നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • എഫ്.എ കപ്പ് ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടി ചെല്‍സി; പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി - ചെല്‍സി മത്സരത്തില്‍ ചെല്‍സിക്ക് ജയം

  എഫ്.എ കപ്പ് ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടി ചെല്‍സി; പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി - ചെല്‍സി മത്സരത്തില്‍ ചെല്‍സിക്ക് ജയം

  ജയത്തോടെ ചെല്‍സി ലെസ്റ്ററിനെ മറികടന്ന് പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്ത് എത്തി

  ചെല്‍സി

  ചെല്‍സി

  • Share this:
   കഴിഞ്ഞ ദിവസം എഫ്.എ കപ്പ് ഫൈനലില്‍ തങ്ങളെ തോല്‍പ്പിച്ച ലെസ്റ്ററിനോട് പകരം വീട്ടി ചെല്‍സി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ചെല്‍സി ലെസ്റ്ററിനെ മറികടന്ന് പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്ത് എത്തി. അതേസമയം ചെല്‍സിയോട് തോറ്റ ലെസ്റ്റര്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

   ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കാന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമായിരുന്ന മല്‍സരത്തിലാണ് ചെല്‍സിയുടെ വിജയം എന്നുള്ളത് അവരുടെ ജയത്തിന്റെ മാറ്റ് കൂട്ടുന്നു. പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യതക്ക് വേണ്ടി ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ലീഗില്‍ കിരീടം നേടിയ സിറ്റിയും ലെസ്റ്ററിന്റെ തോല്‍വിയോടെ രണ്ടാം സ്ഥാനം ഉറപ്പിച്ച യുണൈറ്റഡും ഇതിനോടകം ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ച് കഴിഞ്ഞു. ലീഗിലെ ആദ്യ സ്ഥാനങ്ങളില്‍ എത്തുന്ന നാലു ടീമുകളാണ് ചാമ്പ്യന്‍സ് ലീഗിലേക്ക് നേരിട്ട യോഗ്യത നേടുക എന്നിരിക്കെ മൂന്നും നാലും സ്ഥാനങ്ങളില്‍ ആരാകും വരിക എന്നറിയാന്‍ അവസാന മത്സരം വരെ കാക്കേണ്ടി വരും. നിലവില്‍ മൂന്നാമതുള്ള ചെല്‍സിക്ക് 67പോയിന്റും നാലാമതുള്ള ലെസ്റ്ററിന് 66 പോയിന്റും അഞ്ചാമതുള്ള ലിവര്‍പൂളിന് 63 പോയിന്റുമാണുള്ളത്. നിലവില്‍ ലിവര്‍പൂള്‍ ഇവരേക്കാള്‍ ഒരു മത്സരം കുറവ് മാത്രമാണ് കളിച്ചിട്ടുള്ളത്. നാളെ നടക്കുന്ന ബേണ്‍ലി ലിവര്‍പൂള്‍ മത്സരത്തില്‍ ലിവര്‍പൂള്‍ ജയിച്ചാല്‍ ലെസ്റ്റര്‍ സിറ്റി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

   Also Read-'വണ്ടര്‍ ഗോളു'മായി കവാനി; ഫുൾഹാമിനോട് സമനില വഴങ്ങി യുണൈറ്റഡ്

   മത്സരത്തിന്റെ തുടക്കം മുതല്‍ ചെല്‍സിയാണ് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചത്. ആദ്യ പകുതിയില്‍ തന്നെ വെര്‍ണര്‍ രണ്ടു തവണ വല ചലിപ്പിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ചെല്‍സിക്ക് ഗോള്‍ നിഷേധിക്കപ്പെട്ടു. ആദ്യത്തേതില്‍ താരം ഓഫ്‌സൈഡും രണ്ടാമത്തേതില്‍ താരത്തിന്റെ കയ്യില്‍ തട്ടിയുമാണ് പന്ത് വലയില്‍ കയറിയത്. കൂടാതെ പെനാല്‍ട്ടിക്ക് വേണ്ടിയുള്ള ചെല്‍സിയുടെ അപ്പീല്‍ റഫറി നിഷേധിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ പ്രതിരോധ താരം റൂഡിഗറിന്റെ ഗോളില്‍ ചെല്‍സി മത്സരത്തില്‍ മുന്‍പിലെത്തി. തുടര്‍ന്ന് ലെസ്റ്റര്‍ ബോക്‌സില്‍ വെര്‍ണറിനെ ഫൗള്‍ ചെയ്തതിന് ചെല്‍സിക്ക് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി ഗോളാക്കി ജോര്‍ഗീഞ്ഞോ ചെല്‍സിയുടെ ലീഡ് ഉയര്‍ത്തുകയും ചെയ്തു. ചെല്‍സി താരം കോവാസിച്ചിന്റെ പിഴവില്‍ നിന്ന് ലെസ്റ്റര്‍ താരം ഇഹനാചോ ഒരു ഗോള്‍ മടക്കി തിരിച്ചുവരാന്‍ നോക്കിയെങ്കിലും തുടര്‍ന്ന് സമനില ഗോള്‍ നേടാന്‍ ലെസ്റ്ററിനായില്ല.

   ലീഗില്‍ ഓരോ മത്സരം വീതം ബാക്കിയുള്ള ഇരു ടീമുകള്‍ക്കും ജയവും അനിവാര്യമാണ്. ചെല്‍സിക്ക് ആസ്റ്റണ്‍ വില്ലയും ലേസ്റ്ററിന് ടോട്ടനുവുമാണ് എതിരാളികള്‍. ചെല്‍സിയെ അപേക്ഷിച്ച് ലെസ്റ്ററിന് അവസാന മത്സരം അല്പം കടുപ്പമുള്ളതാണ്. പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ശേഷം ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും മത്സരമുണ്ട്. മെയ് 29ന് നടക്കുന്ന മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ചെല്‍സിയുടെ എതിരാളികള്‍.
   Published by:Jayesh Krishnan
   First published:
   )}