റിയോ ജി ജെനീറോ: കോപ്പ അമേരിക്ക കിരീടം ബ്രസീലിന്. ഫൈനലിൽ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചു. ഒമ്പതാം തവണയാണ് ബ്രസീൽ കോപ്പ അമേരിക്ക കിരീടം നേടുന്നത്. നീണ്ട പന്ത്രണ്ടാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് കോപ്പയിൽ കാനറികൾ ഒമ്പതാം മുത്തമിട്ടത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പെറുവിനെ ബ്രസീൽ പരാജയപ്പെടുത്തിയത്.
ആവേശം നുരഞ്ഞ കലാശപ്പോരിൽ പെറുവിന് വീര്യത്തെയും ചുവപ്പ് കാർഡിനെയും മറികടന്നുളളതാണ് ബ്രസീലിന്റെ കിരീടധാരണം. പതിനഞ്ചാം മിനിറ്റിൽ എവർട്ടണിലൂടെ തുടക്കം. ഗബ്രിയേല്‍ ജീസസിന്റെ ഗംഭീരക്രോസ് സുന്ദരമായ ഒരു വോളിയിലൂടെ ഗോൾ വലയ്ക്കുള്ളിൽ.
നാൽപത്തി നാലാം മിനിറ്റിൽ പെറുവിന് അനുകൂലമായ പെനാൽറ്റി. തിയാഗോ സിൽവ ബോക്സിൽ ക്ലിയർ ചെയ്യുന്നതിനിടെ നിലത്ത് വീണ് പന്ത് കൈ കൊണ്ട് തൊട്ടതിനായിരുന്നു പെനാൽറ്റി. ഗുറേറോ പെനാൽറ്റി ലക്ഷ്യത്തില്‍ എത്തിച്ചു.
ഈ ആഘോഷത്തിന് ഒരു മിനിറ്റിന്റെ ദൈർഘ്യം മാത്രം. ആർതറുടെ തളികയിലെന്ന പോലുള്ള പാസ് ഗബ്രിയേൽ ജീസസിന്റെ ഗോളിലൂടെ ബ്രസീൽ മുന്നിൽ. രണ്ടാം പകുതിയിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട ജീസസ് കളം വിട്ടതോടെ ബ്രസീൽ പത്തു പേരായി ചുരുങ്ങി. എന്നാൽ അവസാന മിനിറ്റിൽ ലഭിച്ച പെനാൽറ്റി കാനറികൾക്ക് കരുത്തായി. റിച്ചാര്ലിസന് തെറ്റിയില്ല.
2007ലാണ് അവസാനമായി ബ്രസീൽ കോപ്പ കിരീടം ചൂടിയത്. ജയത്തോടെ ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കിരീടം നേടി എന്ന ഖ്യാതിയും കാനറികൾ സ്വന്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.