ഇന്ത്യയിലെ സെലിബ്രിറ്റികളിൽ മുൻനിരയിൽ തന്നെയാണ് ദേശീയ ക്രിക്കറ്റ് ടീം അംഗങ്ങളുടെ സ്ഥാനം. എന്നാൽ വിമാനയാത്രയ്ക്കിടെ പ്രശ്നങ്ങൾ ഉണ്ടാകുന്ന കാര്യത്തിൽ സാധാരണക്കാരെപ്പോലെ അവരും പിന്നിലല്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുശേഷം ഇന്ത്യയിലേക്ക് മടങ്ങിയ പേസർ മുഹമ്മദ് സിറാജിന്റെ ഒരു ബാഗ് വിമാനയാത്രയ്ക്കിടെ കാണാതെ പോയതാണ് പുതിയ സംഭവം. എയർ വിസ്താര വിമാനത്തിലാണ് സിറാജ് ഇന്ത്യയിലേക്ക് വന്നത്. ഏറെ അന്വേഷണം നടത്തിയെങ്കിലും സിറാജിന്റെ ബാഗ് ഇതുവരെ കണ്ടെത്താനായില്ല.
ഇതോടെ എയർ വിസ്താരയെ ടാഗ് ചെയ്ത് സിറാജ് ട്വീറ്റ് ചെയ്തു, “എന്റെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും ആ ബാഗിലുണ്ടായിരുന്നു. നടപടിക്രമങ്ങൾ വേഗത്തിലാക്കി ബാഗ് ഉടൻ ഹൈദരാബാദിൽ എത്തിച്ചുതരണമെന്ന് അഭ്യർത്ഥിക്കുന്നു”.
ബാഗ് നഷ്ടപ്പെട്ടതിനെക്കുറിച്ചും സിറാജ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു “ഞാൻ 26 ന് യഥാക്രമം യുകെ 182, യുകെ 951 എന്നീ വിമാനങ്ങളിൽ ധാക്കയിൽ നിന്ന് ഡൽഹി വഴി മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. മൂന്ന് ബാഗുകളുമായാണ് ഞാൻ യാത്ര പുറപ്പെട്ടത്. എന്നാൽ മുംബൈയിൽ എത്തിയപ്പോൾ ഒരു ബാഗ് നഷ്ടമായിരുന്നു. സമയത്തിനുള്ളിൽ ബാഗ് കണ്ടെത്തി എത്തിച്ചുനൽകുമെന്ന് എനിക്ക് ഉറപ്പ് ലഭിച്ചിരുന്നു, പക്ഷേ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല”.
അതേസമയം, സിറാജിന്റെ സാധനങ്ങൾ സുരക്ഷിതമായി തിരികെ നൽകുമെന്ന് എയർ വിസ്താര വാഗ്ദാനം ചെയ്തെങ്കിലും നഷ്ടപ്പെട്ട ബാഗിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. അതുകൊണ്ടാണ് സിറാജിന് വീണ്ടും ട്വീറ്റ് ചെയ്യേണ്ടി വന്നത്.
Also See- ധോണിയുടെ മകൾക്ക് മെസിയുടെ സ്നേഹസമ്മാനം; അർജന്റീന ടീമിന്റെ ജഴ്സി അയച്ചുനൽകി
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-0ന് ജയിച്ചിരുന്നു. പൊതുവെ ബാറ്റിങ്ങിന് അനുകൂലമായ ഫ്ലാറ്റ് പിച്ചുകളിൽ മികച്ച വേഗത നിലനിർത്തിയ സിറാജ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. എല്ലാ ഇന്നിംഗ്സുകളിലും ഇരു ടീമുകളും ശക്തമായി പൊരുതിയെങ്കിലും ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ മികവും സ്പിന്നിന്റെ സമർത്ഥമായ പ്രതിരോധവുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ശ്രീലങ്കയ്ക്കെതിരെ ടി20 പരമ്പരയിലാണ് ഇന്ത്യൻ ടീം ഇനി കളിക്കുന്നത്. ജനുവരി മൂന്നിനാണ് ആദ്യ മത്സരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.