• HOME
 • »
 • NEWS
 • »
 • sports
 • »
 • ISL 2020-21| എട്ടുമത്സരങ്ങൾക്ക് ശേഷം ബെംഗളൂരു വിജയവഴിയിൽ; കളിയിലെ താരമായി സുനിൽ ഛേത്രി

ISL 2020-21| എട്ടുമത്സരങ്ങൾക്ക് ശേഷം ബെംഗളൂരു വിജയവഴിയിൽ; കളിയിലെ താരമായി സുനിൽ ഛേത്രി

സുനിൽ ഛേത്രി മത്സരത്തില്‍ മൂന്ന് അവസരങ്ങള്‍ സൃഷ്ടിച്ച് ഒരു ഗോളിന് വഴിയൊരുക്കി.

സുനിൽ ഛേത്രി

സുനിൽ ഛേത്രി

 • Share this:
  വാസ്കോ: ഐ എസ് എല്ലില്‍ എട്ടു മത്സരങ്ങള്‍ക്കുശേഷം ബെംഗളൂരു വിജയവഴിയില്‍ തിരിച്ചെത്തി. ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബെംഗളൂരു എഫ്സി കീഴടക്കിയത്. ഗോളടിച്ചില്ലെങ്കിലും കളം നിറഞ്ഞു കളിച്ച സുനിൽ ഛേത്രിയാണ് കളിയിലെ താരം. 7.71 റേറ്റിംഗ് പോയന്‍റോടെയാണ് ഛേത്രി കളിയിലെ താരമായത്.

  സുനിൽ ഛേത്രി മത്സരത്തില്‍ മൂന്ന് അവസരങ്ങള്‍ സൃഷ്ടിച്ച ഒരു ഗോളിന് വഴിയൊരുക്കി. ലക്ഷ്യത്തിലേക്ക് നാലു ഷോട്ടുകള്‍ പായിച്ചു. ഗോളെന്നുറച്ച ഛേത്രിയുടെ ഷോട്ടിന് മുന്നില്‍ ക്രോസ് ബാര്‍ തടസമായി. ബെംഗളൂരുവിനായി ക്ലെയ്റ്റണ്‍ സില്‍വ ഗോള്‍ നേടിയപ്പോള്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാര്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ ടീമിന് രണ്ടാം ഗോള്‍ സമ്മാനിച്ചു. രണ്ടുഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ ബെംഗളൂരു ആറാം സ്ഥാനത്തേക്ക് ഉയർന്നു. എന്നാല്‍ ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്ത് തന്നെ തുടരുകയാണ്.

  Also Read- റഫറിയിങ് പിഴവുകള്‍: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി എഐഎഫ്എഫിന് പരാതി നല്‍കി

  ആദ്യപകുതിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ബെംഗളൂരു കാഴ്ചവെച്ചത്. തുടര്‍ത്തോല്‍വികള്‍ വരുത്തിയ പോരായ്മകൾ പരിഹരിച്ചുകൊണ്ടാണ് ബെംഗളൂരു ഈസ്റ്റ് ബംഗാളിനെ നേരിട്ടത്. 11-ാം മിനിട്ടില്‍ ഫ്രീകിക്കിൽ നിന്നാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. ബെംഗളൂരുവിനായി ക്ലെയ്റ്റണ്‍ സില്‍വയാണ് ഗോള്‍ നേടിയത്. ബോക്‌സിനകത്തുവെച്ച് ഫ്രീകിക്ക് പിടിച്ചെടുത്ത ഛേത്രി പ്രതിരോധതാരം സ്‌കോട്ട് നെവിലിനെ കബിളിപ്പിച്ച് പന്ത് ക്ലെയിറ്റണ് ഹെഡ് ചെയ്ത് നല്‍കി. പന്ത് സ്വീകരിച്ച ക്ലെയ്റ്റണ്‍ മനോഹരമായ ഒരു ഫസ്റ്റ് ടച്ചിലൂടെ പന്ത് വലയിലെത്തിച്ചു. താരത്തിന്റെ ഇടംകാലുകൊണ്ടുള്ള ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാറിനെ കീഴടക്കി വലയിലെത്തി.

  Also Read- ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് വാക്സിൻ നൽകണം; സർക്കാരിനോട് ബിസിസിഐ

  ഗോള്‍ പിറന്നതോടെ മത്സരം ആവേശത്തിലായി. ആദ്യ പകുതിയുടെ 45-ാം മിനിട്ടില്‍ ടീം രണ്ടാം ഗോള്‍ നേടി. ഇത്തവണ ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ ദേബ്ജിത്ത് വഴങ്ങിയ സെല്‍ഫ് ഗോളിന്റെ ബലത്തിലാണ് ബെംഗളൂരു ലീഡ് രണ്ടാക്കിയത്. പകരക്കാരനായി ബെംഗളൂരുവിന് വേണ്ടി ഇറങ്ങിയ പരാഗ് ശ്രീവാസ് ഒരു കിടിലന്‍ ഷോട്ട് പോസ്റ്റിലേക്കടിച്ചു. എന്നാല്‍ പന്ത് പോസ്റ്റിലിടിച്ചു. പക്ഷേ ആ ഷോട്ടിന്റെ ഗതി അവിടംകൊണ്ട് തീര്‍ന്നില്ല. പോസ്റ്റിലിടിച്ച് തെറിച്ച പന്ത് നേരെവന്ന് ദേബ്ജിത്തിന്റെ ദേഹത്ത് തട്ടി വലയിലേക്ക് വീണു. ഇതോടെ ഈസ്റ്റ് ബംഗാള്‍ തകര്‍ന്നു. ആദ്യ പകുതിയില്‍ രണ്ടു ഗോളിന്റെ ലീഡ് ബെംഗളൂരു സ്വന്തമാക്കി.

  രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചപ്പോള്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് ബെംഗളൂരു കളിച്ചത്. രണ്ടാം പകുതിയില്‍ ബ്രൈറ്റും മഗോമയുമെല്ലാം നന്നായി തന്നെ പരിശ്രമിച്ചു. പകരക്കാരനായി എത്തിയ ആരോണിന് രണ്ടാം പകുതിയില്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന് ഈസ്റ്റ് ബംഗാളിനായി സ്‌കോര്‍ ചെയ്യാനായില്ല. പിന്നീട് മികച്ച അവസരം സൃഷ്ടിക്കാനാവാതെ ഈസ്റ്റ് ബംഗാള്‍ തലതാഴ്ത്തി മടങ്ങി.

  സുനിൽ ഛേത്രിയെന്ന ഇതിഹാസതാരം

  2002 ൽ മോഹൻ ബഗാനിലൂടെ ഇന്ത്യന്‍ ഫുട്ബോളിലേക്കുള്ള വരവറിയിച്ച താരമാണ് സുനിൽ ഛേത്രി. മോഹന്‍ ബഗാന് ശേഷം ജെസിടി, ഈസ്റ്റ് ബംഗാള്‍, ഡെംപോ, കന്‍സാസ് സിറ്റി, ചിരാഗ് യുനൈറ്റഡ്, ചര്‍ച്ചില്‍ ബ്രദേഴ്സ് ക്ലബ്ബുകള്‍ക്കായും ഛേത്രി കളിച്ചു. 2013ൽ ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്‍റെ പ്ലെയർ ഓഫ് ദി ഇയർ അവാർഡിനും ഛേത്രി അർഹനായി. 2007ലും 2011 ലും അവാർഡ് ഛേത്രിക്ക് തന്നെയായിരുന്നു.

  2007, 2009, 2012 വർഷങ്ങളിൽ നെഹ്‌റു കപ്പ് ഫുട്‌ബോളിലും 2011ലെ സാഫ് ചാമ്പ്യൻഷിപ്പിലും ഛേത്രി ഇന്ത്യക്ക് വേണ്ടി കളിച്ചു. 2008 ലെ എഎഫ്‌സി ചാലഞ്ച് കപ്പിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരാൻകൂടിയായിരുന്നു സുനിൽ ഛേത്രി. ഇന്ത്യന്‍ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം കൂടിയാണ് ഛേത്രി. 2013 മുതല്‍ 2015 വരെ ബെംഗളൂരു എഫ്‌സിയില്‍ കളിച്ച ഛേത്രി പിന്നീട് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിയിക്കുവേണ്ടിയും പന്ത് തട്ടി. 2016-2017 സീസണ്‍ മുതല്‍ വീണ്ടും ബെംഗളൂരു കുപ്പായത്തിലാണ് ഛേത്രി കളിക്കുന്നത്.
  Published by:Rajesh V
  First published: