്മർ തന്നെയായിരുന്നു ബ്രസീലിൻ്റെ മുന്നേറ്റങ്ങളുടെ സൂത്രധാരൻ.  ഫിനിഷിംഗിൽ വരുത്തിയ പോരായ്മകളാണ് അവരെ പലപ്പോഴും ഗോളിൽ നിന്നകറ്റിയത്. നെയ്മറും, മിലിറ്റാവോയും, റിച്ചാർലിസണും എല്ലാവരും ഗോളിന് അടുത്ത് വരെ എത്തിയെങ്കിലും വല കുലുക്കാൻ ഇവർക്ക് കഴിഞ്ഞില്ല.

തുടർ മുന്നേറ്റങ്ങളുമായി വെനേസ്വലൻ പ്രതിരോധ നിരയെ പരീക്ഷിച്ചു കൊണ്ടിരുന്ന നെയ്മറിൻ്റേയും കൂട്ടരുടേയും പരിശ്രമം ഫലം കണ്ടത് 23ആം മിനിറ്റിലായിരുന്നു. ബ്രസീൽ നടത്തിയ മുന്നേറ്റത്തിൽ ലഭിച്ച ഒരു കോർണറിൽ നിന്നാണ് ഗോൾ വന്നത്. നെയ്മർ എടുത്ത കോർണർ കിക്കിൽ നിന്ന് പന്ത് സ്വീകരിച്ച റിച്ചാർളിസൺ അതിനെ നേരെ പോസ്റ്റിന് മുന്നിലേക്ക് ഫ്ളിക് ചെയ്തിട്ടു, വേനേസ്വലൻ താരമായ ലൂയിസ് മാട്ടിനസിനെ മറികടന്ന് വന്ന മാർക്വീഞ്ഞോസിൻ്റെ ക്ലോസ് റേഞ്ചർ വെനേസ്വലൻ ഗോൾ വല തുളച്ച് കയറി. 

ആദ്യ പകുതിയുടെ തനിയാവർത്തനം തന്നെയായിരുന്നു രണ്ടാം പകുതിയും. നെയ്മർ ഒരുക്കിക്കൊടുത്ത ഒരു ക്രോസിന് തല വച്ച റിച്ചാർലിസൻ്റെ ഹെഡർ പക്ഷേ ക്രോസ്ബാറിന് മുകളിലൂടെയാണ് പോയത്. ഇതിനിടയിൽ ചില ഒറ്റയാൻ മുന്നേറ്റങ്ങളുമായി വെനേസ്വല തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും അവരുടെ ആക്രമങ്ങൾക്ക് മൂർച്ച കുറവായിരുന്നു. ഇതിനിടയിൽ 53ആം മിനിറ്റിൽ തങ്ങളുടെ ലീഡ് ഉയർത്താൻ ബ്രസീലിന് ഒരു സുവർണാവസരം ലഭിച്ചെങ്കിലും അവരത് നഷ്ടപ്പെടുത്തി. പന്തുമായി മുന്നേറി സിക്സ് യാർഡ് ബോക്സിലേക്ക് ഗബ്രിയേൽ ജീസസ് നൽകിയ ക്രോസ് വേനേസ്വലൻ താരങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാതെ വന്നതോടെ പന്ത് നെയ്മർക്ക് ലഭിച്ചു. പക്ഷേ താരം തൊടുത്ത ഷോട്ട് വലിയ വ്യത്യാസത്തിൽ ഗോളിന് പുറത്തേക്കാണ് പോയത്.വീണ്ടും അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്ന ബ്രസീലിന് 63ആം മിനിറ്റിൽ അവരുടെ ലീഡ് ഉയർത്താൻ കഴിഞ്ഞു. ബ്രസീലിയൻ താരമായ റിബെയ്റോയെ ബോക്സിൽ വീഴ്‌ത്തിയതിന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. പെനാൽറ്റി എടുത്ത നെയ്മർ വെനേസ്വലൻ ഗോളിയായ ഗ്രാറ്റെറോളിനെ ചാടിയതിൻ്റെ എതിർ ദിശയിലേക്ക് അടിച്ച് ബ്രസീലിൻ്റെ രണ്ടാം ഗോൾ നേടി.

രണ്ടു ഗോളിന് പിന്നിലായതോടെ പരുക്കൻ അടവുകൾ പുറത്തെടുക്കാൻ തുടങ്ങിയ വെനേസ്വലൻ താരങ്ങൾക്കെതിരെ റഫറിക്ക് ഇടക്കിടെ മഞ്ഞക്കാർഡുകൾ പുറത്തെടുക്കേണ്ടി വന്നു. ബ്രസീൽ താരങ്ങൾക്കും കാർഡ് ലഭിക്കുന്നുണ്ടായിരുന്നു. പിന്നീട് കുറച്ച് സമയത്തേക്ക് പന്ത് കയ്യിൽ വച്ച് കളി തീർക്കാനുള്ള ശ്രമമായിരുന്നു ബ്രസീൽ നടത്തിയത്. ഇതിനിടെ ഇടക്ക് ബ്രസീലിന് ഒരു അവസരം ലഭിച്ചെങ്കിലും ഇത്തവണയും നെയ്മറിൻ്റെ ഷോട്ട് പുറത്തേക്കാണ് പോയത്.

മത്സരം തങ്ങളുടെ വരുതിയിൽ നിർത്തി കളിച്ചിരുന്ന ബ്രസീൽ താരങ്ങളിൽ നിന്നും പന്ത് എടുത്ത് ഗോൾ നേടാൻ വേണ്ടി പ്രതിരോധം മറന്ന് മുന്നോട്ട് ഇറങ്ങി വന്ന വെനേസ്വലൻ താരങ്ങൾക്കുള്ള ശിക്ഷ നൽകി ബ്രസീൽ കളിയിലെ മൂന്നാം ഗോളും നേടി. പന്ത് കയ്യിൽ വച്ച് തുറന്നിട്ട എതിർ പകുതിയിലേക്ക് കുതിച്ചു കയറിയ നെയ്മറിനെ തടയാൻ പ്രതിരോധ നിരക്ക് കഴിയാതെ വന്നതോടെ അവരുടെ ഗോളിക്ക് മുന്നോട്ട് ഇറങ്ങി വരേണ്ടി വന്നു. എന്നാൽ ഗോളിയെ അതിസമർത്ഥമായി മറികടന്ന നെയ്മർ ഗോളിന് മുന്നിൽ നിൽക്കുകയായിരുന്ന ഗാബിക്ക് പന്ത് മറിച്ച് നൽകി, ഒഴിഞ്ഞ ഗോൾ പോസ്റ്റിലേക്ക് പന്ത് തടിയിടുക എന്ന ജോലി മാത്രമേ താരത്തിന് ബാക്കിയുണ്ടായിരുന്നുള്ളൂ.

മത്സരം ജയിച്ച ബ്രസീൽ ഗ്രൂപ്പിൽ മൂന്ന് പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ആറ് മണിക്ക് നടക്കുന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കൊളംബിയ ഇക്വഡോറിനെ നേരിടും. Summary

Brazil beat Venezuela by  three goal margin in Copa America

 
Published by: Naveen
First published: June 14, 2021, 4:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories