നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ടാറ്റൂ പതിച്ച് കളത്തിലേക്ക് ഇറങ്ങരുത്; ദേശീയ ഫുട്ബോൾ താരങ്ങൾക്ക് വിലക്കുമായി ചൈന

  ടാറ്റൂ പതിച്ച് കളത്തിലേക്ക് ഇറങ്ങരുത്; ദേശീയ ഫുട്ബോൾ താരങ്ങൾക്ക് വിലക്കുമായി ചൈന

  സീനിയര്‍ തലം മുതല്‍ എല്ലാ പ്രായത്തിലുമുള്ള ദേശീയ ടീമുകള്‍ക്കും നിബന്ധന ബാധകമാണ്.

  Image: Twitter

  Image: Twitter

  • Share this:
   ചൈനീസ് ഫുട്ബോൾ താരങ്ങൾക്ക് (Chinese Football Players) ശരീരത്തിൽ ടാറ്റൂ  (Tattoo) പതിപ്പിക്കുന്നതിന് വിലക്കുമായി ചൈനീസ് ഭരണകൂടം. ദേശീയ ടീമിൽ  (National team) കളിക്കുന്ന താരങ്ങൾ ടാറ്റൂ പതിക്കരുതെന്ന കർശന നിർദേശമാണ് ഭരണകൂടം പുറത്തിറക്കിയിരിക്കുന്നത്.

   "സമൂഹത്തിന് നല്ല മാതൃക" സൃഷ്ടിക്കാൻ, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്പോർട്ട് ഓഫ് ചൈന (ജിഎഎസ്) പുറപ്പെടുവിച്ച നിർദേശത്തിലാണ് താരങ്ങൾക്ക് ടാറ്റൂ പതിച്ച് കളത്തിലിറങ്ങുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. "ഫുട്ബോൾ താരങ്ങളെ കൈകാര്യം ചെയ്യുന്ന രീതികൾ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ" എന്ന തലക്കെട്ടോടെ ജിഎഎസ് (GAS) പുറത്തുവിട്ട അറിയിപ്പിലാണ് താരങ്ങളുടെ അച്ചടക്ക രീതികളെ കുറിച്ച് പറയുന്നത്.

   ഈ നിർദേശത്തിൽ ദേശീയ ടീമിലെയും അണ്ടർ 23 ടീമിലെയും കളിക്കാരെ ടാറ്റൂ പഠിക്കുന്നതിൽ നിന്നും കർശനമായി വിലക്കിയിട്ടുണ്ട്. നിലവില്‍ ആരെങ്കിലും ടാറ്റൂ പതിച്ചിട്ടുണ്ടെങ്കില്‍ അതു മായ്ച്ചുകളയുകയോ കളിക്കാനിറങ്ങുമ്പോള്‍ ഫുള്‍സ്ലീവ് ജഴ്‌സി ധരിച്ചോ, ബാന്‍ഡേജ് ഒട്ടിച്ചോ അത് മറയ്ക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

   അതേസമയം, അണ്ടർ 20 തലത്തിലുള്ള ഫുട്ബോൾ താരങ്ങളെ തിരഞ്ഞെടുക്കുമ്പോൾ ശരീരത്തിൽ ടാറ്റൂ പതിപ്പിച്ചവരെ എടുക്കേണ്ടതില്ല എന്നും നിർദേശത്തിൽ പറയുന്നു.

   ചൈനീസ് ഫുട്ബോൾ താരങ്ങളുടെ ക്രിയാത്മക മനോഭാവം പൂർണ്ണമായി പ്രകടമാക്കി കൊണ്ട് സമൂഹത്തിന് ഒരു നല്ല മാതൃക സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കമെന്ന് ജിഎഎസ് തങ്ങളുടെ പ്രസ്‌താവനയിൽ പറഞ്ഞു.

   ദേശീയ ടീമുകൾ രാജ്യത്ത് വളർന്നു വരുന്ന കായികതാരങ്ങൾക്കായി ദേശസ്നേഹ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും, കൂടുതൽ ഉത്തരവാദിത്തയോടെയും അഭിമാനത്തോടെയും രാജ്യത്തെ പ്രതിനിധീകരിക്കാനും ദേശീയ ടീമിന് വേണ്ടി മികച്ച രീതിയിൽ കളിക്കാനും പോരാടി ജയങ്ങൾ നേടാനും പ്രാപ്തരായ ടീമിനെ വാർത്തെടുക്കാനാണ് ലക്ഷ്യം വെക്കേണ്ടതെന്നും നിർദേശത്തിൽ പറയുന്നു.

   അതേസമയം, ഇതാദ്യമായല്ല ചൈനയിൽ ടാറ്റൂവിന് വിലക്ക് വരുന്നത്. 2018-ൽ, ഹിപ് ഹോപ്പ് സംസ്കാരം, ഉപസംസ്കാരം, അധാർമ്മിക സംസ്കാരം എന്നിവ അടിച്ചമർത്തൽ നേരിട്ടിരുന്ന സമയത്ത് ടാറ്റൂ പതിപ്പിച്ച അഭിനേതാക്കളെ മാധ്യമങ്ങളിൽ അവതരിപ്പിക്കേണ്ടതില്ല എന്ന് ചൈനയിലെ മാധ്യമ റെഗുലേറ്റർ ഉത്തരവിറക്കിയിരുന്നു.

   ടാറ്റൂ പതിപ്പിച്ച ചിത്രങ്ങൾ ടിവിയിൽ കാണിക്കുന്നതിൽ ഇപ്പോഴും ചൈനയിൽ നിയന്ത്രണമുണ്ട്. അവ മങ്ങിച്ചതിന് ശേഷം മാത്രമേ ടിവിയിൽ അവതരിപ്പിക്കാനോ പ്രദര്ശിപ്പിക്കാനോ കഴിയുകയുള്ളൂ.
   Published by:Naveen
   First published: