റിയാദ്: സൗദി അറേബ്യയുടെ 2030 ലോകകപ്പ് അവകാശവാദത്തിന്റെ അംബാസഡറായി പ്രവർത്തിക്കാൻ റൊണാൾഡോയ്ക്ക് 200 മില്യൺ യൂറോ (214 മില്യൺ/177 മില്യൺ പൗണ്ട്) അധികമായി നൽകിയെന്ന വാർത്ത അൽ-നാസർ നിഷേധിച്ചു. അൽനാസറുമായുള്ള രണ്ടർവർഷം ദൈർഘ്യമുള്ള കരാറിൽ, 2030 ലോകകപ്പ് അവകാശവാദത്തിന് സൌദിയെ റൊണാൾഡോ സഹായിക്കണമെന്ന വ്യവസ്ഥയുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത. ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് അൽ നാസർ ക്ലബ് അധികൃതർ.
“ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസറുമായുള്ള കരാറിൽ ലോകകപ്പ് അവകാശവാദത്തിന്റെ അംബാസഡറാകണമെന്ന വ്യവസ്ഥയില്ലെന്ന് അൽ-നാസർ എഫ്സി വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു,” ക്ലബ് എഴുതി. “അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധ അൽ-നാസറിലും ക്ലബിനെ വിജയത്തിലെത്തിക്കാൻ സഹായിക്കുന്നതിന് സഹതാരങ്ങളുമായി പ്രവർത്തിക്കുകയുമാണ്.”
മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് ശേഷം സൌദി ക്ലബായ അൽ-നാസറുമായി റെക്കോർഡ് തുകയുടെ കരാറിലാണ് പോർച്ചുഗൽ സൂപ്പർതാരം റിയാദിലേക്ക് എത്തിയത്. ഒരു ഫുട്ബോൾ താരത്തിന് ലഭിക്കുന്ന എക്കാലത്തെയും ഏറ്റവും ഉയർന്ന പ്രതിഫലമാണ് റൊണാൾഡോയ്ക്ക് അൽനാസർ ക്ലബ് നൽകിയതെന്നാണ് റിപ്പോർട്ട്. ഏകദേശം 1770 കോടിയിലേറെ രൂപയാണ് റൊണാൾഡോയ്ക്ക് അൽ-നാസർ പ്രതിഫലമായി നൽകുന്നത്.
ജനുവരി 19-ന് പാരീസ് സെന്റ് ജെർമെയ്നെതിരെ അൽ-നാസറിന്റെ വരാനിരിക്കുന്ന പ്രദർശന മത്സരത്തിൽ രൊണാൾഡോ കളത്തിലിറങ്ങുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ സമകാലീന ഫുട്ബോളിലെ ഇതിഹാസങ്ങളായ ലയണൽ മെസിയും റൊണാൾഡോയും മുഖാമുഖം വരുന്ന മറ്റൊരു മത്സരത്തിന് ഫുട്ബോൾ ലോകം സാക്ഷിയാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.