ഇന്റർഫേസ് /വാർത്ത /Sports / Tokyo Olympics | പ്രതീക്ഷകള്‍ക്ക് വിരാമം; മീരഭായ്ക്ക് വെള്ളി മെഡല്‍ തന്നെ, ചൈനീസ് താരത്തിന്റെ ഉത്തേജക പരിശോധന കഴിഞ്ഞു

Tokyo Olympics | പ്രതീക്ഷകള്‍ക്ക് വിരാമം; മീരഭായ്ക്ക് വെള്ളി മെഡല്‍ തന്നെ, ചൈനീസ് താരത്തിന്റെ ഉത്തേജക പരിശോധന കഴിഞ്ഞു

മീരാഭായ് ചാനു

മീരാഭായ് ചാനു

ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്താനായില്ലെന്നാണ് ഫലം വന്നിരിക്കുന്നത്.

  • Share this:

ഒളിമ്പിക്സ് ഭാരദ്വോഹനത്തില്‍ ഇന്ത്യയുടെ മീരാഭായ് ചാനു നേടിയ വെള്ളി മെഡല്‍ സ്വര്‍ണമാകുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചു. ചൈനീസ് താരത്തിന്റെ പരിശോധന കഴിഞ്ഞതോടെയാണിത്. സ്വര്‍ണം നേടിയ ചൈനീസ് താരം ഉത്തേജകം ഉപയോഗിച്ചതായി സംശയമുയര്‍ന്നതിനാല്‍ ചാനുവിന്റെ വെള്ളി നേട്ടം സ്വര്‍ണമായേക്കുമെന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്താനായില്ലെന്നാണ് ഫലം വന്നിരിക്കുന്നത്. അന്താരാഷ്ട്ര പരിശോധന ഏജന്‍സിയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി ആരോപണം ഉയര്‍ന്നവരുടെ പേരുകള്‍ രഹസ്യമാക്കി വയ്ക്കാറില്ലെന്നും ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു. മത്സര ശേഷം ചൈനീസ് താരത്തോട് ടോക്യോയില്‍ തന്നെ തുടരാന്‍ പരിശോധന ഏജന്‍സി നിര്‍ദേശിച്ചിരുന്നു.

മത്സരത്തില്‍ 210 കിലോ ഉയര്‍ത്തിയാണ് ചൈനയുടെ ഹോ സുഹ്യു സ്വര്‍ണം നേടിയത്. ഒളിമ്പിക്സ് റെക്കോര്‍ഡ് ആണ് 210 കിലോ ഉയര്‍ത്തി ചൈനീസ് താരം ടോക്യോയില്‍ ഇത്തവണ കുറിച്ചത്. സ്‌നാച്ചില്‍ 94 കിലോഗ്രാം എന്ന പുതിയ ഒളിമ്പിക് റെക്കോര്‍ഡ് സ്ഥാപിച്ച സുഹ്യു, ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 116 കിലോയുമായി മറ്റൊരു ഒളിമ്പിക് റെക്കോര്‍ഡ് കൂടി സ്വന്തം പേരില്‍ ചേര്‍ത്തു. സ്‌നാച്ചില്‍ മീരഭായ് 87ഉം ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 115ഉം ഉയര്‍ത്തി. അവസാന ശ്രമത്തില്‍ 117 കിലോ ഉയര്‍ത്തിയെങ്കിലും മീരാഭായിക്ക് ലിഫ്റ്റ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തില്‍ 202 കിലോഗ്രാം ഉയര്‍ത്തിയാണ് 26കാരിയായ ചാനു ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയത്. 2000ല്‍ സിഡ്നി ഒളിമ്പിക്സില്‍ വെങ്കലം നേടിയ കര്‍ണ മല്ലേശ്വരിക്കു ശേഷം ഒളിമ്പിക്സില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ചാനു മാറി.

2016ല്‍ റിയോ ഒളിമ്പിക്സില 48 കിലോ വിഭാഗം ഭാരോദ്വാഹന മത്സരത്തില്‍ ആറു ശ്രമങ്ങളില്‍ ഒരിക്കല്‍ മാത്രമായിരുന്നു മീരഭായിക്ക് ലക്ഷ്യം ഉയര്‍ത്താനായത്. അന്ന് നിറഞ്ഞ കണ്ണുകളുമായി തല കുനിച്ച് മടങ്ങിയ മീരാഭായ് ചാനുവിന് അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ടോക്യോവില്‍ സ്വപ്നം നിറവേറിയിരിക്കുകയാണ്. മെഡല്‍ പട്ടികയില്‍ തന്റെ രാജ്യത്തെ രണ്ടാം സ്ഥാനത്തെത്തിച്ച വെള്ളി മെഡല്‍ നേട്ടമാണ് മീര സ്വന്തമാക്കിയത്. ഒളിമ്പിക്സ് ചരിത്രത്തില്‍ ആദ്യമായി ആയിരുന്നു ഇന്ത്യ മെഡല്‍ പട്ടികയില്‍ രണ്ടാമത് എത്തിയത്.

മെഡല്‍ നേട്ടത്തിന് ശേഷം സന്തോഷം അടക്കിപ്പിടിക്കാന്‍ സാധിക്കാതിരുന്ന ചാനു ആദ്യം തന്റെ പരിശീലകനെ ആലിംഗനം ചെയ്തു. പിന്നെ ചെറുതായി ചുവടുവെച്ച ശേഷമാണ് വിജയപീഠത്തിലേറി മെഡല്‍ കഴുത്തിലണിഞ്ഞത്. തന്റെ ഇഷ്ട വിഭവമായ 'പീസ' കഴിച്ച് വിജയം ആഘോഷിക്കുമെന്നായിരുന്നു ചാനുവിന്റെ ആദ്യ പ്രതികരണം. 'ഒരു പീസ കഴിച്ചിട്ടാകാം ഇനി എന്തും. എനിക്ക് പീസ വളരേ ഇഷ്ടമാണ്. എന്നാല്‍ ഏറെ നാളായി ഒന്ന് കഴിച്ചിട്ട്'- മെഡല്‍ സന്തോഷം പങ്കു വെച്ച് സംസാരിക്കാവെ ചാനു എന്‍ ഡി ടി വിയോട് പറഞ്ഞു.

മീരാഭായ് തന്റെ ഇഷ്ട വിഭവം പരസ്യമാക്കിയതിന് തൊട്ടുപിന്നാലെ ആജീവനാന്തം ചാനുവിന് പീസ ഓഫര്‍ ചെയ്തിരിക്കുകയാണ് ഡോമിനോസ് ഇന്ത്യ. 'അവര്‍ പറഞ്ഞത് ഞങ്ങള്‍ കേട്ടു, പീസ കഴിക്കാന്‍ ചാനു ഇനി കാത്തിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് ആജീവനാന്തം ഡോമിനോസ് പീസ ഞങ്ങള്‍ സൗജന്യമായി നല്‍കും'-കമ്പനി തൊട്ടുപിന്നാലെ ട്വീറ്റ് ചെയ്തു.

First published:

Tags: Saikhom Mirabai Chanu, Tokyo Olympics, Tokyo Olympics 2020