HOME » NEWS » Sports » CHELSEA STAR PLAYER MAOSN MOUNT IN PRAISE OF INDIAN CRICKETS NEW SENSATIONS WASHINGTON SUNDAR AND SHUBHMAN GILL JK

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ചെല്‍സിയില്‍ നിന്നും ഒരു ആരാധകന്‍; വാഷിങ്ടണ്‍ സുന്ദറിന്റെയും ഗില്ലിന്റെയും പ്രകടനങ്ങളെ പ്രശംസിച്ച് ചെല്‍സി താരം മേസണ്‍ മൗണ്ട്

ചെല്‍സിയുടെ ഇംഗ്ലീഷ് താരമായ മേസണ്‍ മൗണ്ടാണ് ഇന്ത്യന്‍ ടീമിനോടുള്ള ഇഷ്ടം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്

News18 Malayalam
Updated: June 4, 2021, 7:05 PM IST
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ചെല്‍സിയില്‍ നിന്നും ഒരു ആരാധകന്‍; വാഷിങ്ടണ്‍ സുന്ദറിന്റെയും ഗില്ലിന്റെയും പ്രകടനങ്ങളെ പ്രശംസിച്ച് ചെല്‍സി താരം മേസണ്‍ മൗണ്ട്
Mason Mount
  • Share this:
ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏതെന്ന് ചോദിച്ചാല്‍ ക്രിക്കറ്റ് പിന്തുടരുന്ന ഏതൊരാള്‍ക്കും ഉത്തരം പറയാന്‍ അധികം സമയം വേണ്ടി വരില്ല. അവര്‍ പറയുന്ന ഉത്തരം ഇന്ത്യന്‍ ടീം എന്നായിരിക്കും. അതിനുകാരണം ഇന്ത്യന്‍ ക്രിക്കറ്റ് ടീം കൈവരിക്കുന്ന മികച്ച നേട്ടങ്ങളും കൂടാതെ ഇന്ത്യന്‍ ജനതക്ക് ക്രിക്കറ്റ് എന്ന കളിയോടുള്ള ഭ്രാന്തമായ ആവേശം കൂടിയാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീം ലോകത്ത് ഏത് കോണില്‍ കളിച്ചാലും മത്സരം നടക്കുന്ന സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരിക്കും. ഇന്ത്യയുടെ ആരാധക കൂട്ടമായ ഭാരത് ആര്‍മി, ദേഹമാസകലം പെയിന്റ് പൂശി ഇന്ത്യയുടെ ത്രിവര്‍ണ പതാകയേന്തി മത്സരം കാണാന്‍ എത്തുന്ന കടുത്ത സച്ചിന്‍ ആരാധകനായ സുധീര്‍ കുമാര്‍ ചൗധരി എന്നിവര്‍ ഇതില്‍ പ്രമുഖരാണ്. ഇപ്പോഴിതാ ഇവരുടെ കൂട്ടത്തിലേക്ക് ഒരു പ്രമുഖ വ്യക്തി കൂടി കടന്നു വന്നിരിക്കുന്നു. ചെല്‍സിയുടെ ഇംഗ്ലീഷ് താരമായ മേസണ്‍ മൗണ്ടാണ് ഇന്ത്യന്‍ ടീമിനോടുള്ള ഇഷ്ടം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.

ഇന്ത്യയുടെ കളികള്‍ സമയം ലഭിക്കുമ്പോള്‍ താന്‍ കാണാറുണ്ടെന്നും യുവതാരങ്ങളായ വാഷിംഗ്ടണ്‍ സുന്ദറും, ശുഭ്മാന്‍ ഗില്ലുമാണ് തന്റെ പ്രിയപ്പെട്ട താരങ്ങള്‍ എന്നും ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും മേസണ്‍ മൗണ്ട് പറഞ്ഞു. കഴിഞ്ഞ ദിവസം 'സര്‍ട്ടിഫൈഡ് ചെല്‍സി' എന്ന ഓണ്‍ലൈന്‍ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ക്രിക്കറ്റിനെക്കുറിച്ചും, ഇന്ത്യന്‍ യുവ ക്രിക്കറ്റര്‍മാരെക്കുറിച്ചും മൗണ്ട് മനസ് തുറന്നത്.

'സര്‍ട്ടിഫൈഡ് ചെല്‍സി'യില്‍ പങ്കെടുക്കവെ ഇന്ത്യന്‍ ക്രിക്കറ്റിനെ പിന്തുടരുന്നുണ്ടോയെന്ന് അവതാരകനായ അര്‍ജുന്‍ കപൂര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മത്സരങ്ങള്‍ പിന്തുടരാന്‍ സമയമില്ലാത്തതിനാല്‍ താന്‍ ഹൈലൈറ്റ്‌സുകളാണ് കാണാറുള്ളത് എന്ന് പറഞ്ഞ മൗണ്ട്, തന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റര്‍മാരായി യുവ താരങ്ങളായ ശുഭ്മാന്‍ ഗില്ലിനേയും, വാഷിംഗ്ടണ്‍ സുന്ദറിനെയും തിരഞ്ഞെടുക്കുകയായിരുന്നു.

Also Read-കോഹ്ലിയുടേയും വില്യംസണിൻ്റേയും നായകഗുണങ്ങളുടെ സവിശേഷതകൾ വിലയിരുത്തി ബ്രണ്ടൻ മക്കല്ലം

'തിരക്കാര്‍ന്ന ഷെഡ്യൂള്‍ കാരണം ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ സമയം കിട്ടാറില്ല. എന്നാലും ചില കളികളുടെ ഹൈലൈറ്റ്‌സ് ഞാന്‍ കാണാറുണ്ട്. ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് നിരവധി മികച്ച കളികാര്‍ കടന്നു വരുന്നുണ്ടെന്ന് എനിക്കറിയാം. ശുഭ്മാന്‍ ഗില്ലും, വാഷിംഗ്ടണ്‍ സുന്ദറും സമര്‍ത്ഥരായ രണ്ട് മികച്ച കളികാരാണ്. ഒരു മികച്ച ടീമിലാണ് അവര്‍ കളിക്കുന്നത്.'' മേസണ്‍ മൗണ്ട് പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയിലേക്ക് ഉള്ള വാഗ്ദാനങ്ങള്‍ എന്ന് വിശേഷിക്കപ്പെടുന്ന കളികാരാണ് ശുഭ്മാന്‍ ഗില്ലും, വാഷിംഗ്ടണ്‍ സുന്ദറും. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ കാഴ്ച വെച്ച ഇവര്‍ നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലാണുള്ളത്.

അതേസമയം, ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ കിരീടം നേടിയ ചെല്‍സി ടീമിലെ അംഗമാണ് മേസണ്‍ മൗണ്ട്. പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ടീം നടത്തുന്ന മികച്ച പ്രകടനങ്ങളുടെ മുന്‍നിരയില്‍ ഈ ഇംഗ്ലീഷ് താരമുണ്ട്. ക്ലബ് സീസണ്‍ കഴിഞ്ഞ് നിലവില്‍ യൂറോ കപ്പിനായി ഒരുങ്ങുകയാണ് താരം. യൂറോക്കുള്ള 26 അംഗ ഇംഗ്ലണ്ട് ടീമില്‍ ഇടം നേടിയിട്ടുണ്ട്.
Published by: Jayesh Krishnan
First published: June 4, 2021, 7:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories