നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Copa America|കോപ്പ അമേരിക്ക: ബ്രസീൽ ഫൈനലിൽ, പക്വേറ്റയുടെ ഒറ്റ ഗോളിൽ പെറുവിനെ വീഴ്ത്തി ബ്രസീൽ

  Copa America|കോപ്പ അമേരിക്ക: ബ്രസീൽ ഫൈനലിൽ, പക്വേറ്റയുടെ ഒറ്റ ഗോളിൽ പെറുവിനെ വീഴ്ത്തി ബ്രസീൽ

  ക്വാർട്ടർ മത്സരത്തിൽ ചിലെക്കെതിരെ ബ്രസീലിന്റെ ഗോൾ നേടിയ ലുക്കാസ് പക്വേറ്റ തന്നെയാണ് സെമിയിലെ ഏക ഗോളും നേടിയത്. നെയ്മർ ഒരുക്കിയ അവസരത്തിൽ നിന്നായിരുന്നു താരത്തിൻ്റെ ഗോൾ.

  ഗോൾ നേട്ടം ആഘോഷിക്കുന്ന ലൂക്കാസ് പക്വേറ്റ, പുറകിൽ അസ്സിസ്റ് ഒരുക്കി നൽകിയ നെയ്മർ (ട്വിറ്റർ ചിത്രം)

  ഗോൾ നേട്ടം ആഘോഷിക്കുന്ന ലൂക്കാസ് പക്വേറ്റ, പുറകിൽ അസ്സിസ്റ് ഒരുക്കി നൽകിയ നെയ്മർ (ട്വിറ്റർ ചിത്രം)

  • Share this:


   കോപ്പ അമേരിക്ക ഫൈനലിൽ കടന്ന് നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ. പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ബ്രസീലിന്റെ ഫൈനൽ പ്രവേശനം. തുടർച്ചയായ രണ്ടാം തവണയാണ് ബ്രസീൽ കോപ്പ ഫൈനലിൽ കയറുന്നത്. നാളെ പുലർച്ചെ നടക്കുന്ന അർജൻ്റീന - കൊളംബിയ സെമിയിലെ വിജയികളെ ബ്രസീൽ ഫൈനലിൽ നേരിടും. ഒരുപാട് വർഷത്തിന് ശേഷം അർജൻ്റീന - ബ്രസീൽ സ്വപ്ന ഫൈനൽ പോരാട്ടത്തിനാണ് കോപ്പയിൽ കളമൊരുങ്ങുന്നത്.

   നേരത്തെ ക്വാർട്ടർ മത്സരത്തിൽ ചിലെക്കെതിരെ ബ്രസീലിന്റെ ഗോൾ നേടിയ ലുക്കാസ് പക്വേറ്റ തന്നെയാണ് സെമിയിലെ ഏക ഗോളും നേടിയത്. നെയ്മർ ഒരുക്കിയ അവസരത്തിൽ നിന്നായിരുന്നു താരത്തിൻ്റെ ഗോൾ.   കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും മാറ്റങ്ങൾ വരുത്തിയാണ് ബ്രസീലും പെറുവും ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട കാരണം സസ്പെൻഷനിലായ ഗബ്രിയേൽ ജിസ്യുസിന് പകരം ലൂക്കാസ് പക്വേറ്റയും റോബർട്ടോ ഫിർമിനോയ്ക്ക് പകരം എവർട്ടണെയും ടിറ്റെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തി. പെറു നിരയിലും സസ്പെൻഷനിലുള്ള ആന്ദ്രേ കാരില്ലോയ്ക്ക് പകരം കാല്ലെൻസിനെ ഉൾപ്പെടുത്തി പെറു ഇറങ്ങി.

   ആത്മവിശ്വാസത്തോടെ കളി നിയന്ത്രിച്ച ബ്രസീൽ കളിയുടെ എട്ടാം മിനിറ്റിൽ തന്നെ ആദ്യ അവസരം തുറന്നെടുത്തു. പക്വേറ്റ പെറു പ്രതിരോധ നിരയെ പിളർത്തി മുന്നോട്ട് റിച്ചാർലിസന് നൽകിയ ത്രൂ പാസ് താരം ബാക് ഹീൽ കൊണ്ട് നെയ്മർക്ക് നൽകി. മികച്ച ഒരു അവസരം കിട്ടിയത് പക്ഷേ നെയ്മറിൻ്റെ പുറത്തേക്കുള്ള ഷോട്ടിലൂടെ നഷ്ടപ്പെട്ടു.   പെറുവിൻ്റെ ഹാഫിലേക്ക് പിന്നീട് ബ്രസീൽ കളി ചുരുക്കി. തുടർ മുന്നേറ്റങ്ങളുമായി വന്ന അവർ പെറു ഗോളി ഗലേസെയെ പരീക്ഷിച്ച് കൊണ്ടിരുന്നു. 19ാം മിനിറ്റിൽ ഒരു ശ്രമത്തിൽ നിന്നും രണ്ട് ഗോൾ അവസരങ്ങളാണ് ബ്രസീലിന് വീണുകിട്ടിയത്. പക്ഷേ അസാമാന്യ റിഫ്ലെക്സോടെ രണ്ട് ശ്രമവും പെറു ഗോളി തടുത്തിട്ടു. പക്വേറ്റ നൽകിയ പാസിൽ നിന്ന് പോയിൻ്റ് ബ്ലാങ്കിൽ നിന്നും നെയ്മർ ഷോട്ട് എടുത്തെങ്കിലും ഗലേസെ അത് തടുത്തിട്ടു ഇതിൽ നിന്നും പന്ത് കിട്ടിയ റിച്ചാർലിസൻ വീണ്ടും ഷോട്ട് എടുത്തെങ്കിലും അസാമാന്യ മികവോടെ പെറു ഗോളി ആ ശ്രമവും നിർവീര്യമാക്കി. 

   ഇതിനിടയിൽ പെറു ബ്രസീൽ ഭാഗത്തേക്ക് ഒരു മുന്നേറ്റം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല. അവസരങ്ങൾ സൃഷ്ടിച്ച് കൊണ്ടിരുന്ന ബ്രസീൽ 35ാം മിനിറ്റിൽ കളിയിൽ ലീഡ് നേടി. പെറു താരത്തിൻ്റെ കാലിൽ നിന്നും പന്ത് കിട്ടിയ റിച്ചാർലിസൻ അത് നെയ്മർക്ക് നൽകി. പന്തുമായി മുന്നേറി ബോക്സിൽ എത്തിയ നെയ്മർ അത് പെറു പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്സിൻ്റെ മധ്യത്തിൽ നിൽക്കുകയായിരുന്ന പക്വേറ്റക്ക് പന്ത് ഫ്ളിക് ചെയ്ത് നൽകി. ഒന്ന് കുത്തിയുയർന്ന പന്തിനെ അഡ്ജസ്റ്റ് ചെയ്ത് പക്വേറ്റ എടുത്ത ഷോട്ട് സ്ഥാനം തെറ്റി നിന്നിരുന്ന ഗലേസെയെ കീഴ്പ്പെടുത്തി വലയിൽ. പെറു സമനില നേടാൻ ശ്രമിച്ചെങ്കിലും ബ്രസീൽ നിര ഉറച്ച് തന്നെ നിന്നു.   രണ്ടാം പകുതിയിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് പെറു ഇറങ്ങിയത്. ആദ്യ പകുതിയിൽ അധികം അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാതെ പോയ അവർ രണ്ടാം പകുതിയിൽ ആക്രമണങ്ങൾ നടത്തിയാണ് തുടങ്ങിയത്. ഇതോടെ ബ്രസീൽ പ്രതിരോധ നിരക്കും ഗോളി എദേഴ്സണും തിരക്കായി. മുന്നേറ്റങ്ങളുമായി ലാപഡുലയും കുയേവയും പകരക്കാരനായി വന്ന ഗാർസിയയും ഇടക്കിടെ ബ്രസീൽ ബോക്സിൽ ഇരമ്പിയെത്തി. ഉറച്ച് നിന്ന ബ്രസീൽ ഗോളിയും പ്രതിരോധവും അതെല്ലാം സമർത്ഥമായി പ്രതിരോധിച്ചു നിന്നു. 49-ാം മിനിറ്റിൽ ലാപഡുലയുടെ ഷോട്ട് രക്ഷപ്പെടുത്തിയ എഡേഴ്സൺ 61-ാം മിനിറ്റിൽ റസിയെൽ ഗാർസിയയുടെ ഷോട്ടിലും ബ്രസീലിന്റെ രക്ഷകനായി.   രണ്ടാം പകുതിയിൽ ഒന്ന് പിന്നിൽ പോയ ശേഷം ബ്രസീൽ പതിയെ അവരുടെ മേധാവിത്വം വീണ്ടെടുക്കാൻ തുടങ്ങി. കളി വീണ്ടും ബ്രസീലിൻ്റെ കയ്യിൽ ആയതോടെ പെറു ഗോൾമുഖത്തേക്ക് പന്തെത്താൻ തുടങ്ങി. ഇതിനിടയിൽ 71ാം മിനിറ്റിൽ റിച്ചാർലിസൻ ബോക്സിൽ വീണതിന് ബ്രസീൽ പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല.

   ആദ്യ പകുതിയിൽ നിന്ന് വ്യത്യസ്തമായി ബ്രസീൽ നിരയ്ക്കൊപ്പം നിൽക്കുന്ന പ്രകടനമാണ് പെറു രണ്ടാം പകുതിയിൽ പുറത്തെടുത്തത്. അതിനാൽ മറുഭാഗത്തേക്കും മുന്നേറ്റങ്ങൾ വന്ന് കൊണ്ടിരുന്നു. കളിയുടെ 80ാം മിനിറ്റിൽ പക്വേറ്റയുടെ ഫൗളിൽ പെറുവിന് ബ്രസീൽ ബോക്സിന് അടുത്ത് നിന്ന് ഫ്രീകിക്ക് കിട്ടി. ഇടത് ഭാഗത്ത് നിന്നും വന്ന യോടുൻ്റെ ക്രോസിലേക്ക് കാല്ലെൻസ് ഉയർന്ന് ചാടി ഹെഡ് ചെയ്തെങ്കിലും താരത്തിൻ്റെ ദുർബലമായ ഹെഡ്ഡർ പോസ്റ്റിന് പുറത്തേക്ക് പോയി.

   അവസാന നിമിഷങ്ങളിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞ ബ്രസീൽ ഒരു ഗോളിന്റെ ലീഡുമായി ഒടുവിൽ ഫൈനലിലേക്ക് മുന്നേറി.

   Summary

   Brazil resches Copa America final; Overcomes Peru's challenge in a single goal by Lucas Paqueta
   Published by:Naveen
   First published:
   )}