നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Copa America | കോപ്പ അമേരിക്കയില്‍ ഫൈനല്‍ തേടി ബ്രസീല്‍ നാളെ ഇറങ്ങുന്നു

    Copa America | കോപ്പ അമേരിക്കയില്‍ ഫൈനല്‍ തേടി ബ്രസീല്‍ നാളെ ഇറങ്ങുന്നു

    ബ്രസീല്‍ ചാമ്പ്യന്മാരായ 2019ലെ ഫൈനലില്‍ പെറുവായിരുന്നു എതിരാളികള്‍. അന്ന് ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം.

    Brazil players

    Brazil players

    • Share this:
      കോപ്പ അമേരിക്കയില്‍ ആദ്യ സെമി ഫൈനല്‍ പോരാട്ടത്തിനായി ആതിഥേയരായ ബ്രസീല്‍ നാളെ ഇറങ്ങുകയാണ്. നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ ബ്രസീല്‍ നാളെ പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ പെറുവിനെയാണ് നേരിടുന്നത്. ഇന്ത്യന്‍ സമയം രാവിലെ 4.30നാണ് മത്സരം. ബുധനാഴ്ച നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ അര്‍ജന്റീന കൊളംബിയയുമായി ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ഫൈനല്‍ മത്സരം നടക്കുന്നത്.

      മുന്‍ ചാമ്പ്യന്മാരായ ചിലെയെ ലൂകാസ് പക്വേറ്റയുടെ ഒരു ഗോളിന് മറികടന്നാണ് ബ്രസീല്‍ സെമി ഫൈനലില്‍ എത്തിയിരിക്കുന്നത്. അനായാസം ബ്രസീല്‍ ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചിലെയില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിട്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ പെറുവിനെ നാല് ഗോളിന് തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് ബ്രസീല്‍ ഇന്നിറങ്ങുക. അലക്‌സ് സാന്ദ്രോ, നെയ്മര്‍, എവര്‍ട്ടന്‍ റിബെയ്‌റോ, റിച്ചാര്‍ലിസണ്‍ എന്നിവരായിരുന്നു പെറുവിനെതിരെ നടന്ന മത്സരത്തിലെ ഗോള്‍ സ്‌കോറര്‍മാര്‍. മാത്രമല്ല, ബ്രസീല്‍ ചാമ്പ്യന്മാരായ 2019ലെ ഫൈനലില്‍ പെറുവായിരുന്നു എതിരാളികള്‍. അന്ന് ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. ഈ മികവ് ആവര്‍ത്തിക്കാനാകും ടിറ്റെയുടെ ബ്രസീല്‍ ഇന്ന് ശ്രമിക്കുക. നിലവിലെ ടീമിന്റെ ഫോമും തുടര്‍ച്ചയായ രണ്ടാം കിരീട പ്രതീക്ഷ ഉയര്‍ത്തുന്നതാണ്.

      നെയ്മറും റിച്ചാര്‍ലിസണും കാസിമിറോയും ഫ്രെഡുമെല്ലാം പതിവ് ഫോമിലേക്കുയര്‍ന്നാല്‍ ബ്രസീലിന്റെ മുന്നേറ്റനിരയെ പിടിച്ചുകെട്ടാന്‍ പെറു ടീം നന്നായി കഷ്ടപ്പെടേണ്ടി വരും. അതേ സമയം പരാഗ്വെയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് പെറുവിന്റെ സെമി പ്രവേശനം. കടുത്ത പോരാട്ടവീര്യമുള്ള നിരയാണ് പെറുവിന്റേത് എന്നതിനാല്‍ ഒരു അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ല. പെറുവിന്റെ ആന്‍ഡ്രേ കാറില്ലോ, ജിയാന്‍ലൂക്ക ലാപ്പഡൂല എന്നിവരെയാണ് ബ്രസീല്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഇരുവരും രണ്ട് ഗോള്‍ വീതം നേടുകയും ഓരോ അസിസ്റ്റ് നല്‍കുകയും ചെയ്തിട്ടുണ്ട്. യോഷിമാര്‍ യോടുനും പെറുവിന് പ്രതീക്ഷകള്‍ക്ക് ഊര്‍ജം നല്‍കുന്നു.

      ക്വാര്‍ട്ടര്‍ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട ഗബ്രിയേല്‍ ജെസ്യൂസിന് പകരം റോബര്‍ട്ടോ ഫിര്‍മിനോ ടീമിലെത്തും. ബ്രസീലും പെറുവും ഏറ്റുമുട്ടുന്ന 50-ാം മത്സരമാണിത്. നേര്‍ക്കുനേര്‍ കണക്കില്‍ ബ്രസീലിനാണ് വ്യക്തമായ ആധിപത്യം. 35 കളികളിലും ബ്രസീല്‍ ജയിച്ചു. പെറു ജയിച്ചത് അഞ്ച് കളികളില്‍ മാത്രം. ഒന്‍പത് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. സമീപകാലത്തൊന്നും ബ്രസീലിനെ വീഴ്ത്താന്‍ പെറുവിനായിട്ടില്ല. ഈ കണക്കുകളെല്ലാം ബ്രസീലിന് അനുകൂലമാണെങ്കിലും 2019ല്‍ ബ്രസീലിനെ പെറു ഒറ്റ ഗോളിന് തോല്‍പ്പിച്ചിരുന്നു.

      കോപ്പ അമേരിക്കയുടെ രണ്ടാം സെമിയില്‍ അര്‍ജന്റീന കൊളംബിയയെ നേരിടും. ബുധാനാഴ്ച രാവിലെ ആറരയ്ക്കാണ് കളി തുടങ്ങുക. ക്വാര്‍ട്ടറില്‍ അര്‍ജന്റീന, ഇക്വഡോറിനെ തകര്‍ക്കുകയായിരുന്നു. കൊളംബിയ, പരാഗ്വേയെ മറികടന്നാണ് അവസാന നാലിലെത്തിയത്. ബ്രസീലും അര്‍ജന്റീനയും അവരുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ വിജയിച്ചാല്‍ ആരാധകര്‍ ഉറ്റുനോക്കുന്ന അര്‍ജന്റീന - ബ്രസീല്‍ സ്വപ്‌ന ഫൈനലാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്.
      Published by:Sarath Mohanan
      First published:
      )}