സമഭാവനയുടെയും സമത്വത്തിന്റെയും സന്ദേശങ്ങള്‍ ലോകമെമ്പാടുമുളള മനുഷ്യരിലേക്ക് പടര്‍ത്താന്‍ സഹായിക്കുന്ന മത്സരമാണ് ഫുട്ബോളെങ്കില് അതിന്റെ ആരാധകര്‍ എങ്ങിനെയായിരിക്കരുത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരുക്കുകയാണ് ഇംഗ്ലണ്ട് ആരാധകര്‍. ഇറ്റലിക്കെതിരെ നടന്ന യൂറോ കപ്പ് ഫൈനലിന് ശേഷം വളരെ മോശം രീതിയിലുള്ള പെരുമാറ്റങ്ങളാണ് ഇംഗ്ലണ്ട് ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. 55 വര്‍ഷത്തിന് ശേഷം ഒരു കിരീടം നേടാനുള്ള ഇംഗ്ലണ്ടിന്റെ സുവര്‍ണാവസരമാണ് സ്വന്തം നാട്ടില്‍ തകര്‍ന്നടിഞ്ഞത്.
ഇപ്പോഴിതാ ഇറ്റലിയോട് തോറ്റതിന് പിന്നാലെ ഇംഗ്ലണ്ട് താരങ്ങളെ വംശീയമായി അധിക്ഷേപിച്ച ഇംഗ്ലണ്ട് ആരാധകര്‍ക്കെതിരെ പ്രതികരണവുമായി ക്യാപ്റ്റന്‍ ഹാരികെയ്ന് രംഗത്തെത്തിയിരിക്കുകയാണ്. താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന ആളുകള്‍ ഇംഗ്ലണ്ടിന്റെ ആരാധകര്‍ അല്ലെന്നും ഇത്തരത്തിലുള്ള ആരാധകരെ ഇംഗ്ലണ്ടിന് വേണ്ടെന്നും ഹാരികെയ്ന് തുറന്നടിച്ചു.
ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ റാഷ്ഫോര്‍ഡ്, ജാഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവരായിരുന്നു ഇതിന്റെ ഇരകള്‍. ഇതു കൂടാതെ മാഞ്ചസ്റ്ററിലെ തെരുവിലുണ്ടായിരുന്ന റാഷ്ഫോര്‍ഡിന്റെ ചുമര്‍ചിത്രവും ഇംഗ്ലണ്ടിന്റെ തെമ്മാടിക്കൂട്ടങ്ങള്‍ വികൃതമാക്കി. ചുമര് ചിത്രത്തിനടുത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ചും ചിത്രത്തിന് മുകളില്‍ എഴുതിവെച്ചുമെല്ലാം ആണ് റാഷ്ഫോര്‍ഡിന്റെ ചിത്രം വൃകൃതമാക്കിയത്. ഇതിനു പിന്നാലെയാണ് താരങ്ങള്‍ക്ക് പിന്തുണമായി ഹാരി കെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണം അറിയിച്ചത്. താന്‍ നേരിട്ട അധിക്ഷേപങ്ങള്‍ക്കെല്ലാം റാഷ്ഫോര്‍ഡും മറുപടി നല്‍കിയിരുന്നു. താന്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് തന്നെ വിമര്‍ശിക്കാമെന്നും അത്ര നല്ല പെനാല്‍റ്റി ആയിരുന്നില്ല അതെന്നും റാഷ്ഫോര്‍ഡ് പറഞ്ഞു. എന്നാല്‍ തന്റെ നിറത്തിന്റെ പേരിലും താന്‍ വന്ന സ്ഥലത്തിന്റെ പേരിലും തന്നെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശം ഇല്ലായെന്നും താരം പറഞ്ഞു.
കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് പരിശീലകന് സൗത്ത്ഗേറ്റും താരങ്ങള്‍ക്കെതിരെയുള്ള ആരാധകരുടെ അധിക്ഷേപത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. മത്സരശേഷം ഇംഗ്ലണ്ട് തോല്‍വിയേറ്റു വാങ്ങിയതിന്റെ ഉത്തരവാദിത്വം ആരൊക്കെ പെനാല്‍റ്റി എടുക്കണമെന്നു തീരുമാനിച്ച തനിക്കാണെന്ന് ഏറ്റു പറഞ്ഞു. എന്നാല്‍ ഇംഗ്ലണ്ട് ആരാധകരുടെ അമര്‍ഷം അതുകൊണ്ടൊന്നും തീരുന്നതായിരുന്നില്ല.
സ്വന്തം ടീമിലെ താരങ്ങള്‍ക്കെതിരെ മാത്രമല്ല, മത്സരം കാണാനെത്തിയ ഇറ്റാലിയന്‍ ആരാധകര്‍ക്കെതിരെയും ഇംഗ്ലണ്ട് ഫാന്‍സ് ആക്രമണം അഴിച്ചു വിട്ടിരുന്നു. ഫൈനലിനു ശേഷം സ്റ്റേഡിയത്തിന്റെ ഗേറ്റ് വഴി പുറത്തേക്കു വരുന്ന ഇറ്റലിയുടെ ആരാധകര്‍ ഓരോരുത്തരെയായി ഇംഗ്ലണ്ട് ആരാധകര്‍ കാത്തിരുന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇറ്റാലിയന്‍ ആരാധകര്‍ക്ക് പുറമെ കറുത്ത വര്‍ഗക്കാരായ ആളുകളെയും ഇംഗ്ലണ്ട് ആരാധകര്‍ ആക്രമിക്കുന്നുണ്ട്.
ഫൈനലില്‍ മാത്രമല്ല സെമിഫൈനലിലും ഇംഗ്ലണ്ട് ആരാധകര്‍ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. സെമി ഫൈനലില്‍ ഡെന്മാര്ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്മൈക്കേലിന്റെ മുഖത്തേക്ക് ആരാധകര്‍ ലേസര്‍ രശ്മികള്‍ അടിച്ചതിന് യുവേഫ ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന് മുപ്പതിനായിരം യൂറോ പിഴ ചുമത്തിയിരുന്നു. പെനാല്‍റ്റി നേരിടാന്‍ തയ്യാറെടുക്കുകയായിരുന്ന ഡെന്മാര്ക്ക് ഗോള്‍ കീപ്പര്‍ കാസ്പര്‍ ഷ്മൈക്കേലിന്റെ മുഖത്തേക്ക് ഇംഗ്ലണ്ട് ആരാധകര്‍ ലേസര്‍ ലൈറ്റ് പ്രയോഗിക്കുകയായിരുന്നു. ഇംഗ്ലണ്ട് നായകന് ഹാരി കെയ്നെടുത്ത പെനാല്‍റ്റി ഗോളാകുകയും മത്സരത്തില്‍ 2-1ന് ഇംഗ്ലണ്ട് വിജയിക്കുകയുമാണ് ചെയ്തത്. സെമി ഫൈനലില്‍ ഡെന്മാര്ക്കിന്റെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ കൂവിയതും യുവേഫ അന്വേഷിച്ചിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.