HOME » NEWS » Sports » CARLO ANCELOTTI MARKS HIS RETURN TO SPAIN BY FILLING ZIDANES VACANCY AT REAL MADRID JK

റയല്‍ പരിശീലക സ്ഥാനം ഏറ്റെടുത്ത് ആന്‍സലോട്ടി; റയല്‍ മാഡ്രഡില്‍ രണ്ടാം അങ്കത്തിന് ഒരുങ്ങി ഇറ്റാലിയന്‍ പരിശീലകന്‍

സ്പാനിഷ് വമ്പന്മാരുമായി മൂന്ന് വര്‍ഷത്തെ കരാറാണ് ആന്‍സലോട്ടി ഒപ്പുവെച്ചത്.

News18 Malayalam | news18-malayalam
Updated: June 2, 2021, 1:42 PM IST
റയല്‍ പരിശീലക സ്ഥാനം ഏറ്റെടുത്ത് ആന്‍സലോട്ടി; റയല്‍ മാഡ്രഡില്‍ രണ്ടാം അങ്കത്തിന് ഒരുങ്ങി ഇറ്റാലിയന്‍ പരിശീലകന്‍
Carlo Ancelotti
  • Share this:
സിനദിന്‍ സിദ്ദാന്‍ രാജിവെച്ച് ഒഴിഞ്ഞ റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തേക്ക് ഇറ്റലിക്കാരനായ കാര്‍ലോ ആന്‍സലോട്ടിയെ നിയമിച്ച് റയല്‍ മാഡ്രിഡ്. റയലില്‍ ആന്‍സലോട്ടിക്ക് രണ്ടാമങ്കമാണ്. ഇംഗ്ലീഷ് ക്ലബായ എവര്‍ട്ടണിന്റെ ചുമതല ഒഴിഞ്ഞാണ് സ്‌പെയ്‌നിലേക്ക് തിരിച്ചെത്തുന്നത്. സ്പാനിഷ് വമ്പന്മാരുമായി മൂന്ന് വര്‍ഷത്തെ കരാറാണ് ആന്‍സലോട്ടി ഒപ്പുവെച്ചത്.

സൂപ്പര്‍ പരിശീലകനായ സിദാന്‍ രാജി വെച്ചതോടെ റയലിന്റെ പുതിയ പരിശീലകന്‍ ആരാകും എന്ന് ആകാംക്ഷയോടെ നോക്കുകയായിരുന്നു ഫുട്‌ബോള്‍ ലോകം. പിഎസ്ജി പരിശീലകനായ പൊച്ചറ്റീനോ, മുന്‍ റയല്‍ താരം റൗള്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേട്ടിരുന്നതെങ്കിലും അവസാനം റയല്‍ ആന്‍സലോട്ടിയെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. 2014-15 ല്‍ റയല്‍ പുറത്താക്കിയതിനു ശേഷം ആറു വര്‍ഷം കഴിഞ്ഞാണ് ഇറ്റാലിയന്‍ കോച്ചിന്റെ മടങ്ങി വരവ്. ആന്‍സലോട്ടിയുമായി നല്ല ബന്ധമാണുള്ളതെന്നും, ഇക്കാരണത്താലാണ് ആന്‍സലോട്ടിയെ വീണ്ടും സാന്തിയാഗോ ബെര്‍ണ്യബൂവിലേക്ക് തിരിച്ചുവിളിച്ചത് എന്നും റയല്‍ മാഡ്രിഡ് പ്രസിഡന്റ് പെരസ് പറഞ്ഞു. റയലിന്റെ ഓഫര്‍ സ്വീകരിച്ച ആന്‍സലോട്ടിക്ക് പക്ഷെ എവര്‍ട്ടണില്‍ കരാര്‍ ബാക്കിയുണ്ടായിരുന്നതിനാല്‍ ഇംഗ്ലീഷ് ക്ലബിന് ഒരു വലിയ തുക നഷ്ടപരിഹാരമായി സ്പാനിഷ് ക്ലബിന് നല്‍കേണ്ടി വന്നു.

Also Read-India Tour of England| ഇംഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് സന്തോഷ വാർത്ത; കുടുംബത്തെ ഒപ്പം കൂട്ടാം

അതേസമയം കരാര്‍ ബാക്കിയുണ്ടായിട്ടും എവര്‍ട്ടണ്‍ വിട്ട് റയലിലേക്ക് ചേക്കേറാനുള്ള കാരണം ആന്‍സലോട്ടി വ്യക്തമാക്കി. എവര്‍ട്ടണില്‍ ഉണ്ടായിരുന്ന സമയം താന്‍ വളരെ സന്തുഷ്ടവാനായിരുന്നുവെന്നും റയല്‍ മാഡ്രിഡിലേക്ക് തിരിച്ചെത്താനുള്ള ഓഫര്‍ തനിക്കൊരിക്കലും ഒഴിവാക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നത് എന്നുമാണ് ആന്‍സലോട്ടി.

'ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ്, കളിക്കാര്‍, എവര്‍ട്ടണിന്റെ ആരാധകര്‍ എന്നിവരെല്ലാം ക്ലബിനൊപ്പമുള്ള സമയത്ത് എനിക്കു നല്‍കിയ പരിപൂര്‍ണ പിന്തുണക്ക് ഞാന്‍ നന്ദി പറയുന്നു. എവര്‍ട്ടണുമായി സഹകരിക്കുന്ന എല്ലാവരോടും എനിക്ക് ബഹുമാനമുണ്ട്, മുന്നിലുള്ള വലിയ അവസരങ്ങള്‍ ക്ലബിന് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും ഞാന്‍ കരുതുന്നു,' എവര്‍ട്ടന്റെ ഔദ്യോഗിക വെബ്സൈറ്റിലെ പ്രസ്താവനയില്‍ ആന്‍സലോട്ടി വ്യക്തമാക്കി.

Also Read-ഇനി കളിമാറും; ഏകദിന ലോകകപ്പിൽ 14 ടീമുകൾ, ടി20യിൽ 20 ; ചാമ്പ്യൻസ് ട്രോഫി തിരിച്ചു വരുന്നു

'എവര്‍ട്ടനൊപ്പമുള്ള സമയം ആസ്വദിച്ചു കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായ ഒരവസരം എനിക്കു മുന്നില്‍ തുറക്കുന്നത്. ഈ സമയത്ത് എനിക്കും എന്റെ കുടുംബത്തിനും ഇത് ശരിയായ അവസരമാണെന്നു ഞാന്‍ കരുതുന്നു.' ക്ലബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ പ്രസ്താവനക്ക് പുറമെ ട്വീറ്റിലൂടെയും ആന്‍സലോട്ടി എവര്‍ട്ടനു നന്ദിയറിയിക്കുകയുണ്ടായി. തന്റെ ഹൃദയത്തില്‍ എപ്പോഴും സ്ഥാനമുള്ള റയല്‍ മാഡ്രിഡിനൊപ്പം പുതിയൊരു വെല്ലുവിളി ഏറ്റെടുക്കാനുള്ള അവസരം ലഭിച്ചതു കൊണ്ടാണ് താന്‍ ക്ലബ് വിട്ടതെന്നു പറഞ്ഞ ആന്‍സലോട്ടി എവര്‍ട്ടണ് ഇനിയും വളര്‍ച്ചയുണ്ടാകട്ടെ എന്നാശംസിക്കുകയും ചെയ്തു.

തന്റെ പരിശീലക കരിയറില്‍ യുവന്റസ്, മിലാന്‍, ചെല്‍സി, പിഎസ്ജി, ബയേണ്‍, നാപോളി, എവര്‍ട്ടണ്‍, ഇറ്റലി തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ച മികവുമുണ്ട്. ഇതിനു മുന്‍പ് 2013 മുതല്‍ 2015 വരെ റയല്‍ മാഡ്രിഡ് പരിശീലകനായിരുന്ന കാലത്ത് അദ്ദേഹം റയലിനൊപ്പം ഒരു ചാമ്പ്യന്‍സ് ലീഗുള്‍പ്പെടെ നാല് കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
Published by: Jayesh Krishnan
First published: June 2, 2021, 1:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories