• HOME
 • »
 • NEWS
 • »
 • sports
 • »
 • 'ഈ മെല്ലെപ്പോക്ക് അവസാനിപ്പിക്കണം'; പൂജാരയ്ക്ക് ഉപദേശവുമായി ബ്രയാന്‍ ലാറ

'ഈ മെല്ലെപ്പോക്ക് അവസാനിപ്പിക്കണം'; പൂജാരയ്ക്ക് ഉപദേശവുമായി ബ്രയാന്‍ ലാറ

പൂജാരയുടെ ഈ മെല്ലപോക്ക് ബാറ്റിങ് അവസാനിപ്പിക്കാന്‍ സമയമായി എന്നാണ് ബ്രയാന്‍ ലാറയുടെ അഭിപ്രായം.

News18

News18

 • Share this:
  ലോഡ്സ് ടെസ്റ്റിലെ ഐതിഹാസിക ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമിന് വന്‍ തിരിച്ചടിയാണ് മൂന്നാം ടെസ്റ്റിലെ ആദ്യ ദിനം നേരിട്ടിരിക്കുന്നത്. അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 78 റണ്‍സിന് പുറത്തവുകയായിരുന്നു. 19 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. രോഹിത്തിനെ കൂടാതെ അജിന്‍ക്യ രഹാനെ മാത്രമാണ് (18 റണ്‍സ്) രണ്ടക്കം കടന്നത്.

  ഒന്നാം ദിനം മനോഹര സ്വിങ്ങ് ബൗളിംഗ് കരുത്തിനാല്‍ ഇംഗ്ലണ്ട് ടീം ഫാസ്റ്റ് ബൗളര്‍മാര്‍ കളം നിറഞ്ഞപ്പോള്‍ നായകന്‍ കോഹ്ലിയടക്കമുള്ള ഇന്ത്യന്‍ ടീം ബാറ്റ്സ്മാന്മാര്‍ കുറഞ്ഞ സ്‌കോര്‍ നേടിയാണ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. ടീമിലെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയെ രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ വന്‍മതില്‍ എന്ന നിലയിലാണ് ആരാധകര്‍ കണ്ടിരുന്നത്. എന്നാല്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അടക്കം പൂജാര നിരാശപ്പെടുത്തുകയായിരുന്നു.

  ടെസ്റ്റിലെ വളരെ നിര്‍ണ്ണായകമായ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറിലാണ് അദ്ദേഹം കളിക്കുന്നത്. ഒരുവശത്ത് നിലയുറപ്പിച്ച് ടീമിനെ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ സഹായിക്കേണ്ട പൂജാര കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. 30ന് താഴെ ശരാശരിയുള്ള പുജാര നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് കളിക്കുന്നത്. നിലവിലെ പ്രകടനം വെച്ച് വിലയിരുത്തുമ്പോള്‍ ടെസ്റ്റ് ടീമില്‍ നിന്നും പുറത്താവാനാണ് സാധ്യത. എന്നാല്‍ പൂജാരയുടെ ബാറ്റിങ് ശൈലിയെയും ഒപ്പം താരം ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. പൂജാരയുടെ ഈ മെല്ലപോക്ക് ബാറ്റിങ് അവസാനിപ്പിക്കാന്‍ സമയമായി എന്നാണ് ബ്രയാന്‍ ലാറയുടെ അഭിപ്രായം.

  'പൂജാരയുടെ ഈ ബാറ്റിങ് ശൈലിക്ക് അവസാനം കുറിക്കുവാന്‍ സമയമായി കഴിഞ്ഞു. പൂജാര ഇത്രയേറെ സ്ലോയായ ബാറ്റിങ് പ്രകടനം പുറത്തെടുക്കുന്നത് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ താളവും ഏറെ തെറ്റിക്കുന്നുണ്ട്. ഒരുപക്ഷേ ഞാനാണ് അദ്ദേഹത്തിന്റെ കോച്ചായിരുന്നതെങ്കില്‍ പൂജാരയുടെ ഈ സ്ലോ ബാറ്റിങ് തന്നെ മാറ്റിമറിച്ചേനെ. ടീമിനായി റണ്‍സുകള്‍ കണ്ടെത്താനുള്ള വഴികള്‍ എല്ലാം തന്നെ ഉപയോഗിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് പറയും. ഇത്തരത്തില്‍ പന്തുകള്‍ എല്ലാം മുട്ടിമാത്രം കളിക്കുന്ന പൂജാരക്ക് ശൈലി മാറ്റാതെ ഇനി ടീമില്‍ തുടരുവാനായി സാധിക്കില്ല.'- ലാറ വിമര്‍ശനം കടുപ്പിച്ചു.

  അതേസമയം ലോര്‍ഡ്സില്‍ ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്മാരായ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും ചരിത്രം സൃഷ്ടിച്ചിരുന്നു. ലോര്‍ഡ്സ് ഗ്രൗണ്ടില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് രണ്ടുപേരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇവര്‍ കൃത്യം 100 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്.

  ലോര്‍ഡ്‌സ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് പൂജാര ഇന്ത്യയ്ക്കായി പ്രതിരോധം തീര്‍ത്തത്. പൂജാര ആദ്യ റണ്‍ നേടുന്നത് 35-ാം പന്തിലാണ്. വളരെ ശ്രദ്ധയോടെയും ക്ഷമയോടെയുമാണ് പൂജാര ഓരോ പന്തുകളും നേരിട്ടത്. മത്സരത്തിന്റെ 20-ാം ഓവറിലാണ് താരം തന്റെ ആദ്യ റണ്‍ നേടിയത്. സാം കറന്റെ ഓവറിലായിരുന്നു അത്. 2018 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ 53 പന്തുകള്‍ നേരിട്ടാണ് പൂജാര ആദ്യ റണ്‍ കണ്ടെത്തിയത്.
  Published by:Sarath Mohanan
  First published: