സമനില കൊണ്ട് കോപ്പ അമേരിക്ക പ്രയാണം തുടങ്ങി അർജൻ്റീന. ഗ്രൂപ്പ് മത്സരത്തിൽ ചിലെക്കെതിരെ 1-1 എന്ന നിലയിലാണ് കളി അവസാനിച്ചത്. സമനിലയിൽ കലാശിച്ച മത്സരത്തിൽ അർജൻ്റീനക്കായി ലയണൽ മെസ്സി മനോഹരമായ ഫ്രീകിക്ക് ഗോൾ നേടി. കളിയിൽ ഒട്ടേറെ അവസരങ്ങൾ സൃഷ്ടിച്ച താരം ഒരുക്കിക്കൊടുത്ത അവസരങ്ങൾ മുതലാക്കുന്നതിൽ സഹതാരങ്ങൾ പരാജയപ്പെട്ടതാണ് അർജൻ്റീനയുടെ സമനിലക്ക് കാരണമായത്. എഡ്വേർഡോ വർഗാസാണ് കളിയിൽ ചിലെക്കായി സമനില ഗോൾ നേടിയത്.
ചിലെയുടെ മുന്നേറ്റം കണ്ട് തുടക്കമിട്ട മത്സരത്തിൽ അർജൻ്റീനയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തി കളിച്ച അവർ ആദ്യ മിനിറ്റുകൾക്കുള്ളിൽ തന്നെ ഫ്രീകിക്ക് നേടിയെടുത്തു. സെറ്റ്പീസിൽ നിന്ന് പക്ഷേ അവർക്ക് കാര്യമായി ഒന്നും നേടാൻ കഴിഞ്ഞില്ല. അർജൻ്റൈൻ പ്രതിരോധ താരം ഒട്ടാമെൻഡി അധികം അപകടം കൂടാതെ പന്തിനെ ക്ലിയർ ചെയ്തു. ചിലെയുടെ ആദ്യ മിനിറ്റുകളിലെ ആധിപത്യം മറികടന്ന് അർജൻ്റീന പതിയെ അവരുടെ താളത്തിലേക്ക് വന്നു. പതിയെ ഗോളിലേക്ക് അവസരങ്ങൾ തുറന്നെടുത്ത അവർ ചിലെ പ്രതിരോധത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ടിരുന്നു. അർജൻ്റീന മുന്നേറാൻ തുടങ്ങിയതോടെ കൗണ്ടർ അറ്റാക്കിംഗ് അവസരങ്ങൾക്കായി ചിലെ കാത്തിരുന്നു. ഇടക്ക് കിട്ടിയ ഒരു അവസരത്തിൽ അവർ മുന്നേറിയെങ്കിലും മികച്ച രീതിയിൽ പ്രതിരോധ നിര കാത്ത് ഒട്ടാമെൻഡി അവർക്ക് മുന്നിൽ നിന്നു.
മറുവശത്ത്, അർജൻ്റീനക്കായി ലോ ചെൽസോ, ഗോൺസാലസ്, മെസ്സി, ലുവാതാരോ മാർട്ടിനസ് എന്നിവർ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അതെല്ലാം ചിലെയുടെ ഗോളി ക്ലോഡിയോ ബ്രാവോയുടെ മികവിൻ്റെ മുന്നിൽ നിഷ്പ്രഭമായി. ഇരു ടീമുകളും കളിയിൽ ഒപ്പത്തിനൊപ്പം നിന്ന സമയത്താണ് കളിയിൽ വഴിത്തിരിവായി അർജൻ്റീന ഗോൾ നേടിയത്. 33ആം മിനിറ്റിൽ അർജൻ്റീന താരമായ ലോ ചെൽസോയെ ബോക്സിനു മുന്നിൽ വെച്ച് വീഴ്‌ത്തിയതിന് റഫറി അർജൻ്റീനക്ക് അനുകൂലമായി ഫ്രീകിക്ക് വിധിച്ചു. ഫ്രീകിക്ക് എടുത്ത ലയണൽ മെസ്സി പന്തിനെ ചിലെ പ്രതിരോധ മതിലിനു മുകളിലൂടെ തൊടുത്തു വിട്ട പന്ത് ചിലെ ഗോളി ബ്രാവോക്ക് അവസരം നൽകാതെ പോസ്റ്റിൻ്റെ വലതു മൂലയിലേക്ക് പറന്നിറങ്ങി. അർജൻ്റീനക്ക് വേണ്ടി 145ആം മത്സരത്തിൽ കളിക്കാനിറങ്ങിയ താരത്തിൻ്റെ ദേശീയ ജേഴ്‌സിയിലെ 73ആം ഗോൾ. ഗോൾ വീണത് അർജൻ്റീനയുടെ ആവേശം ഉയർത്തി ലീഡ് നേടാനായി അവർ ആക്രമിച്ചു കളിച്ചു. ഇതിൻ്റെ ഭാഗമായി ലഭിച്ച ഒരു അവസരം പക്ഷേ അവർക്ക് മുതലെടുക്കാൻ കഴിഞ്ഞില്ല. ആരാലും മാർക് ചെയ്യപ്പെടാതെ ഇരുന്ന ലുവതാരോ മാർട്ടിനസിന് കിട്ടിയ അവസരം പക്ഷേ താരം പുറത്തേക്ക് അടിച്ച് കളഞ്ഞു.
Also read-Euro Cup| യൂറോ കപ്പ്: ഗോളടിക്കാൻ മറന്ന സ്‌പെയിനെ സമനിലയിൽ തളച്ച് സ്വീഡൻ
ഒരു ഗോളിൻ്റെ മുൻതൂക്കവുമായി രണ്ടാം പകുതിയിൽ ഇറങ്ങിയ അർജൻ്റീനക്ക് മുന്നിൽ വെല്ലുവിളി ഉയർത്തിക്കൊണ്ട് ചിലെ മുന്നേറ്റ നിര അവസരങ്ങൾ സൃഷ്ടിച്ച് കൊണ്ടിരുന്നു. ഇതിൽ സമ്മർദ്ദത്തിൽ ആയ അർജൻ്റീന ഫൗളുകൾ വഴങ്ങാൻ തുടങ്ങി. അതിനു അവർക്ക് വില നൽകേണ്ടി വന്നത് ഒരു സമനില ഗോൾ ആയിരുന്നു. 53ആം മിനിറ്റിൽ അർജൻ്റീന ബോക്സിൽ വർഗാസ് നടത്തിയ മുന്നേറ്റത്തിൽ ടഗ്ലാഫികോയുടെ പിഴവിൽ നിന്നാണ് അവർക്ക് സമനില ഗോൾ വഴങ്ങേണ്ടി വന്നത്. പെനാൾട്ടിക്കായി ചിലെ താരങ്ങൾ നടത്തിയ അപ്പീലിനെ തുടർന്ന് വാർ പരിശോധന നടത്തിയതിന് ശേഷമാണ് ചിലെക്ക് അനുകൂലമായി പെനാൾട്ടി വിധിച്ചത്. വിദാലിൻ്റെ ഷോട്ട് അർജൻ്റീന ഗോളി എമിലിയാനോ മാർട്ടിനസ് തടുത്തിട്ടെങ്കിലും റീബൗണ്ടിൽ നിന്നും ലഭിച്ച ഷോട്ടിൽ ചിലെ താരം വർഗാസ് തൻ്റെ ടീമിൻ്റെ സമനില ഗോൾ നേടി.
വിജയ ഗോൾ നേടാനായി പൊരുതിയ ഇരു ടീമുകളും അവരുടെ ടീമിൽ മാറ്റം വരുത്തി പുതിയ താരങ്ങളെ കളത്തിലിറക്കി. പക്ഷേ കാര്യമായ മുന്നേറ്റങ്ങൾ ഇരുഭാഗത്ത് നിന്നും ഉണ്ടായില്ല. ശേഷം കളി തീരാൻ 10 മിനിറ്റ് ബാക്കി നിൽക്കെ ലയണൽ മെസ്സി ബോക്സിലേക്ക് ഒരു നല്ല അവസരം നൽകിയെങ്കിലും പന്തിലേക്ക് തല വച്ച ഗോൺസാലസിൻ്റെ ഹെഡർ ഗോൾപോസ്റ്റിന് മുകളിലൂടെയാണ് പോയത്.
അധികസമത്തിലേക്ക് നീണ്ട കളിയുടെ മൂന്നാം മിനിറ്റിൽ വീണ്ടും മെസ്സി ഒരു അവസരം ഒരുക്കി നൽകിയെങ്കിലും ചിലെ താരം റോക്കോയുടെ സമയോചിത ഇടപെടൽ അർജൻ്റീനയെ ഗോൾ നേടുന്നതിൽ നിന്നും വിലക്കി. പിന്നീട് കളിയുടെ അവസാന മിനിറ്റിൽ ഒരു മുന്നേറ്റം നടത്തി അർജൻ്റീന കോർണർ നേടിയെടുത്തെങ്കിലും അത് ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞില്ല.
Summary
Chile drew Argentina in the Copa America match; Messi scores a free-kick goal
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Argentina, Copa America, Lionel messi