• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിറപ്പിച്ച ജപ്പാനെ വീഴ്ത്തി ബെൽജിയം ക്വാർട്ടറിൽ


Updated: July 3, 2018, 1:51 AM IST
വിറപ്പിച്ച ജപ്പാനെ വീഴ്ത്തി ബെൽജിയം ക്വാർട്ടറിൽ
Belgium's Marouane Fellaini center left, heads for the ball to score his side's second goal during the round of 16 match between Belgium and Japan at the 2018 soccer World Cup in the Rostov Arena, in Rostov-on-Don, Russia, Monday, July 2, 2018. (AP Photo/Rebecca Blackwell)

Updated: July 3, 2018, 1:51 AM IST
റോസ്റ്റോവ് അരീന: അഞ്ചുമിനിട്ടിനിടെ രണ്ടു ഗോളടിച്ച് ബെൽജിയത്തെ വിറപ്പിച്ച് ജപ്പാൻ. അതിനുശേഷം നാലുമിനിട്ടിനിടെ രണ്ടു ഗോൾ മടക്കി ഒപ്പമെത്തി ബെൽജിയം. ഒടുവിൽ അവസാന നിമിഷങ്ങളിൽ ബെൽജിയത്തിന്‍റെ ചാഡ്ലിയുടെ ഗോൾ ജപ്പാന് സമ്മാനിച്ചത് മോഹഭംഗം. അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിൽ ജപ്പാനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് ബെൽജിയം ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ കടന്നു. രണ്ടുഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ബെൽജിയത്തിന്‍റെ ത്രസിപ്പിക്കുന്ന ജയം. ക്വാർട്ടറിൽ അഞ്ചുതവണ ജേതാക്കളായിട്ടുള്ള ബ്രസീലാണ് ബെൽജിയത്തിന്‍റെ എതിരാളികൾ. നാലു പതിറ്റാണ്ടുകൾക്ക് ശേഷമാണ് ലോകകപ്പ് നോക്കൌട്ട് ഘട്ടത്തിൽ രണ്ടു ഗോളിന് പിന്നിലായ ടീം ഗോൾ മടക്കി വിജയം കാണുന്നതെന്ന നേട്ടവും ബെൽജിയം സ്വന്തമാക്കി. 1970ൽ ഇംഗ്ലണ്ടിനെതിരെ ജർമനിയാണ് രണ്ടു ഗോളിന് പിന്നിട്ടുനിന്നശേഷം തിരിച്ചുവന്നത്.

ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം ജപ്പാൻ നിറയൊഴിച്ചപ്പോൾ ബെൽജിയം ക്യാംപ് ഞെട്ടിത്തരിച്ചു. 48-ാം മിനിട്ടിൽ ഗെംഗി ഹരാഗുച്ചിയാണ് ജപ്പാനെ മുന്നിലെത്തിച്ചത്. തൊട്ടടുത്ത നിമിഷം പ്രത്യാക്രമണത്തിലൂടെ ഗോളിന് അടുത്തെത്തിയെങ്കിലും ബെൽജിയത്തിന് ലക്ഷ്യം കാണാനായില്ല. എന്നാൽ ഒരിക്കൽക്കൂടി ചുവന്ന ചെകുത്താൻമാരെ ഞെട്ടിച്ച് ബ്ലൂ സമുറായ് ലക്ഷ്യം കണ്ടു. 53-ാം മിനിട്ടിൽ തകാഷി ഇനൂയിയാണ് ജപ്പാന്‍റെ രണ്ടാം ഗോൾ നേടിയത്.

രണ്ടുഗോൾ വഴങ്ങിയതോടെ പ്രതിരോധത്തിലായ ബെൽജിയത്തിന് അതുവരെ ഉണ്ടായ മേൽക്കോയ്മ നഷ്ടപ്പെടുകയും ചെയ്തു. സൂപ്പർ താരങ്ങളായ റൊമേലു ലുക്കാക്കുവും കെവിൻ ഡി ബ്രുയിനുമൊക്കെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ക്യാപ്റ്റൻ എദൻ ഹസാഡ് മാത്രമാണ് തിളങ്ങിയത്. മറുവശത്ത് ഷിൻജി കഗാവയുടെ നേതൃത്വത്തിൽ ഉശിരൻ പോരാട്ടമാണ് ജപ്പാൻ പുറത്തെടുത്തത്. വേഗതയിലും പന്തടക്കത്തിലും മുന്നിട്ടുനിന്ന ജപ്പാൻ നിരന്തരം ബെൽജിയം ഗോൾമുഖത്ത് ഭീതി വിതച്ചു. ഇടയ്ക്ക് ലഭിച്ച പ്രത്യാക്രമണങ്ങളുമായി ബെൽജിയം തിരിച്ചടിക്കാൻ നോക്കിയെങ്കിലും നിർഭാഗ്യവും ജപ്പാൻ ഗോളിയുടെ മികച്ച സേവുകളും അവർക്ക് തിരിച്ചടിയായി.

എന്നാൽ തോൽവി ഉറപ്പാക്കി മുന്നോട്ടുപോയ ബെൽജിയത്തിന് ഊർജം പകർന്നത് രണ്ട് സബ്സ്റ്റിറ്റ്യൂഷനുകളാണ്. ഫെല്ലെയ്നി, ചാഡ്ലി എന്നിവരുടെ വരവ് ബെൽജിയത്തിന്‍റെ കളി തന്നെ മാറ്റി മറിച്ചു. ജപ്പാന്‍റെ ആദ്യ ഗോളിന് വഴിയൊരുക്കിയ പിഴവിന് പ്രായശ്ചിത്തം ചെയ്ത് 69-ാം മിനിട്ടിൽ വെർട്ടോഗൻ ബെൽജിയത്തിന്‍റെ ആദ്യ ഗോൾ നേടി. തീർത്തും അവിശ്വസനീയമായ ഒരു മഴവിൽ ഹെഡറിലൂടെയായിരുന്നു അദ്ദേഹം സ്കോർ ചെയ്തത്. 73-ാം മിനിട്ടിൽ ഫെല്ലെയ്നി കൂടി ലക്ഷ്യം കണ്ടതോടെ സൂപ്പർ സബ് ആയി അദ്ദേഹം മാറി. ഇടതുവിങ്ങിൽനിന്ന് നായകൻ ഹസാർഡ് നൽകിയ പാസ്, പോസ്റ്റിലേക്ക് കുത്തിയിടേണ്ട ചുമതല മാത്രമെ ഫെല്ലെയ്നിക്കു ഉണ്ടായിരുന്നുള്ളു. അതോടെ വിജയഗോൾ നേടാൻ ഇരു ടീമുകളും കിണഞ്ഞു പരിശ്രമിച്ചു. ഒന്നാന്തരം ഗോളവസരങ്ങൾ ലഭിച്ചെങ്കിലും നിരവധി തവണ ഇരു ഗോളിമാരും രക്ഷകരായി മാറി. നിശ്ചിത സമയം പിന്നിട്ട് കളി അധികസമയത്തേക്ക് കടക്കുമെന്ന് കരുതിയിരിക്കെയാണ് ബെൽജിയത്തിന് ജയം സമ്മാനിച്ച ഗോൾ പിറന്നത്. ഫെല്ലിനിക്കൊപ്പം പകരക്കാരനായി ഇറങ്ങിയ ചാഡ്ലിയാണ് ഇത്തവണ ലക്ഷ്യം കണ്ടത്.

ആദ്യപകുതിയുടെ തുടക്കത്തിൽ കളിയുടെ പൂർണനിയന്ത്രണം ബെൽജിയത്തിനായിരുന്നു. നിരവധി ഗോളവസരങ്ങളും അവർ സൃഷ്ടിച്ചു. എന്നാൽ ലക്ഷ്യം അകന്നുനിന്നു. മറുവശത്ത് പതുക്കെ താളംകണ്ടെത്തിയ ജപ്പാൻ കളിയിലേക്ക് തിരിച്ചുവന്നു. ഒന്നാം പകുതി അവസാനിക്കുമ്പോൾ തുല്യശക്തികളെപ്പോലെയായിരുന്നു ഇരു ടീമുകളും. ജപ്പാൻ കൈവരിച്ച ഊർജമാണ് രണ്ടാംപകുതിയുടെ തുടക്കത്തിൽ രണ്ടു ഗോൾ ലീഡ് നേടാൻ അവരെ സഹായിച്ചത്.
First published: July 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍