• HOME
  • »
  • NEWS
  • »
  • sports
  • »
  • BUMRAH SETS UP ROBINSON WITH HIS BRILLIANT PLAN VIRAL

ലോഡ്‌സ് ടെസ്റ്റിലെ 'ബുംറ ബ്രില്യൻസ്'; റോബിൻസനെ പുറത്താക്കാൻ ബുംറ മെനഞ്ഞ തന്ത്രം - വൈറൽ വീഡിയോ

ഇന്ത്യക്ക് മുന്നിൽ പ്രതിരോധം തീർത്തു നിന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരിൽ റോബിന്‍സനെ പുറത്താക്കിയ ബുംറ ഇന്ത്യക്ക് നിർണായക ബ്രെക്ക് ത്രൂ നൽകി

News18

News18

  • Share this:
    ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ലോഡ്‌സിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്ന് പൊരുതിക്കയറിയാണ് വിരാട് കോഹ്ലി നേതൃത്വം നൽകുന്ന ഇന്ത്യൻ സംഘം ഇംഗ്ലണ്ടിന്റെ കയ്യിൽ നിന്നും വിജയം പിടിച്ചെടുത്തത്. ടീമിലെ 11 പേരും ഒരുമിച്ച് ഒരേസമയം അവസരത്തിനൊത്ത് ഉയർന്നതാണ് ലോഡ്‌സിൽ ഇന്ത്യൻ ജയത്തിൽ നിർണായകമായത്. ടീമിലെ ബൗളർമാർ അവസരത്തിനൊത്ത് ഉയർന്നതും ഇന്ത്യക്ക് തുണയായി.

    മികച്ച ഒരു വിക്കറ്റായിരുന്നു ലോഡ്‌സിലേത്. പുതിയ പന്ത് എടുക്കുമ്പോൾ ബൗളർമാർക്ക് ലഭിച്ചിരുന്ന പിന്തുണയിൽ നിന്നുമാണ് കൂടുതൽ വിക്കറ്റുകളും പിറന്നത്. പന്ത് പഴകിക്കഴിഞ്ഞാൽ ബൗളർമാർക്ക് പിച്ചിൽ നിന്നും കാര്യമായ പിന്തുണ ലഭിക്കുന്നുണ്ടായിരുന്നില്ല. അത്തരമൊരു പിച്ചിലാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് നിരയെ വെറും 52 ഓവറിൽ ഇന്ത്യൻ സംഘം എറിഞ്ഞൊതുക്കിയത്.

    സമനില ലക്ഷ്യം വെച്ച് എട്ടാം വിക്കറ്റിൽ ബട്ലറും റോബിൻസനും ഇന്ത്യൻ ബൗളർമാരെ പ്രതിരോധിച്ച് നിന്നതോടെ ഇന്ത്യക്ക് അർഹമായ വിജയം വിരസമായ സമനിലയിലേക്ക് നീങ്ങുമെന്ന തോന്നലുണ്ടായി. 12 ഓവറുകളോളം ഇവർ ഇന്ത്യക്ക് വിക്കറ്റ് നൽകാതെ പ്രതിരോധിച്ച് നിന്നു. ചുരുങ്ങിയ ഓവറുകൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത് എന്നതിനാൽ ഇംഗ്ലണ്ട് ക്യാമ്പിൽ സമനില മോഹങ്ങൾ സജീവമായി തുടങ്ങിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിന്റെ സമനില മോഹങ്ങൾ ബുംറ എറിഞ്ഞ 51ാ൦ ഓവറോടെ തീർന്നു.

    ഇന്ത്യക്ക് മുന്നിൽ പ്രതിരോധം തീർത്തു നിന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരിൽ റോബിന്‍സനെ പുറത്താക്കിയ ബുംറ ഇന്ത്യക്ക് നിർണായക ബ്രെക്ക് ത്രൂ നൽകി. ഇതിന് ശേഷം അടുത്ത ഓവറിൽ അവരുടെ ബാക്കി രണ്ട് വിക്കറ്റുകൾ കൂടി നേടിയ സിറാജ് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. റോബിന്‍സനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയ ബുംറയുടെ തന്ത്രമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.


    51ാ൦ ഓവര്‍ എറിയാനെത്തിയ ബുംറ ആദ്യത്തെ മൂന്ന് പന്തുകൾക്ക് ശേഷം വിക്കറ്റിന്റെ വലത് വശത്ത് (റൗണ്ട് ദ വിക്കറ്റ് ) നിന്ന് പന്തെറിയാന്‍ തുടങ്ങി. ആദ്യ മൂന്ന് പന്തുകളിൽ നിന്നും റോബിൻസന്റെ ബാറ്റിംഗ് രീതിയും ക്രീസിലെ നിൽപ്പും മനസ്സിലാക്കിയ താരം തുടർന്നുള്ള രണ്ട് പന്തുകൾ ബൗൺസർ എറിഞ്ഞ് അവസാന പന്തിലും ബുംറ തനിക്ക് നേരെ ബൗൺസർ എറിയുമെന്ന തെറ്റിധാരണ റോബിൻസന്റെ മനസ്സിൽ സൃഷ്ടിച്ചെടുത്തു.

    അവസാന പന്തിൽ ബുംറയുടെ ബൗൺസർ പ്രതീക്ഷിച്ചു നിന്ന റോബിൻസനെതിരെ ബുംറ എറിഞ്ഞത് ഒരു സ്ലോ ഓഫ് കട്ടർ ആയിരുന്നു. അപ്രതീക്ഷിതമായെത്തിയ പന്തിലേക്ക് താരത്തിന് ബാറ്റ് വെക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല, ക്രീസിൽ വ്യക്തമായ ഫൂട്ടവർക്ക് ഇല്ലാതെ കളിച്ചിരുന്ന താരത്തിന് വിക്കറ്റിന് മുന്നിൽ നിന്ന് മറുവാനും കഴിഞ്ഞില്ല. പിച്ച് ചെയ്ത് വന്ന ബുംറയുടെ പന്ത് വിക്കറ്റിന് മുന്നിൽ താരത്തിന്റെ പാഡിൽ കൊള്ളുകയായിരുന്നു. അപ്പീൽ അമ്പയർ അനുവദിക്കാഞ്ഞതോടെ റിവ്യൂ എടുത്ത ഇന്ത്യൻ താരങ്ങൾക്ക് അനുകൂലമായി റോബിൻസൺ പുറത്ത്. പിന്നീട് ബട്ലറുടെയും ആൻഡേഴ്സന്റെയും വിക്കറ്റുകൾ സിറാജ് നേടിയതോടെ ഇന്ത്യക്ക് 151 റൺസിന്റെ അതിഗംഭീരം വിജയവും പരമ്പരയിൽ 1-0ന്റെ ലീഡും സ്വന്തം.
    Published by:Naveen
    First published:
    )}