ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ യൂറോപ്പിലെ വമ്പന്മാരായ റയൽ മാഡ്രിഡും ലിവർപൂളും ഒരിക്കൽ കൂടെ നേർക്കുനേർ വരികയാണ്. മാഡ്രിഡിൽ വച്ച് നടന്ന ആദ്യ പാദ മത്സരത്തിൽ റയൽ മാഡ്രിഡ് ലിവർപൂളിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയം നേടിയിരുന്നു. മത്സരത്തിൽ തൊറ്റെങ്കിലും ഒരു എവേ ഗോൾ നേടാനായത് ക്ലോപ്പിന്റെ ടീമിന് പ്രതീക്ഷ നൽകും. ഇന്ന് ആൻഫീൽഡിൽ 2-0ന്റെ വിജയം നേടിയാൽ ലിവർപൂളിന് സെമിയിലേക്ക് മുന്നേറാൻ കഴിയും.
ആൻഫീൽഡിൽ അടുത്തിടെയായി ലിവർപൂളിന് അത്ര നല്ല സമയമല്ല. ആൻഫീൽഡിൽ നടന്ന പല മത്സരങ്ങളിലും മികച്ച പ്രകടനങ്ങൾ നടത്താൻ ടീമിനായിട്ടില്ല. ഇന്ന് റയലിനെതിരെ വിജയിക്കാൻ കഴിഞ്ഞാൽ ആൻഫീൽഡിൽ തങ്ങളുടെ ആധിപത്യം അവസാനിച്ചിട്ടില്ല എന്ന് തെളിയിക്കാൻ ക്ലോപ്പിന്റെ ടീമിനാകും.
റയലിന് തിരിച്ചടി ആവുന്നത് അവരുടെ പ്രധാന താരങ്ങൾ അവർക്ക് ഒപ്പമില്ല എന്നതാണ്. റാമോസ്, വരാനെ, ഹസാർഡ് എന്നിവർ ഇന്നും ടീമിനൊപ്പം ഉണ്ടാവില്ല. ആദ്യ പാദത്തിൽ പരുക്ക് കാരണം പുറത്തായിരുന്ന റയൽ ക്യാപ്റ്റൻ റാമോസിന് കോവിഡ് സ്ഥിരീകരിച്ചതാണ് രണ്ടാം പാദവും നഷ്ട്ടമാവൻ കാരണം. വരാനേക്ക് നേരത്തെ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പക്ഷെ ഇവരുടെ അഭാവം റയലിന് കാര്യമായ തിരിച്ചടി നൽകിയില്ല എന്നത് ആദ്യ പാദത്തിൽ നിന്ന് വ്യക്തമായതാണ്. ഇവരൊന്നും ഇല്ലാതെ തന്നെ ഗംഭീര ഫോമിലാണ് റയൽ കളിക്കുന്നത്.
അതേസമയം ഇന്ന് നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ തിരിച്ചുവരവ് നടത്താൻ ശ്രമിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പ്. പക്ഷേ ആദ്യ പാദത്തിൽ 3-1ന് പരാജയപ്പെട്ട ക്ലോപ്പിൻ്റെ ടീമിന് തിരിച്ചുവരവ് അത്ര എളുപ്പമാകില്ല.
ആദ്യ പാദത്തിലെ 3-1 എന്ന സ്കോർ കണ്ടാൽ ഞങ്ങൾ പുറത്തായി എന്ന് തോന്നിക്കുമെങ്കിലും കാര്യങ്ങൾ അത്ര ഭീകരമല്ലെന്നും തൻ്റെ ടീം തിരിച്ചുവരുമന്നുംക്ലോപ്പ് പറഞ്ഞു.
തിരിച്ചുവരാൻ ഞങ്ങൾ ശ്രമിക്കുക തന്നെ ചെയ്യും. എതിരാളികൾ അത്ര നിസാരക്കാരല്ല എന്നതും ആദ്യ പാദത്തിലെ ഫലവും കാര്യങ്ങൾ കടുപ്പമാക്കുന്നുണ്ട്. അതിനൊപ്പം സ്റ്റേഡിയത്തിൽ ആരാധകർ ഇല്ല എന്നതും ഒരു വലിയ പ്രശ്നമാണ് എന്ന് ക്ലോപ്പ് കൂട്ടിച്ചേർത്തു.
റയലിന് കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമാണ്. ആദ്യ പാദത്തിലെ രണ്ട് ഗോളിൻ്റെ ലീഡ് അവർക്ക് മുൻതൂക്കം നൽകുന്നുണ്ട്. കൂടാതെ റയലിൻ്റെ സ്ട്രൈക്കറായ ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയർ ഫോമിലേക്ക് ഉയർന്നതും അവർക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. ബെൻസിമക്ക് കൂട്ടായി താരവും ഇറങ്ങുന്ന റയൽ നിരയെ പ്രതിരോധിക്കാൻ ലിവർപൂൾ പ്രതിരോധനിര കുറച്ച് പ്രായസപ്പെടും. ആദ്യ പാദത്തിലെ മത്സരത്തിൽ താരം രണ്ട് ഗോളുകൾ നേടിയിരുന്നു. ഇത് കൂടാതെ ലാലിഗയിൽ നടന്ന എൽക്ലാസികോ മത്സരത്തിൽ ബാഴ്സയെ തോൽപ്പിക്കാനായതും റയലിൻ്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
മത്സരം ഇന്ന് രാത്രി 12.30ന് സോണി നെറ്റ്‌വർക്കിൽ കളി തൽസമയ സംപ്രേഷണം ഉണ്ടായിരിക്കും.
Summary- Liverpool hosts Real Madrid in the second leg quarter final of Champions league.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Football News, Liverpool, Real madrid, UEFA Champions League 2021, ചാംപ്യൻസ് ലീഗ്, റയൽ മാഡ്രിഡ്