23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൃദയം തകര്‍ന്ന് കരഞ്ഞ ചന്ദ്രകാന്ത് പണ്ഡിറ്റ് (Chandrakant Pandit) ഇന്ന് എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ (M Chinnaswamy Stadium) സന്തോഷത്തിന്റെ കണ്ണുനീര് പൊഴിക്കുകയാണ്. 1998-99ല്‍ മധ്യപ്രദേശ് (Madhya Pradesh) രഞ്ജി ടീമിന്റെ (Ranji team) നായകനായിരുന്നു ഇദ്ദേഹം. അപ്രതീക്ഷിത പരാജയമാണ് അന്ന് കർണാടകയുടെ വിജയ് ഭരദ്വാജ് മധ്യപ്രദേശ് ടീമിന് നല്‍കിയത്. 2021-22 ഫൈനലില്‍ (Finals) അതേ വികാരത്തോടെയാണ് ടീമിന്റെ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റ് ഗാലറിയില്‍ നിന്നത്. അവസാന ദിനം 108 റണ്‍സ് ആയിരുന്നു മധ്യപ്രദേശിന്റെ വിജയലക്ഷ്യം. നാല് വിക്കറ്റ് നഷ്ടത്തില്‍ ടീം രഞ്ജിയില്‍ മുത്തമിട്ടു. ആദിത്യ ശ്രീവാസ്തവ നയിച്ച മധ്യപ്രദേശ് ടീമിനെ തകര്‍ക്കാന്‍ ഭരദ്വാജിനെപ്പോലെ ഒരാള്‍ മുംബൈ ടീമില്‍ ഉണ്ടായിരുന്നില്ല.
ചരിത്ത്രതിലാദ്യമായാണ് മധ്യപ്രദേശ് രഞ്ജി ട്രോഫി ചാമ്പ്യന്ന്മാരാകുന്നത്. പണ്ഡിറ്റിന് തന്നെയാണ് ഇതില്‍ നിര്‍ണ്ണായക പങ്കുള്ളത്. കടുത്ത നിയന്ത്രണങ്ങളാണ് പരിശീലകൻ ടീം അംഗങ്ങള്‍ക്ക് മേല്‍ വച്ചിരുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗിക്കാനോ മാധ്യമങ്ങളുമായി സംസാരിക്കാനോ ഒന്നും കളിക്കാര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ആദിത്യ ശ്രീവാസ്തവയുടെ വിവാഹത്തിന്റെ തീയതി നിശ്ചയിച്ചത് പോലും പരിശീലകനോട് ആലോചിച്ചിട്ടായിരുന്നു. രണ്ട് ദിവസത്തെ ഇളവാണ് ഇതിനായി പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റ് നല്‍കിയത്. വളരെ ശ്രദ്ധയോടെ പരിശീലനം നൽകുന്നയാളാണ് പണ്ഡിറ്റ്. മുംബൈ, വിദര്‍ഭ (രണ്ട് തവണ), ഇപ്പോള്‍ മധ്യപ്രദേശ് എന്നിവര്‍ രജ്ഞി കപ്പ് സ്വന്തമാക്കിയപ്പോഴെല്ലാം പരിശീലകന് ചന്ദ്രകാന്ത് പണ്ഡിറ്റ് ആയിരുന്നു.
കളിക്കാരുടെ കാര്യമെടുത്താല്‍ രജത് പടിദാര്‍, കുല്‍ദീപ് സിംഗ് എന്നിവര്‍ മാത്രമാണ് ഐപിഎല്‍ പോലുള്ള പ്രധാനപ്പെട്ട മത്സരങ്ങളില്‍ ശ്രദ്ധ നേടിയ താരങ്ങളായി ഉണ്ടായിട്ടുള്ളൂ. മികച്ച പ്രകടനം കാഴ്ച വെച്ചവരില്‍ ഒരാളാണ് ഇടത് സ്പിന്നറായ കുമാര്‍ കാര്‍ത്തികേയ. മികച്ച രണ്ടാമത്തെ വിക്കറ്റ് സ്കോറാണ് ഇദ്ദേത്തിന്റെ പേരില്‍ ഈ സീസണില്‍ ഉള്ളത്. 6 കളികളില്‍ 32 വിക്കറ്റാണ് കാര്‍ത്തികേയ നേടിയത്. രജത് പടിദാറാണ് അത്ഭുതപ്പെടുത്തിയ മറ്റൊരു താരം. കളിയുടെ പകുതിയില്‍ തന്നെ മുംബൈയെ തളയ്ക്കാന്‍ ഇദ്ദേഹത്തിന്റെ പ്രകടനത്തിനായി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി അദ്ദേഹം തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. എന്നാല്‍ രഞ്ജിയിലേത് അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു.
Also read-
രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച് മധ്യപ്രദേശ്; മുംബൈയെ തകര്‍ത്ത് കന്നിക്കിരീടം
ഹിമാന്‍ഷു മാന്ത്രി വലിയ കഠിനാധ്വാനത്തിലൂടെ മികച്ച പ്രകടനം ഇത്തവണ പുറത്തെടുത്തു. വിക്കറ്റ് കീപ്പറായും ക്രീസിലും അദ്ദേഹം ഒരു പോലെ തിളങ്ങി. 108 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ മധ്യപ്രദേശിന് രണ്ടാം ഓവറില്‍ യാഷ് ദുബെയെ (1) നഷ്ടമായെങ്കിലും പ്രതികൂലമായി ബാധിച്ചില്ല. 37 റണ്‍സെടുത്ത സഹ ഓപ്പണര്‍ ഹിമാന്‍ഷു മാന്ത്രി വിജയലക്ഷ്യം കുറച്ചുകൊണ്ടുവന്നു. സെമിഫൈനല്‍ മത്സരത്തില്‍ 7 മണിക്കൂര്‍ എട്ട് മിനിറ്റാണ് മാന്ത്രി ബംഗാളിനെതിരെ ബാറ്റ് ചെയ്തത്.
യാഷ് ദുബെ, ശുഭം ശര്‍മ്മ എന്നിവര്‍ 600 റണ്‍സ് നേടി. മധ്യപ്രദേശ് ബാറ്റിംഗ് നിരയ്ക്ക് ഊര്‍ജ്ജം പകര്‍ന്നത് ഈ കൂട്ടുകെട്ടായിരുന്നു. 4 സെഞ്ച്വറി നേടി കളിയിലുടനീളം സ്ഥിരത നിലനിര്‍ത്താന്‍ ശുഭം ശര്‍മ്മയ്ക്ക് കഴിഞ്ഞു. പ്രതിപക്ഷ ബൗളര്‍മാരെ പ്രതിരോധിക്കാന്‍ മികച്ച രീതിയിലാണ് ദുബെ ശ്രമിച്ചത്. യാഷ് ദുബെയുടെയും (133), രജത് പടിദാറിന്റെയും (122), ശുഭം ശര്‍മ്മയുടെയും (116) സെഞ്ചുറികളുടെ മികവിലാണ് മധ്യപ്രദേശ് 536 റണ്‍സെടുത്തത്.
പണ്ഡിറ്റിലേയ്ക്ക് തിരിച്ചു വന്നാല്‍, അദ്ദേഹത്തിന്റെ മുന്‍ പരിശീലകന്മാർ പരിശീലിപ്പിച്ച രീതികളിലൂടെ തന്നെയാണ് പണ്ഡിറ്റും മുന്നോട്ട് പോയത്. തന്റെ ടീം ക്യാപ്റ്റനെ പുകഴ്ത്താനും പരിശീലകൻ മറന്നില്ല. ' നിരവധി കാപ്റ്റന്മാരോടൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. പക്ഷേ അതില്‍ നിന്നെല്ലാം വ്യത്യസ്തനാണ് ആദിത്യ. എന്റെ മുറിയില്‍ മണിക്കൂറുകളോളം സമയം ചെലവഴിച്ച ഒരേ ഒരു ക്യാപ്റ്റന്‍ ഇദ്ദേഹമാണ്. കളിയില്‍ അത്രയും ശ്രദ്ധയാണ് അദ്ദേഹം കൊടുത്തിരുന്നത്.' പണ്ഡിറ്റ് പറഞ്ഞു. പല സ്ട്രാറ്റജികളും ഞങ്ങള്‍ തീരുമാനിച്ചു. അവയെല്ലാം കൃത്യമായി നടപ്പാക്കാന്‍ ആദിത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു പുതിയ കാര്യം പറയുമ്പോള്‍ അത് പറ്റില്ലെന്ന് ഒരിക്കലും അദ്ദേഹം പറഞ്ഞിട്ടില്ല. പരമാവധി നന്നായി ആ പ്ലാന്‍ നടപ്പിലാക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ടെന്നും ചന്ദ്രകാന്ത് പണ്ഡിറ്റ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.