• HOME
  • »
  • NEWS
  • »
  • sports
  • »
  • വീണ്ടും ബാറ്റെടുത്ത സച്ചിന് ആദ്യ പന്തിൽ ബൗണ്ടറി; ഗിൽക്രിസ്റ്റ് ഇലവനെ ഒരു റൺസിന് തോൽപ്പിച്ച് പോണ്ടിങും സംഘവും

വീണ്ടും ബാറ്റെടുത്ത സച്ചിന് ആദ്യ പന്തിൽ ബൗണ്ടറി; ഗിൽക്രിസ്റ്റ് ഇലവനെ ഒരു റൺസിന് തോൽപ്പിച്ച് പോണ്ടിങും സംഘവും

വനിതാ താരം എലിസ് പെറിയുടെ രസകരമായ വെല്ലുവിളി ഏറ്റെടുത്താണ് സച്ചിൻ ബാറ്റുചെയ്യാനായി വന്നത്. നേരിട്ട ആദ്യ പന്ത് തന്നെ ബൌണ്ടറി പറത്തിയാണ് മാസ്റ്റർ ബ്ലാസ്റ്റർ പെറിക്ക് മറുപടി നൽകിയത്

sachin perry

sachin perry

  • Share this:
    വീണ്ടും ബാറ്റെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഓസ്ട്രേലിയയിലെ കാട്ടുതീ ദുരിതബാധിതരെ സഹായിക്കാനുള്ള മത്സരത്തിന്റെ ഇടവേളയിലാണ് സച്ചിൻ ക്രീസിലെത്തിയത്. ഒരോവറാണ് മാസ്റ്റർ ബ്ലാസ്റ്റർ ബാറ്റ് ചെയ്തത്. മത്സരത്തിൽ സച്ചിൻ പരിശീലിപ്പിച്ച പോണ്ടിംഗ് ഇലവൻ, ഒരു റണ്ണിന് ഗിൽക്രിസ്റ്റ് ഇലവനെ തോൽപിച്ചു.

    വനിതാ താരം എലിസ് പെറിയുടെ രസകരമായ വെല്ലുവിളി ഏറ്റെടുത്താണ് സച്ചിൻ ബാറ്റുചെയ്യാനായി വന്നത്. നേരിട്ട ആദ്യ പന്ത് തന്നെ ബൌണ്ടറി പറത്തിയാണ് മാസ്റ്റർ ബ്ലാസ്റ്റർ പെറിക്ക് മറുപടി നൽകിയത്. സച്ചിനെതിരെ പന്തെറിയാൻ ആഗ്രഹമുണ്ടെന്ന് ഓസീസ് വനിതാ ഓൾ റൌണ്ടർ കൂടിയായ പെറി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു മറുപടിയുമായി സച്ചിൻ രംഗത്തെത്തിയതോടെയാണ് മത്സരത്തിന്‍റെ ഇടവേളയിൽ സച്ചിന്‍റെ ബാറ്റിങ് വീണ്ടും കാണാൻ ആരാധകർക്ക് അവസരമൊരുങ്ങിയത്. പെറി പന്തെറിഞ്ഞപ്പോൾ ഓസീസ് വനിതാ ടീമാണ് ഫീൽഡ് ചെയ്തത്.


    അതേസമയം അവേശകരമായ പ്രദർശന മത്സരത്തിൽ പോണ്ടിംഗ് ഇലവൻ ഒരു റൺസിന് ഗിൽക്രിസ്റ്റ് ഇലവനെ തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പോണ്ടിംഗ് ഇലവൻ നിശ്ചിത 10 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ 10 ഓവറിൽ ആറിന് 103 റൺസെടുക്കാനെ ഗിൽക്രിസ്റ്റ് ഇലവന് സാധിച്ചുള്ളു. 11 പന്തിൽ രണ്ടു സിക്സറും മൂന്നു ബൌണ്ടറിയും ഉൾപ്പടെ 30 റൺസെടുത്ത വിൻഡീസ് ഇതിഹാസം ബ്രയൻ ലാറയായിരുന്നു പോണ്ടിങ് ഇലവന്‍റെ ടോപ് സ്കോറർ. റിക്കി പോണ്ടി 14 പന്തിൽ 26 റൺസെടുത്ത് പുറത്തായി. മാത്യൂ ഹെയ്ഡൻ 16 റൺസെടുത്തു. ഗിൽക്രിസ്റ്റ് ഇലവനുവേണ്ടി ഇന്ത്യൻ താരം യുവരാജ് സിങ്, വിൻഡീസ് പേസർ കോർട്ട്നി വാൽഷ്, ആൻഡ്രൂ സൈമണ്ട്സ് എന്നിവർ ഓരോ വിക്കറ്റെടുത്തു.

    മറുപടി ബാറ്റിങ്ങിൽ ഷെയ്ൻ വാട്ട്സൻ തകർത്തടിച്ചെങ്കിലും(ഒമ്പത് പന്തിൽ 30 റൺസ്) യുവരാജ് സിങ്(രണ്ട്) ഉൾപ്പടെയുള്ളവർ നിരാശപ്പെടുത്തി. സൈമണ്ട്സ് 29 റൺസും ഗിൽക്രിസ്റ്റ് 17 റൺസും നേടി. ടീമിലെ മറ്റാർക്കും രണ്ടക്കം കാണാനായില്ല. പോണ്ടിങ് ഇലവന് വേണ്ടി ബ്രെട്ട് ലീ രണ്ടു വിക്കറ്റെടുത്തു. അതേസമയം പാക് താരം വാസിം അക്രത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല.
    Published by:Anuraj GR
    First published: